ഗുരുഗ്രാം: ഗുരുഗ്രാമിൽ മലയാളി ദമ്പതിമാരെ ഫ്ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്.

To advertise here,

കോഴിക്കോട് കൊടുവള്ളി പുള്ളാവൂർ സ്വദേശിയായ മുഹമ്മദ് അസ്ലം (30), ഭാര്യ മലപ്പുറം കൊണ്ടോട്ടി നെടിയിരുപ്പ് സ്വദേശിനി ഫർഹാന (28) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ ഏഴ് മണിക്ക് അസ്ലമിന്റെ മെയിലിൽനിന്ന് അദ്ദേഹം ജോലി ചെയ്യുന്ന കമ്പനിയിലേക്ക് ഒരു സന്ദേശം എത്തിയിരുന്നു. 'ഞങ്ങൾ ഈ ലോകം വിട്ടുപോകുകയാണ്' എന്ന്‌ ഈ മെയിലിൽ സൂചിപ്പിച്ചിരുന്നതായാണ് കമ്പനി അധികൃതരെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്. തന്റെ മാതാപിതാക്കളുടെയും ഫ്ളാറ്റിന്റെ ഉടമയുടെയും നമ്പറുകളും അസ്ലമിന്റെ മെയിലിൽ ഉണ്ടായിരുന്നു. തുടർന്ന് കമ്പനി അധികൃതർ വിവരം ഫ്ളാറ്റുടമയെ അറിയിച്ചു. ഫ്ളാറ്റുടമ വീട്ടിലെത്തിയപ്പോൾ കണ്ടത്, അസ്ലം തൂങ്ങി നിൽക്കുന്ന നിലയിലും ഫർഹാന കഴുത്തിൽ പരിക്കുകളോടെ തറയിൽ കിടക്കുന്നതുമാണ് കാണാനായത്. ഫ്ളാറ്റുടമ ഉടൻ തന്നെ ബാദ്ഷാപുർ പോലീസിലേക്ക് വിളിച്ച് വിവരമറിയിച്ചു.

ഫ്ളാറ്റിനുള്ളിൽ നിന്ന് ''ഞങ്ങൾ ഈ ലോകം വിട്ടുപോവുകയാണ്'' എന്ന് എഴുതിയ ഒരു കുറിപ്പ് കണ്ടെത്തിയതായി പോലീസ് പറഞ്ഞു. ഫർഹാനയുടെ വസ്ത്രങ്ങളിൽ ''ഐ ലവ് യു'' എന്നും എഴുതിയിരുന്നു. ഫർഹാനയെ കൊലപ്പെടുത്തിയശേഷം അസ്ലം ജീവനൊടുക്കിയതാണെന്ന് പോലീസ് സംശയം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും പൂർണ്ണമായും സ്ഥിരീകരിച്ചിട്ടില്ല. ഇവരുടെ വീട്ടിൽനിന്ന് കണ്ടെടുത്ത തെളിവുകളുടെ അടിസ്ഥാനത്തിലാണിപ്പോൾ അന്വേഷണം പുരോഗമിക്കുന്നത്.

ഫ്ളാറ്റുടമ വിളിച്ചതിനെ തുടർന്ന് രാവിലെ എട്ട് മണിയോടെയാണ് പോലീസ് സ്ഥലത്തെത്തുന്നത്. ഫ്ളാറ്റിന്റെ വാതിൽ പൂട്ടിയിരുന്നില്ലെന്ന് പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. അപ്പാർട്ട്മെന്റിൽ നിന്ന് മൂന്ന് ലാപ്ടോപ്പുകൾ, രണ്ട് മൊബൈൽ ഫോണുകൾ, ഒരു കയർ, ഒരു ഡയറി, കത്രിക, പെൻഡ്രൈവ് എന്നിവ കണ്ടെടുത്തതായും പോലീസ് പറഞ്ഞു. 'ഞങ്ങൾ ഈ ലോകം വിട്ടുപോകുകയാണ്' എന്ന് പറയുന്ന ഒരു കുറിപ്പും ഉണ്ടായിരുന്നു. എന്നാൽ ഈ കുറിപ്പിൽ ആർക്കെതിരെയും ആരോപണങ്ങൾ ഉന്നയിച്ചിട്ടില്ലെന്ന് പോലീസ് പറഞ്ഞു. രണ്ട് മൃതദേഹങ്ങളും മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. വെള്ളിയാഴ്ച കുടുംബാംഗങ്ങളെത്തി തിരിച്ചറിഞ്ഞിട്ടുണ്ട്.

അതേസമയം മരണ കാരണം സംബന്ധിച്ച് ബന്ധുക്കൾക്കും വ്യക്തതയില്ല. ദമ്പതികൾ തമ്മിൽ യാതൊരു പ്രശ്നങ്ങളുമില്ലായിരുന്നു എന്ന് ബന്ധുക്കൾ പറഞ്ഞു, കൂടാതെ ഇവർ തമ്മിൽ വളരെ അടുത്ത ബന്ധമായിരുന്നുവെന്നും അവർ വ്യക്തമാക്കി.

വ്യാഴാഴ്ച ഫർഹാനയുടെ 28-ാം ജന്മദിനമായിരുന്നു. ബുധനാഴ്ച രാത്രി ഫർഹാനയും അസ്ലമും പുറത്തുപോയി ഭക്ഷണം കഴിച്ചതും കെയ്ക്ക് മുറിച്ചതുമെല്ലാം ഫർഹാന സാമൂഹികമാധ്യമങ്ങളിലിട്ടിരുന്നു. അപകടം സംഭവിച്ചതായാണ് വീട്ടുകാർക്ക് വ്യാഴാഴ്ച രാവിലെ വിവരം ലഭിച്ചത്. കംപ്യൂട്ടർ എൻജിനിയറായ ഫർഹാന സാമൂഹികമാധ്യമങ്ങളിലും സജീവമായിരുന്നു.

ഏകദേശം മൂന്ന് മാസം മുമ്പാണ് ഈ ദമ്പതികൾ ബെംഗളൂരുവിൽ നിന്ന് ഗുരുഗ്രാമിലേക്ക് താമസം മാറിയത്. കോഴിക്കോട് സ്വദേശിയായ അസ്ലം, ഗുരുഗ്രാമിലെ സെക്ടർ 58-ൽ ഓഫീസുള്ള ഇൻഡോനീഷ്യ ആസ്ഥാനമായുള്ള ഒരു ഐ.ടി കമ്പനിയിൽ ജോലിയിൽ പ്രവേശിച്ചിരുന്നു. ഫർഹാന ബെംഗളൂരു ആസ്ഥാനമായുള്ള ഒരു ഐ.ടി സ്ഥാപനത്തിനായി വർക്ക് ഫ്രം ഹോമിലായിരുന്നു.

അസ്ലം കഴിഞ്ഞ കുറച്ചുകാലമായി വിഷാദരോഗത്തിന് മരുന്നുകളും കൗൺസിലിംഗും എടുക്കുന്നുണ്ടായിരുന്നു എന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. എന്നാൽ മരണത്തിലേക്ക് നയിക്കാനുള്ള പ്രശ്‌നങ്ങളൊന്നും ഇവരുടെയും ജീവിതത്തിലുണ്ടായിരുന്നതായും ആരുമായും പങ്കുവെച്ചിരുന്നില്ലെന്നും ബന്ധുക്കളറിയിച്ചു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുള്ളപ്പോൾ ദിശ ഹെൽപ് ലൈനിലേക്ക് വിളിക്കുക. ടോൾ ഫ്രീ ഹെൽപ് ലൈൻ നമ്പർ 1056, 0471-2552056)