
കോഴിക്കോട്: ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ അതിഥിത്തൊഴിലാളികളുടെ മൃതദേഹങ്ങൾക്ക് ലക്ഷങ്ങൾ വിലയിട്ട് ആംബുലൻസ് മാഫിയയുടെ തട്ടിപ്പ്. അടിയന്തര സാഹചര്യങ്ങളിൽ അത്യാഹിതവിഭാഗത്തിലെത്തുന്ന പാവപ്പെട്ട രോഗികളെയും ബന്ധുക്കളെയും മോർച്ചറിയിലെത്തുന്ന അതിഥിത്തൊഴിലാളികളുടെ മൃതദേഹങ്ങളും കേന്ദ്രീകരിച്ചാണ് ആംബുലൻസ് മാഫിയസംഘങ്ങൾ പ്രവർത്തിക്കുന്നത്. ചില സന്നദ്ധസംഘടനകളുടെ ചില വൊളന്റിയർമാരാണ് ഇത്തരം ചൂഷണങ്ങൾക്ക് കൂട്ടുനിൽക്കുന്നതെന്നും ആക്ഷേപമുണ്ട്.
പ്രധാനമായും മറുനാടൻ തൊഴിലാളികൾ മരണപ്പെടുന്ന സാഹചര്യങ്ങളിലാണ് ഇവർ പാക്കേജ് തട്ടിപ്പുകളുമായി രംഗത്തിറങ്ങുന്നത്. മൃതദേഹങ്ങൾ വടക്കേ ഇന്ത്യയിലേക്കും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്കും എത്തിക്കുന്നതിന് 85,000 രൂപ മുതൽ 1,50,000 രൂപ വരെയുള്ള കൂറ്റൻ ‘പാക്കേജു’കളാണ് ഇവർ ബന്ധുക്കളിൽനിന്ന് ഈടാക്കുന്നത്. ബന്ധുക്കളില്ലാത്തപക്ഷം ജോലിചെയ്യുന്ന കമ്പനി മാനേജർ, കോൺട്രാക്ടർമാർ എന്നിവർക്ക് വ്യാജവാഗ്ദാനങ്ങൾ നൽകും. ആശുപത്രിയിലെ ഡെത്ത് ബുക്കിൽനിന്നാണ് നമ്പറുകൾ ശേഖരിക്കുന്നത്. മൃതദേഹം എംബാം ചെയ്യുന്നതുമുതൽ വീട്ടിലെത്തിക്കുന്നതുവരെയുള്ളതെല്ലാം നോക്കിക്കൊള്ളാം എന്ന വ്യാജവാഗ്ദാനം നൽകിയാണ് വിളിക്കുന്നത്.
ബെംഗളൂരുവരെ ആംബുലൻസിലും അവിടെനിന്ന് ബിഹാർ, അസം തുടങ്ങിയ സ്ഥലങ്ങളിലേക്ക് വിമാനമാർഗവും മൃതദേഹം എത്തിക്കുന്നതിന് കിലോമീറ്റർ നിരക്ക് ഇരട്ടിയായി ഈടാക്കിയാണ് പാക്കേജ് പറയുക. അതിൽ വൊളന്റിയർമാർക്കുള്ള കമ്മിഷനും ടിക്കറ്റ് തരപ്പെടുത്തിനൽകുന്ന ഏജൻസികൾക്കുള്ള കമ്മിഷനും ഉൾപ്പെടുത്തിയിട്ടുണ്ടാകും. അടിയന്തരസാഹചര്യമായതിനാലും സമയമില്ലാത്തതിനാലും ബന്ധുക്കൾ മറ്റു ആംബുലൻസുകാരെ അന്വേഷിക്കാൻ തയ്യാറാകില്ല. എംബാം ചെയ്യാനും വിമാനടിക്കറ്റ് എടുക്കാനും ആശുപത്രിയിലെ നടപടിക്രമങ്ങൾ പെട്ടെന്നു തീർക്കാമെന്നൊക്കെയാണ് കമ്മിഷൻ പിടിച്ചുപറ്റാൻ നടക്കുന്ന ഇത്തരക്കാർ നൽകുന്ന വ്യാജവാഗ്ദാനങ്ങൾ. സാധാരണമായി കിലോമീറ്ററിന് 30 രൂപ മുതൽ 35 രൂപവരെയാണ് മെഡിക്കൽ കോളേജ് പരിസരങ്ങളിലെ ആംബുലൻസ് സ്റ്റാൻഡിൽ ഓടുന്ന ആംബുലൻസുകൾ ഈടാക്കുന്നത്. ഇതിലും കുറവാണ് സന്നദ്ധസംഘടനകളുടെ ആംബുലൻസ് സർവീസിന്.
