കൊച്ചി: ഡിജെ പാർട്ടികൾ തടയാൻ പോലീസിന് കഴിയില്ലെന്ന് വ്യക്തമാക്കി, ഹോട്ടലുകൾക്ക് പോലീസ് നൽകിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി. കുറ്റകൃത്യങ്ങൾ നടക്കാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി ഡിജെ പാർട്ടികൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ പോലീസിന് അധികാരമില്ലെന്ന് കോടതി വ്യക്തമാക്കി. എഫ്.എൽ-3 ലൈസൻസ് പ്രകാരം ബാറുകൾക്കും ഹോട്ടലുകൾക്കും പുലർച്ചെ മൂന്ന് മണിവരെ പ്രവർത്തിക്കാൻ അനുമതിയുണ്ട്. ഈ അനുവദിക്കപ്പെട്ട സമയത്തിനുള്ളിൽ സ്ഥാപനം പ്രവർത്തിപ്പിക്കാൻ ഹോട്ടൽ ഉടമകൾക്ക് പൂർണ അവകാശമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

To advertise here,

കുറ്റകൃത്യങ്ങൾ വർധിക്കുന്നുണ്ടെങ്കിൽ അതിനെതിരെ നിയമപരമായ നടപടികളാണ് എടുക്കേണ്ടത്. അല്ലാതെ സ്ഥാപനങ്ങളുടെ പ്രവർത്തനം തടയുകയല്ല വേണ്ടതെന്ന് ഹൈക്കോടതി വ്യക്തമാക്കി. പോലീസിന്റെ നോട്ടീസിനെ ചോദ്യംചെയ്ത് ഹോട്ടൽ ഉടമകൾ നൽകിയ ഹർജി പൂർണമായും അംഗീകരിച്ചുകൊണ്ടാണ് ഹൈക്കോടതി പോലീസ് നടപടി റദ്ദാക്കിയത്.

കൊച്ചിയിൽ ഡിജെ പാർട്ടികളുടെ മറവിൽ വ്യാപകമായി ലഹരി ഉപയോഗവും ലഹരി കൈമാറ്റവും നടക്കുന്നുണ്ടെന്നും ഇത് വലിയ ക്രമസമാധാന പ്രശ്നങ്ങൾക്കും കുറ്റകൃത്യങ്ങൾക്കും വഴിവെക്കുന്നുണ്ടെന്നുമാണ് പോലീസ് കോടതിയിൽ വാദിച്ചത്. പുലർച്ചെവരെ നീളുന്ന ഇത്തരം പാർട്ടികൾ നിയന്ത്രിക്കണമെന്നായിരുന്നു പോലീസിന്റെ ആവശ്യം. എന്നാൽ, ലൈസൻസ് വ്യവസ്ഥകൾ അനുസരിച്ച് പ്രവർത്തിക്കുന്ന പാർട്ടികളെ ഇത്തരമൊരു കാരണംപറഞ്ഞ് തടയാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.

പ്രവർത്തന സമയക്രമത്തിൽ മാറ്റം വരുത്തണമെന്നുണ്ടെങ്കിൽ സർക്കാർ പുതിയ നിയമമോ ചട്ടമോ കൊണ്ടുവരണമെന്നും അങ്ങനെ ചട്ടം നിലവിൽവന്നാൽ മാത്രമേ പോലീസിന് കാര്യങ്ങളിൽ ഇടപെടാൻ സാധിക്കൂ എന്നും ഹൈക്കോടതി വ്യക്തമാക്കി.