കൊല്ലം: ഇരവിപുരത്ത് സായ എന്ന 26-കാരി ഭർതൃവീട്ടിൽ മരിച്ച സംഭവത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണവുമായി കുടുംബം. മകൾ ജീവനൊടുക്കില്ലെന്ന് അമ്മ റിഹാനി ഷാജി പറഞ്ഞു. സായയുടെ മരണം നടന്ന് നാല് മണിക്കൂറിന് ശേഷമാണ് കുടുംബത്തെ വിവരം അറിയിച്ചതെന്നും മകൾ മരിച്ച് 11 ദിവസത്തിന് ശേഷമാണ് പോലീസ് മൊഴിയെടുത്തതെന്നും സായയുടെ കുടുംബം പറയുന്നു. ഒക്ടോബർ 31-ാം തീയതി രാത്രിയാണ് സായയെ ഭർത്താവ് അഫ്‌സലിന്റെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

To advertise here,

'അവൾക്ക് നല്ല പേടിയായിരുന്നു. അഫ്‌സൽ ഉള്ള സമയമാണെങ്കിൽ, ഞങ്ങൾ വിളിക്കുമ്പോൾ ഫോൺ എടുക്കില്ല. മെസേജ് അയച്ചാൽ അഫ്‌സൽ കാണുമെന്ന് പറഞ്ഞ് ഡിലീറ്റ് ചെയ്യുമായിരുന്നു. മകൾ ഒരിക്കലും ജീവനൊടുക്കില്ല. ഇനി അങ്ങനെ ചെയ്യണമെങ്കിൽ അതിന് തക്കതായ എന്തെങ്കിലും അവിടെ സംഭവിച്ചിട്ടുണ്ടായിരിക്കണം. സംഭവ ദിവസം രാവിലെയും വിളിച്ചിരുന്നു. അപ്പോഴും ഒന്നും പറഞ്ഞില്ല. വാഹനത്തിന്റെ ഇഎംഐയുടെ പ്രശ്‌നമൊന്നുമല്ല മരണകാരണം. ഭർതൃവീട്ടിൽചെന്ന് പോലീസ് മൊഴിയെടുത്തിട്ടില്ല. അവിടുത്തെ സിസിടിവി പരിശോധിച്ചിട്ടില്ല. സായയുടെ ഒരു ലാപ്‌ടോപ് നഷ്ടമായിട്ടുണ്ട്. അതൊന്നും കണ്ടെത്തിയിട്ടില്ല’, സായയുടെ അമ്മ പറഞ്ഞു.

കുട്ടിക്കാലം മുതൽ ഡയറി എഴുതുന്ന ശീലമുണ്ടായിരുന്നു സായയ്ക്ക്. രണ്ട് ഡയറികളുണ്ടായിരുന്നു. എന്നാൽ, ഒരു ഡയറി മാത്രമാണ് പോലീസിന് ലഭിച്ചത്. ഭർത്താവിനേക്കുറിച്ച് പരാമർശങ്ങളുള്ള ഡയറി മാറ്റിയെന്ന സംശയമാണ് സായയുടെ കുടുംബം ഉന്നയിക്കുന്നത്. രാഷ്ട്രീയ-പണ സ്വാധീനംമൂലം പോലീസ് അന്വേഷണം അട്ടിമറിക്കുകയാണെന്ന ആരോപണവും അവർ ഉന്നയിക്കുന്നു. ഇന്നാണ് പോലീസ്, സായയുടെ കുടുംബത്തിന്റെ മൊഴിയെടുത്തത്. പിന്നാലെയാണ് കുടുംബം ആരോപണവുമായി രംഗത്തെത്തിയത്. പത്തനാപുരം സ്വദേശിയായിരുന്നു സായ.