ആശുപത്രിയിലെ ഡെത്ത് ബുക്കിനെ ചുറ്റിപ്പറ്റിനിന്ന് ചില വൊളന്റിയർമാർ മറുനാടൻ തൊഴിലാളികളുടെ ബന്ധുക്കളുടെ നമ്പർ കൈക്കലാക്കിയശേഷം അവരെ വിളിച്ച് ആശുപത്രി സ്റ്റാൻഡിനുപുറത്ത് ഓടുന്ന ആംബുലൻസ് ഡ്രൈവർമാരെ പരിചയപ്പെടുത്തിക്കൊടുക്കും.
അത്യാഹിതവിഭാഗത്തിൽ സാധാരണക്കാരൻ ചമഞ്ഞ് എത്തുന്ന ഏജന്റുമാരുമുണ്ട്.
സന്നദ്ധസംഘടനകളോ സ്റ്റാൻഡിൽ ഓടുന്ന ആംബുലൻസ് ഡ്രൈവർമാരോ ആശുപത്രിക്കുള്ളിൽ കയറി ഓട്ടങ്ങൾ പിടിക്കാറില്ല. അതേസമയം, ആംബുലൻസുകൾ ഇല്ലാത്ത ചില സന്നദ്ധസംഘടനകളിലെ വൊളന്റിയർമാരാണ് ഇടനിലക്കാരാകുന്നതെന്നും ആക്ഷേപമുണ്ട്. മറ്റു വൊളന്റിയർമാർക്കുകൂടിയാണ് ഇത്തരം പ്രവർത്തനങ്ങൾ കാരണം ചീത്തപ്പേരുണ്ടാകുന്നതെന്ന ആശങ്കയും ഉയരുന്നുണ്ട്.
പാവങ്ങളിൽനിന്ന് തട്ടിയെടുക്കുന്ന ലക്ഷങ്ങളിൽ ഇടനിലക്കാരനായി പ്രവർത്തിക്കുന്ന വൊളന്റിയറും ആംബുലൻസ് ഡ്രൈവർമാരും കമ്മിഷൻ തുക കൈപ്പറ്റാറുണ്ട്. പലതവണ ആശുപത്രി സൂപ്രണ്ടിനെയും പ്രിൻസിപ്പലിനെയും വിവരമറിയിച്ചിരുന്നു. കാര്യമായ നടപടികളൊന്നുമുണ്ടായില്ല. ഒരാൾ മരണപ്പെട്ടാൽ ഡെത്ത് ബുക്കിൽ ഏറ്റവും അടുത്ത ഒരു ബന്ധുവിന്റെ നമ്പർ എഴുതാറുണ്ട്. ആ ബന്ധുവിനെ അഞ്ചോ ആറോ ആംബുലൻസ് ഡ്രൈവറാണ് വിളിക്കുന്നത്. അതിന് കൃത്യമായ തെളിവുകളുമുണ്ട്. മെഡിക്കൽ കോളേജ് പരിധിയിൽ ഓടുന്നവരല്ല ബന്ധുവിനെ വിളിക്കുന്ന ഡ്രൈവർമാർ. മെഡിക്കൽ കോളേജ് പരിസരത്ത് ആംബുലൻസ് സർവീസ് നടത്തുന്നവരോ സന്നദ്ധസംഘടനകളുടെ ആംബുലൻസ് ഡ്രൈവർമാരോ ആശുപത്രിക്കുള്ളിൽ കയറി ആളുകളെ സ്വാധീനിക്കാറില്ല. അത്യാഹിതവിഭാഗത്തിൽ പ്രവർത്തിക്കേണ്ട ചില വൊളന്റിയർമാരാണ് വാർഡുകളിലും മോർച്ചറിയിലുമെല്ലാം കയറിയിറങ്ങി പുറത്തുള്ള ആംബുലൻസുകാർക്ക് നമ്പർ സംഘടിപ്പിച്ചുകൊടുക്കുന്നത്. ചില വൊളന്റിയർമാരുടെ പേരിൽ പരാതി നൽകിയിരുന്നു. പരാതികൊടുത്തപ്പോൾ കുറച്ചുനാളത്തേക്ക് വന്നില്ലെങ്കിലും വീണ്ടും പ്രവർത്തിക്കാനെത്തി. സേവനങ്ങൾ നടത്താതെ ഇതിനുവേണ്ടി നടക്കുന്ന വൊളന്റിയർമാരുമുണ്ട്.
വി.പി. ഷൈജിത്ത്, കെ.എ.ഇ.യു. ജില്ലാ പ്രസിഡന്റ്
Published: 01 Nov 2026, 07:20 am IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented