
മലപ്പുറം: ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനെ തുടർന്ന് ജീവനൊടുക്കിയ ഓട്ടോഡ്രൈവർക്കെതിരെ വ്യക്തിഹത്യ നടത്തിയ യൂത്ത് ലീഗ് ദേശീയ സെക്രട്ടറി സി.കെ. ഷാക്കിറിനെതിരെ നടപടി. യൂത്ത് ലീഗ് ദേശീയ സെക്രട്ടറി സ്ഥാനം ഉൾപ്പെടെ പാർട്ടിയിൽ തിരഞ്ഞെടുക്കപ്പെട്ട എല്ലാ പദവികളിൽനിന്നും ഷാക്കിറിനെ നീക്കി. മുസ്ലീം ലീഗ് സംസ്ഥാന കമ്മറ്റിയുടെ ശുപാർശ സ്വീകരിച്ചാണ് നടപടി.
കൊണ്ടോട്ടി സബ് ആർ.ടി. ഓഫീസിലെ എംവിഐമാർക്കെതിരെ സാമൂഹികമാധ്യമത്തിൽ കുറിപ്പിട്ട് ജീവനൊടുക്കിയ ഓട്ടോ ഡ്രൈവറായ ഷൗക്കത്തലിക്കെതിരെ ഫെയ്സ് ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഷാക്കിറിന്റെ അധിക്ഷേപ പരാമർശങ്ങൾ. ഷൗക്കത്തലിയുടെ മരണത്തിന് തൊട്ടുപിന്നാലെയിട്ട ഈ പോസ്റ്റ് പിന്നീട് വലിയ വിവാദമായതോടെ ഷാക്കിർ പിൻവലിക്കുകയും ചെയ്തിരുന്നു.
യുക്തിവാദം തലക്ക് കയറിയാണ് യുവാവ് ആത്മഹത്യ ചെയ്തതെന്നും മാധ്യമങ്ങളും നവമാധ്യമങ്ങളും തെറ്റായ നിരീക്ഷണമാണ് ഇക്കാര്യത്തിൽ നടത്തി കൊണ്ടിരിക്കുന്നതെന്നുമായിരുന്നു സി.കെ. ഷാക്കിറിന്റെ ആരോപണം. മോട്ടോർവെഹിക്കിൾ ഉദ്യോഗസ്ഥരുടെ നടപടിയെ അദ്ദേഹം ന്യായീകരിക്കുകയും ചെയ്തു.
ആത്മഹത്യ ചെയ്യാൻ പോകുന്നു എന്ന് ആ മനുഷ്യൻ ഫേസ്ബുക്കിൽ കുറിപ്പ് ഇടുന്നുണ്ട്. മനുഷ്യനെ കുറിച്ചും ഈ ലോകത്തെ കുറിച്ചുമൊക്കെ അദ്ദേഹത്തിന് വേറിട്ട അഭിപ്രായമായിരുന്നു. സാമാന്യ ബുദ്ധിയുള്ളവർക്കും വിശ്വാസികൾക്കും ഉൾകൊള്ളാൻ കഴിയുന്നതല്ല അദ്ദേഹത്തിന്റെ നിരീക്ഷണങ്ങൾ. അത് അദ്ദേഹത്തിന്റെ സ്വാതന്ത്ര്യമാണ്. എന്നാൽ നിലവിലെ നിയമ പ്രകാരം ഇക്കാര്യത്തിൽ എംവിഡി കുറ്റക്കാരല്ല. മോഡിഫിക്കേഷൻ നിയമം എടുത്തു കളയണോ എന്ന് എംവിഡി തീരുമാനിക്കട്ടെ എന്നുൾപ്പെടെയായിരുന്നു ഷാക്കിറിന്റെ വിവാദ ഫെയ്സ് ബുക്ക് പോസ്റ്റ്.
അതേസമയം, ഓട്ടോ ഡ്രൈവറുടെ ആത്മഹത്യയിൽ മോട്ടോർ വാഹനവകുപ്പ് അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ ഗതാഗത കമ്മിഷണർ മലപ്പുറം ആർടിഒയോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോർട്ട് തയ്യാറാക്കൽ പുരോഗമിക്കുകയാണെന്നും ശനിയാഴ്ച കൈമാറുമെന്നും അധികൃതർ പറഞ്ഞു.
10 മാസം ശ്രമിച്ചിട്ടും ഓട്ടോറിക്ഷയ്ക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതോടെയാണ് കിഴിശ്ശേരി മുണ്ടംപറമ്പ് ആനക്കല്ലിങ്ങൽ സ്വദേശി ഷൗക്കത്തലി കഴിഞ്ഞ വെള്ളിയാഴ്ച ആത്മഹത്യ ചെയ്യത്. വാഹനത്തിൽ മോഡിഫിക്കേഷൻ നടത്തിയിട്ടുണ്ടെന്നും അതൊഴിവാക്കണമെന്നും ചൂണ്ടിക്കാട്ടിയാണ് തന്നെ തടയുന്നതെന്നും നേരത്തെ ഏജന്റുമാർ മുഖേന രണ്ടുതവണ ഇതേ വാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നേടിയിട്ടുണ്ടെന്നും ഷൗക്കത്തലി സാമൂഹികമാധ്യത്തിലിട്ട കുറിപ്പിൽ പറഞ്ഞിരുന്നു.
ഏജന്റുമാർ മുഖേന കൈക്കൂലി നൽകാതെ മോട്ടോർ വാഹനവകുപ്പിൽ ഒന്നും നടക്കില്ലെന്ന സൂചനകളായിരുന്നു ഷൗക്കത്തലിയുടെ കുറിപ്പിലുണ്ടായിരുന്നത്. പോസ്റ്റിട്ട് ഒരു മണിക്കൂറിനകം യുവാവിനെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.
Content Highlights: Youth League National Secretary C.K. Shakir removed from all party posts., Action taken following Muslim League state committee recommendation., Controversial social media post targeted deceased auto driver Shoukathali., MVD probe underway regarding fitness certificate denial and corruption allegations.
Published: 29 Aug 2026, 11:29 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented