തിരുവനന്തപുരം: ശബരിമല ശ്രീകോവിലിലെ ദ്വാരപാലക ശില്പങ്ങളിലെ സ്വർണപ്പാളികൾ 2025 സെപ്റ്റംബറിൽ ഇളക്കിക്കൊണ്ടുപോയത്, 2019-ലെ ക്രമക്കേട് മറച്ചുവെക്കാനായിരുന്നോ എന്ന ഹൈക്കോടതിയുടെ ചോദ്യമാണ് പി.എസ്. പ്രശാന്തിന്റെയും എ. അജികുമാറിന്റെയും അറസ്റ്റിലേക്കു നയിച്ചത്. ഇക്കാര്യം അന്വേഷിക്കണമെന്ന് നിർദേശിച്ച കോടതി, കൃത്യമായി അന്വേഷണ പുരോഗതി വിലയിരുത്തുകയും ചെയ്തു. 54 സാക്ഷികളിൽനിന്നുള്ള മൊഴികൾ അടക്കമുള്ള സമഗ്രാന്വേഷണത്തിലേക്ക് സംഘം കടന്നതും അങ്ങനെയാണ്.

To advertise here,

2025 സെപ്റ്റംബർ ഏഴിനാണ് ദ്വാരപാലകശില്പങ്ങളിലെ സ്വർണപ്പാളികൾ ഇളക്കിമാറ്റി വീണ്ടും സ്വർണം പൂശാനായി ചെന്നൈ സ്മാർട്ട് ക്രിയേഷൻസിലേക്ക് കൊണ്ടുപോയത്. ഹൈക്കോടതി നിയോഗിച്ച സ്‌പെഷ്യൽ കമ്മിഷണറെ അറിയിക്കാതെയായിരുന്നു ഇത്. ഇക്കാര്യം ചൂണ്ടിക്കാട്ടി സ്‌പെഷ്യൽ കമ്മിഷണർ ആർ. ജയകൃഷ്ണൻ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി. തുടർന്നാണ് 2019-ലെ സ്വർണക്കൊള്ളയുടെ വിശദാംശങ്ങളും അന്വേഷണത്തിന്റെ ഭാഗമായത്.

തിരുവല്ല ശ്രീവല്ലഭക്ഷേത്രത്തിലെ കൊടിമരത്തിന്റെ സ്വർണംപൂശലുമായി ബന്ധപ്പെട്ട് സ്മാർട്ട് ക്രിയേഷൻസ് പ്രതിനിധികളുമായി തിരുവാഭരണം കമ്മിഷണർ നടത്തിയ ആശയവിനിമയം കേസന്വേഷണത്തിൽ നിർണായക വഴിത്തിരിവായി. സ്മാർട്ട് ക്രിയേഷൻസിന് പ്രൊഫഷണൽ നിലവാരമില്ലെന്ന് റിപ്പോർട്ട് നൽകി എട്ടുദിവസത്തിനുശേഷം വൈദഗ്ധ്യമുള്ള സ്ഥാപനമാണെന്ന് മറ്റൊരു റിപ്പോർട്ട് നൽകിയത് സംശയമുണ്ടാക്കി.

ദേവസ്വം ബോർഡ് ഭാരവാഹികളുടെ സമ്മർദംകാരണമാണ് തിരുവാഭരണം കമ്മിഷണർ റിപ്പോർട്ട് മാറ്റിയത്. 2019-ലെ കേസിൽ പ്രതിയായ അന്നത്തെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ പരേതനായ മുരാരി ബാബുവാണ് 2025-ലെ സ്വർണംപൂശലിന് അനുകൂല റിപ്പോർട്ട് തയ്യാറാക്കിയതെന്നതും പ്രധാന കണ്ടെത്തലായി. 2025-ൽ മുരാരി ബാബു എക്‌സിക്യുട്ടീവ് ഓഫീസറായിരുന്നു.

കുറ്റപത്രം വൈകൽ: സർക്കാരും തിരിയുന്നു

2019-ൽ കട്ടിളപ്പാളിയിലെയും ദ്വാരപാലകശില്പങ്ങളിലെയും സ്വർണം കവർന്ന കേസിൽ കുറ്റപത്രം വൈകുന്നതിൽ സർക്കാരും അന്വേഷണസംഘത്തിന് എതിരാവുന്നു. 31-നകം കുറ്റപത്രം കൊടുത്തില്ലെങ്കിൽ ഹൈക്കോടതിയെ അതൃപ്തി അറിയിക്കുമെന്നാണ് സർക്കാർനിലപാട്. ദേവസ്വംമന്ത്രി കെ. മുരളീധരനാണ് ഇക്കാര്യം വ്യക്തമാക്കിയത്. കഴിയുന്നത്ര വേഗം കുറ്റപത്രം കൊടുക്കാനുള്ള ശ്രമത്തിലാണ് പ്രത്യേക അന്വേഷണസംഘം.

30 ദിവസത്തിനകം കട്ടിളപ്പാളിക്കേസിലെ കുറ്റപത്രം നൽകുമെന്നാണ് എസ്.ഐ.ടി. തിങ്കളാഴ്ച ഹൈക്കോടതിയെ അറിയിച്ചത്. ദ്വാരപാലകശില്പങ്ങളുടെ കേസിൽ വൈകാൻ സാധ്യതയുണ്ടെന്ന് എസ്.ഐ.ടി. അറിയിച്ചപ്പോൾ പാടില്ലെന്നാണ് കോടതി പറഞ്ഞത്. ഇതേത്തുടർന്നാണ് പ്രശാന്തിന്റെയും അജികുമാറിന്റെയും അറസ്റ്റിലേക്കുകടന്നത്.