കോഴിക്കോട്: ഇസ്ലാമിക ആഘോഷവേദികളിൽ സ്ത്രീകളെ പ്രദർശിപ്പിക്കരുതെന്ന കാന്തപുരം എ.പി. വിഭാഗത്തിന്റെ വിവാദ സർക്കുലറിനെതിരായ വിമർശനങ്ങൾക്ക് മറുപടിയുമായി സമസ്ത എ.പി വിഭാഗം മുഖപത്രം സിറാജ്. ഇസ്ലാമിക ആഘോഷങ്ങൾക്ക് ആത്മീയമായ താത്പര്യങ്ങളുണ്ടെന്നും യുവതീ യുവാക്കൾ ഇടകലർന്ന് ആടിപ്പാടുന്നത് ആ താത്പര്യങ്ങൾക്ക് എതിരാണെന്നും എസ്‌വൈഎസ് സംസ്ഥാന ജനറൽ സെക്രട്ടറി റഹ്മത്തുല്ല സഖാഫി എളമരം എഴുതിയ ലേഖനത്തിൽ പറയുന്നു. ’ഇതാണോ ഇവരൊക്കെ സ്വ‌പ്നം കാണുന്ന പുതിയ നൂറ്റാണ്ട്?’ എന്ന തലക്കെട്ടിലുള്ള ലേഖത്തിൽ സർക്കുലറിന്റെ കാര്യം വിശദമായി പരാമർശിക്കുന്നുണ്ട്.

To advertise here,

ഇസ്‌ലാമിക ആഘോഷങ്ങൾക്കെല്ലാം ആത്മീയമായ ചില താത്പര്യങ്ങളുണ്ട്. യുവതി യുവാക്കൾ ഇടകലർന്ന് ആടിപ്പാടുന്നത് ആ താത്പര്യത്തിന് എതിരാണ്. ഈയിടെ ചിലയിടങ്ങളിൽ ദഫ് പ്രദർശനം, സ്‌കൗട്ട്, ഫ്ലവർഷോ തുടങ്ങിയ പരിപാടികളുടെ മറവിൽ ചിലർ പെൺകുട്ടികളെ രംഗത്തിറക്കിയ പശ്ചാത്തലത്തിൽ കൂടിയാണ് പണ്ഡിതന്മാർ പ്രത്യേകം പ്രസ്‌താവന ഇറക്കിയത്. ഇത് തീർത്തും മുസ്‌ലിം സമുദായത്തോട് അവരുടെ സംസ്‌കാരം കാത്തുസൂക്ഷിക്കാൻ നൽകിയ ഒരു നിർദേശം മാത്രമാണ്. അതിൽ ചിലർ അരിശം കൊള്ളുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല എന്നും ലേഖനത്തിൽ പരാമർശിക്കുന്നു.

’കഴിഞ്ഞ 27-ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ഇസ്ലാം മത വിശ്വാസികൾക്കായി പുറത്തിറക്കിയ സർക്കുലറിൽ മതപരമായ ആഘോഷങ്ങളിൽ ചില ജാഗ്രത ആവശ്യമാണെന്ന് അണികളെ ഉണർത്തിയിരുന്നു. അതിൽ അന്യസംസ്കാരങ്ങൾ മതാഘോഷങ്ങളിലേക്ക് കൂട്ടിക്കലർത്തുന്നതും പൊതുസ്ഥലങ്ങളിൽ യുവതി യുവാക്കൾ പരിപാടികളിൽനിന്ന് ഒഴിവാകണമെന്ന്‌ പ്രത്യേകം പരാമർശിച്ചിരുന്നു.

ധാർമിക സദാചാര കാര്യങ്ങളിൽ ഇസ്ലാം ഉയർത്തിപ്പിടിക്കുന്ന മൂല്യബോധത്തിൻ്റെ ഭാഗമാണ് പണ്ഡിത സഭയുടെ നിർദേശം. മത നിയമങ്ങളനുസരിച്ച് ജീവിക്കാൻ താൽപര്യമുള്ള വിശ്വാസികളോടാണ് ഈ ഉണർത്തൽ. ഇതാണ് ഇപ്പോൾ ചിലർ വിവാദമാക്കുകയും വലിയ പ്രതിഷേധ പ്രസ്താവനകളുമായി രംഗത്തിറങ്ങാൻ കാരണമാക്കുകയും ചെയ്തിരിക്കുന്നത്’, ലേഖനത്തിൽ പറയുന്നു.

നബിദിനാഘോഷ റാലികളിൽ പെൺകുട്ടികളേയും സ്ത്രീകളേയും പങ്കെടുപ്പിച്ചതിന് പിന്നാലെയാണ് സ്ത്രീകൾ പൊതുനിരത്തിലും പൊതുവേദിയിലും അന്യപുരുഷന്മാർക്കൊപ്പം പ്രത്യക്ഷപ്പെടരുതെന്ന നിർദേശവുമായി കാന്തപുരം വിഭാഗം സർക്കുലർ പുറത്തിറക്കിയത്. ഇതിനെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങളും വിവാദങ്ങളും ഉയർന്നിരുന്നു.

പിന്നീട്, കൊച്ചിയിൽ നടന്ന കേരള മുസ്‌ലിം ജമാഅത്തിന്റെ ഹുബ്ബുറസൂൽ സമ്മേളനത്തിൽ ഈ നിലപാട് എ.പി. അബൂബക്കർ മുസ്‌ലിയാർ ആവർത്തിച്ചു. സ്ത്രീകൾ വീട്ടിൽ അടങ്ങിയൊതുങ്ങി ജീവിക്കണമെന്നും സ്ത്രീകൾ പൊതുരംഗത്തിറങ്ങുന്നതിരേയും അദ്ദേഹം പരാമർശം നടത്തുകയുണ്ടായി.

സ്ത്രീകൾ പൊതുരംഗത്തേക്ക് വരുന്നത് തടയുന്നത് അവരോടുള്ള ബഹുമാനംകൊണ്ടാണ്. സ്ത്രീകൾ രംഗത്തിറങ്ങിയാൽ നാശമുണ്ടാകുമെന്നതിനാലാണ് ഇസ്‌ലാം അവർക്ക് പർദ സമ്പ്രദായം നിശ്ചയിച്ചിട്ടുള്ളത്. ഖുർആൻ പഠിപ്പിക്കുന്നതും അങ്ങനെയാണ്. ബുദ്ധിപരമായി ആലോചിച്ചാലും ഇതുതന്നെയാണ് ഏറ്റവും വലിയ സംഗതി. തങ്ങൾക്ക് ഈകാര്യങ്ങൾ പറയാൻ എന്ത് അധികാരമെന്ന് മറ്റു സംഘടനകളോ ആളുകളോ ചോദിച്ചാൽ, തങ്ങളുടെ അധികാരം മതത്തെ സംബന്ധിച്ച് പഠിച്ചവരാണ് എന്നതാണെന്നും അതുകൊണ്ട് സമുദായത്തോട് ഇതു പറയൽ തങ്ങളുടെ നിർബന്ധ ബാധ്യതയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.