മട്ടന്നൂർ: ക്രിമിനലുകളെ എംപിമാരും എംഎൽഎമാരുമാക്കി ആർഎസ്എസ് പുതിയ മാതൃക സൃഷ്ടിക്കുകയാണെന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.വി.ജയരാജന്റെ വിമർശനത്തിന് മറുപടിയുമായി സി. സദാനന്ദൻ. എം.പിയായി വിലസുന്നതു തടയാൻ താങ്കൾ മതിയാവില്ലെന്നും അതിന് സഖാവിന്റെ സൈന്യവും പോരാതെവരുമെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.
കമ്മ്യൂണിസ്റ്റുകാരെ ജയിലിലാക്കിയത് പരമോന്നത നീതിപീഠമാണെന്നും നേതാക്കൾ ബോംബും വാളും മഴുവുംനൽകി പറഞ്ഞയച്ചതനുസരിച്ച് കൊടുംക്രൂരത കാണിച്ചതിനുള്ള ശിക്ഷയ്ക്ക് ഇപ്പോൾ വിലപിച്ചിട്ട് കാര്യമില്ലെന്നും അദ്ദേഹം വിമർശിച്ചു.
രാഷ്ട്രപതിയുടെ ഉത്തരവിലൂടെയും പ്രധാനമന്ത്രിയുടെ നിർദ്ദേശത്തിലുമാണ് താൻ രാജ്യസഭാംഗമായത്. അത് പ്രസ്ഥാനത്തിനായി ജീവൻ വെടിഞ്ഞവർ (അല്ല നിങ്ങൾ കൊത്തിക്കീറി സംഹരിച്ചവർ) നെഞ്ചേറ്റിയ ആദർശത്തിന്റെ സാക്ഷാത്ക്കാരമായാണ്. പ്രസ്ഥാനം പഠിപ്പിച്ചതനുസരിച്ച് ദശാബ്ദങ്ങളായി നടത്തുന്ന സാമൂഹ്യസേവനത്തിനുള്ള അംഗീകാരമായാണ്. അതിൽ അസഹിഷ്ണുത പൂണ്ട്, വെറികൊണ്ട് കലിതുള്ളി തൊണ്ട പൊട്ടിക്കേണ്ട. നിങ്ങളുടെ അടിമത്തം പേറാൻ മനസ്സില്ലെന്ന് ചങ്കൂറ്റത്തോടെ പ്രഖ്യാപിച്ചതിന്റെ പേരിൽ ദുരിതം പേറേണ്ടിവന്ന അനേകായിരം അമ്മമാരുടെ, കുടുംബങ്ങളുടെ ആശിർവാദം തനിക്കൊപ്പമുണ്ട്. നാട്ടിൽ നന്മ പുലർന്നു കാണാനാഗ്രഹിക്കുന്ന ലക്ഷങ്ങളുടെ പിന്തുണയുണ്ട്. അതുകൊണ്ട് ആ വാറോല മടക്കിക്കെട്ടി അങ്ങ് അലമാരയിൽ വെച്ചാൽ മതി, സി സദാനന്ദൻ ഫേയ്സ്ബുക്ക് കുറിപ്പിൽ പറയുന്നു.
സിപിഎം ബ്രാഞ്ച് സെക്രട്ടറിയായിരുന്ന ജനാർദനനെ ക്രൂരമായി ആക്രമിച്ച് വധിക്കാൻ ശ്രമിച്ച കേസിലെ പ്രതിയാണ് സി.സദാനന്ദനെന്നും കമ്യൂണിസ്റ്റുകാരെ ജയിലിലടച്ച് എംപിയായി വിലസാമെന്ന് സദാനന്ദൻ കരുതേണ്ടെന്നും രാഷ്ട്രീയ വിശദീകരണ യോഗത്തിൽ എം.വി.ജയരാജൻ വിമർശിച്ചിരുന്നു. മലേഗാവ് സ്ഫോടനക്കേസിലെ പ്രതി പ്രഗ്യാസിങ് താക്കൂറിന്റെ സ്ഥാനം ഇപ്പോൾ പാർലമെന്റിൽ ഒഴിവുണ്ട്. ഈ അഭാവം പരിഹരിക്കാനാണ് സദാനന്ദനെ എംപിയാക്കിയതെന്നും ജയരാജൻ പറഞ്ഞു.
30 വർഷത്തിനുശേഷം കള്ളക്കേസിൽ ജയിലിലടച്ച സിപിഎം പ്രവർത്തകർ തെറ്റുചെയ്തവരല്ലെന്ന് നാട്ടിൽ എല്ലാവർക്കുമറിയാം. നാടിന് കൊള്ളരുതാത്തവരാണ് ആർഎസ്എസുകാർ. കോൺഗ്രസും ആർഎസ്എസിന്റെ പാതയിലാണ്. കോൺഗ്രസിലേക്ക് പോകുന്നത് പിന്നീട് ആർഎസ്എസിലേക്ക് ചേക്കേറാനാണെന്നും ജയരാജൻ വിമർശിച്ചിരുന്നു.
Content Highlights: Sadanandan Rebuts Jayarajan
Published: 12 Aug 2025, 09:12 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented