തിരുവനന്തപുരം: ഇറാനിലെ ബന്ദർ ലെംഗെ തുറമുഖത്ത് കുടുങ്ങിക്കിടക്കുന്ന കൊല്ലം പ്രാക്കുളം സ്വദേശി അക്ഷയ് ഹരീഷിന്റെ മോചനത്തിന് അടിയന്തര ഇടപെടലുമായി മന്ത്രി ബിന്ദു കൃഷ്ണ.
അലി ഷിപ്പിങ് കമ്പനിയുടെ പാം മറൈൻ എന്ന കപ്പലിൽ വാച്ച് കീപ്പറായി ജോലിചെയ്യുന്ന അക്ഷയ് ഹരീഷിന് പാസ്പോർട്ട് ഉൾപ്പെടെയുള്ള യാത്രാരേഖകളും വ്യക്തിഗത സാധനങ്ങളും നഷ്ടമായതിനെത്തുടർന്നാണ് നാട്ടിലേക്ക് മടങ്ങാൻ കഴിയാത്ത സാഹചര്യമുണ്ടായത്. നിലവിൽ ഇറാനിലെ ബന്ദർ ലെംഗെയിലുള്ള ഹോട്ടലിലാണ് യുവാവ് കഴിയുന്നത്. ആവശ്യമായ പണമോ മറ്റ് അടിസ്ഥാന സൗകര്യങ്ങളോ ഇല്ലാതെ പ്രയാസപ്പെടുന്ന സാഹചര്യത്തിൽ അക്ഷയുടെ കുടുംബം മന്ത്രി ബിന്ദു കൃഷ്ണയെ സമീപിക്കുകയായിരുന്നു.
വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കിയ മന്ത്രി അക്ഷയ് ഹരീഷുമായി ഫോണിൽ സംസാരിച്ച് നിലവിലെ സാഹചര്യം മനസ്സിലാക്കി. യുവാവിനെ സുരക്ഷിതമായി നാട്ടിലെത്തിക്കുന്നതിനും ആവശ്യമായ യാത്രാരേഖകൾ ലഭ്യമാക്കുന്നതിനും അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി, കേന്ദ്ര വിദേശകാര്യ മന്ത്രി, ഡൽഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി, ഇറാനിലെ ഇന്ത്യൻ എംബസി എന്നിവരുമായി ബന്ധപെട്ടു. തുടർന്ന് യുവാവിന്റെ മോചനത്തിനുള്ള അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് കത്തയച്ചു.
അക്ഷയ് ഹരീഷിന്റെ പാസ്പോർട്ടും സിഡിസി ബുക്കും പരിശോധനയ്ക്കായി വാങ്ങിയശേഷം തിരികെ ലഭിച്ചിട്ടില്ലെന്നും രേഖകൾ വീണ്ടെടുക്കുന്നതിനും യാത്രാരേഖകൾ ശരിയാക്കുന്നതിനും ഇടപെടൽ ആവശ്യമാണെന്നും കുടുംബം മന്ത്രിക്ക് നൽകിയ അപേക്ഷയിൽ പറയുന്നു. യുവാവിന്റെ വേഗത്തിലുള്ള മോചനത്തിന് കഴിയുന്ന എല്ലാ ഇടപെടലും നടത്തുമെന്ന് കുടുംബത്തിന് മന്ത്രി ബിന്ദു കൃഷ്ണ ഉറപ്പു നൽകി.
Content Highlights: Minister Bindu Krishna has initiated urgent diplomatic measures to secure the safe return of Akshay Harish, a Kollam native stranded in Iran without travel documents.
Published: 10 Nov 2026, 09:37 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented