തിരുവനന്തപുരം: ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരായ വിവാദ പരാമർശത്തിൽ തനിക്കെതിരെ പോലീസ് കേസെടുത്ത നടപടിയെ രൂക്ഷമായി വിമർശിച്ച് ബിജെപി നേതാവും തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലറുമായ ആർ. ശ്രീലേഖ. സർക്കാരിന്റെത് ഇരട്ട നീതിയാണെന്ന് ഫെയ്സ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിൽ അവർ വിമർശിച്ചു.

To advertise here,

പ്രധാനമന്ത്രിയെ ആരെങ്കിലും അധിക്ഷേപിച്ച് സംസാരിച്ചാൽ അത് പോലീസിന് നേരിട്ട് കേസെടുക്കാനാകാത്ത മാനനഷ്ടക്കേസ് മാത്രമാണെന്നും എന്നാൽ രാഹുൽ ഗാന്ധിയെക്കുറിച്ച് എന്തെങ്കിലും പറഞ്ഞു എന്ന് പരാതി കിട്ടിയാൽ ഉടനടി ക്രിമിനൽ കുറ്റമായ കലാപാഹ്വാനത്തിന് കേസെടുക്കുകയാണെന്നും അവർ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ ആരോപിച്ചു.

രാഹുൽ ഗാന്ധിക്കെതിരായ പരാമർശത്തിൽ ശ്രീലേഖയ്ക്കെതിരെ കേസെടുത്തിരുന്നു. ബിജെപി പുനലൂരിൽ സംഘടിപ്പിച്ച ജനജാഗ്രത സദസ്സിൽ സംസാരിക്കവെയാണ് മുൻ ഡിജിപി കൂടിയായ ആർ. ശ്രീലേഖ രാഹുൽ ഗാന്ധിക്കെതിരെ വിവാദ പരാമർശങ്ങൾ നടത്തിയത്. മയക്കുമരുന്ന് ഉള്ളിൽച്ചെല്ലുമ്പോഴുള്ള വെപ്രാളമാണ് ഡൽഹിയിൽ രാഹുൽ ഗാന്ധി കാണിക്കുന്നതെന്നും അപ്പോഴുള്ള താണ്ഡവമാണ് കാണുന്നതെന്നുമായിരുന്നു ശ്രീലേഖയുടെ പ്രസംഗം. കൂടാതെ രാഹുൽ ഗാന്ധിയും മന്ത്രിമാരും പ്ലാസ്റ്റിക് കുപ്പികളെല്ലാം എറിഞ്ഞ് ഡൽഹി മലിനമാക്കുകയാണെന്നും അവർ പരിഹസിച്ചിരുന്നു. ഈ പരാമർശങ്ങൾ പ്രതിപക്ഷ നേതാവിനെ അപമാനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി പുനലൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സി. വിജയകുമാർ നൽകിയ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്.

ശ്രീലേഖയുടെ പ്രസംഗം പ്രവർത്തകരുടെ ഇടയിൽ ലഹളയുണ്ടാക്കാനുള്ള ശ്രമമാണെന്ന് ചൂണ്ടിക്കാട്ടി പുനലൂർ പോലീസാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഭാരതീയ ന്യായ സംഹിത (BNS) 192-ാം വകുപ്പ് പ്രകാരം ജാമ്യം ലഭിക്കാവുന്ന കുറ്റമാണ് അവർക്കെതിരെ ചുമത്തിയിട്ടുള്ളത്. പ്രസംഗത്തിന്റെ പേരിൽ കലാപമുണ്ടായാൽ ഒരു വർഷം വരെ തടവുശിക്ഷയും കലാപം ഉണ്ടായില്ലെങ്കിൽ ആഹ്വാനത്തിന്റെ പേരിൽ ആറു മാസം വരെ തടവുശിക്ഷയും ലഭിക്കാം.