തിരുവനന്തപുരം: തിരഞ്ഞെടുപ്പുഘട്ടത്തിൽ ഇടതുപക്ഷത്തിന് അഗ്നിപരീക്ഷണം നൽകുന്നവിധത്തിൽ ശബരിമല യുവതീപ്രവേശ കേസ് വീണ്ടും കോടതി പരിഗണിക്കുന്നു. 2019-ലെ ലോക്‌സഭാതിരഞ്ഞെടുപ്പുമുതൽ ‘ശബരിമല’ എന്നത് ഇടതുപക്ഷത്തിനും സർക്കാരിനും തലവേദനയാണ്. യുവതീപ്രവേശവിധി പുനഃപരിശോധിക്കാൻ സുപ്രീംകോടതി തീരുമാനിച്ചതോടെ, വിഷയം അല്പം ശമിച്ചതാണ്. 2021-ലെ നിയമസഭാതിരഞ്ഞെടുപ്പിൽ അത് എൽ.ഡി.എഫിനെ ബാധിച്ചതുമില്ല.

To advertise here,

എന്നാൽ, തദ്ദേശതിരഞ്ഞെടുപ്പാകുമ്പോഴേക്കും ശബരിമല സ്വർണക്കൊള്ളയാണ് ഇടതുപക്ഷത്തിന് വിനയായത്. അതിനെ ശമിപ്പിച്ച്, ജനവിശ്വാസം വീണ്ടെടുത്തുവരുന്നതിനിടയിലാണ് അയ്യപ്പസംഗമത്തിന്റെ കണക്കുകളിലെ കള്ളത്തരം പുറത്തുവന്നത്. പിന്നാലെ, ശബരിമല യുവതീപ്രവേശ വിധി പുനഃപരിശോധിക്കാനുള്ള നടപടിയിലേക്ക് സുപ്രീംകോടതിയും കടന്നു.

നവോത്ഥാനത്തിന്റെ പുതിയൊരു ഏടായി യുവതീപ്രവേശത്തെ വ്യാഖ്യാനിച്ച സർക്കാരിന് ഇപ്പോൾ അതേനിലപാടാണോയെന്ന് കോടതിയിൽ പറയേണ്ട സ്ഥിതിയായി.

പുനഃപരിശോധനാഹർജികൾ പരിഗണിക്കാൻ സുപ്രീംകോടതി പൊടുന്നനെ തീരുമാനിച്ചതാണ് സർക്കാരിനെയും എൽ.ഡി.എഫിനെയും കുഴക്കിയത്.

ശബരിമല യുവതീപ്രവേശത്തിനെതിരേ ഹർജിനൽകിയ സംഘടനയാണ് എൻ.എസ്.എസ്. സർക്കാരിന് പഴയ നിലപാടില്ലെന്ന് എൻ.എസ്.എസ്. ജനറൽ സെക്രട്ടറി പറഞ്ഞെങ്കിലും അങ്ങനെയൊരു നിലപാട് സർക്കാർ ഇതുവരെ പരസ്യപ്പെടുത്തിയിട്ടില്ല. അത് പറഞ്ഞാൽ കെ.പി.എം.എസിനെപ്പോലുള്ള നവോത്ഥാന സമിതിയിലെ സംഘടനകളെല്ലാം ഇടയും.

വി.എസിന്റെ നിർദേശം അഭയമാകുമോ

വി.എസ്. സർക്കാരിന്റെ സത്യവാങ്മൂലത്തിൽ പറഞ്ഞ കാര്യത്തിൽ അഭയംതേടാമെന്നാണ് സി.പി.എം. നേതാക്കൾ പ്രാഥമികമായി വിലയിരുത്തിയത്. യുവതീപ്രവേശത്തിന് എതിരല്ലെങ്കിലും ജാഗ്രതയോടെയുള്ള നിലപാടാണ് കേസിന്റെ തുടക്കത്തിൽ വി.എസ്. സർക്കാർ സ്വീകരിച്ചത്. ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ ഹിന്ദുപണ്ഡിതരും സമൂഹികപരിഷ്‌കർത്താക്കളും എല്ലാം ഉൾക്കൊള്ളുന്ന കമ്മിഷൻ രൂപവത്കരിക്കണമെന്നായിരുന്നു വി.എസ്. സർക്കാരിന്റെ സത്യവാങ്മൂലം. ഉമ്മൻചാണ്ടി സർക്കാർ വന്നപ്പോൾ, ഇത് മാറ്റി. യുവതീപ്രവേശത്തെ എതിർത്തു. കേസിന്റെ അവസാനഘട്ടം പിണറായി സർക്കാരാണ്. സർക്കാർ യുവതീപ്രവേശം വേണമെന്ന ആവശ്യക്കാർക്ക് ഒപ്പംനിന്നു. വിധി നടപ്പാക്കാൻ മുന്നിട്ടിറങ്ങി. വിധിക്കുശേഷം, പുനഃപരിശോധനാ ഹർജി വന്നപ്പോഴും അതിനെ എതിർത്തു.

വി.എസിന്റെ കാലത്തെ കമ്മിഷൻ ആവശ്യം ഉയർത്തി തലയൂരാനാകുമോയെന്നാണ് ഇപ്പോൾ സർക്കാരിന്റെ ശ്രമം. പക്ഷേ, പുനഃപരിശോധനാഘട്ടത്തിൽ രണ്ടുപക്ഷമായാണ് വാദം. പ്രവേശനത്തെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും. ഇതിൽ സർക്കാർ ഏതുപക്ഷത്താണെന്ന് ഉറപ്പിക്കേണ്ടതിനാൽ ‘കമ്മിഷൻ’ ആവശ്യപ്പെട്ട് ഒഴിയൽ പ്രയാസമാകും.