തിരുവനന്തപുരം: ശബരിമലയിൽ അന്നദാനത്തിന് പുലാവിനുപകരം സദ്യ നൽകുന്നതിനെ എതിർത്ത് ദേവസ്വം ബോർഡിൽനിന്നു വിരമിച്ച ജീവനക്കാരുടെ സംഘടന. ബോർഡിനെ കടക്കെണിയിലാക്കുന്നതാണ് സദ്യയെന്നും തീരുമാനം പുനഃപരിശോധിക്കണമെന്നും ആവശ്യപ്പെട്ട് സിപിഎം അനുകൂല സംഘടന കേരളാ സ്റ്റേറ്റ് ദേവസ്വം പെൻഷനേഴ്‌സ് കോൺഫെഡറേഷനാണ് രംഗത്തെത്തിയത്.

To advertise here,

സദ്യയ്ക്കുപകരം ഗുണനിലവാരമുള്ള ഭക്ഷണം നൽകിയാൽ മതി. അയൽസംസ്ഥാനങ്ങളിൽനിന്നു കൂടുതൽ ഭക്തരെത്തുന്നതിനാലാണ് അവർക്കുകൂടി സ്വീകാര്യമായ മെനു നിശ്ചയിച്ചത്. ഇതരസംസ്ഥാനങ്ങളിലെ മന്ത്രിമാരുടെയും മറ്റും അഭിപ്രായങ്ങൾ പരിഗണിച്ചാണ് പൊന്നിയരിയിൽ പാകംചെയ്ത പുലാവ് നൽകുന്നത്. സദ്യയാകുമ്പോൾ ചോറ്്‌, പരിപ്പ്, പപ്പടം, അവിയൽ, തോരൻ, അച്ചാർ, പായസം എന്നിങ്ങനെ ഏഴു വിഭാഗങ്ങളടങ്ങിയ ഭക്ഷണം നൽകാൻ ഒരു സീസണിൽ കോടിക്കണക്കിനു രൂപ ബോർഡിന് അധികം ചെലവാകും. തമിഴ്‌നാട്, ആന്ധ്ര, കർണാടക എന്നിവിടങ്ങളിൽനിന്നു വരുന്ന ഭക്തർക്കു സദ്യ ഇഷ്ടപ്പെടണമെന്നുമില്ല. കൂടുതൽ ഭക്തരെത്തുന്നത് അയൽസംസ്ഥാനങ്ങളിൽ നിന്നായതിനാൽ പുലാവ് തന്നെയാണ് യുക്തം- കോൺഫെഡറേഷൻ പ്രസിഡന്റ് അർ.ഷാജി ശർമ, വർക്കിങ് പ്രസിഡന്റ് ടി.ചന്ദ്രൻ, ജനറൽ സെക്രട്ടറി ആനയറ ചന്ദ്രൻ, ട്രഷറർ മുരളീധരൻനായർ എന്നിവർ സംയുക്തപ്രസ്താവനയിൽ പറയുന്നു. ഡോ. എൻ. ബാബു, പ്രൊഫ. ഡി.ശശിധരൻ, ചാരുപാറ രവി എന്നിവരുൾപ്പെട്ട ബോർഡിന്റെ കാലത്താണ് ഹൈക്കോടതിയുടെ അനുമതിയോടെ ശബരിമലയിൽ അന്നദാനം തുടങ്ങിയത്.

ദേവസ്വം കമ്മിഷണർ, അക്കൗണ്ട്‌സ് ഓഫീസർ, ശബരിമല എക്‌സിക്യുട്ടീവ് ഓഫീസർ എന്നിവരുൾപ്പെട്ട ട്രസ്റ്റിലേക്കു ഭക്തരുടെ സംഭാവനയാണ് അന്നദാനച്ചെലവിന് ഉപയോഗിക്കുന്നത്. ട്രസ്റ്റിൽ വേണ്ടത്ര പണം ഇല്ലെന്നാണ് വിവരം. ട്രസ്റ്റിലെ പണംകൊണ്ടുമാത്രം സദ്യ നൽകാനുമാവില്ല. ബോർഡിന്റെ പൊതുഫണ്ടിലെ പണംകൂടി ഉപയോഗിക്കേണ്ടിവരും. കോവിഡ്, പ്രളയം തുടങ്ങിയവ മൂലം വരുമാനം കുറഞ്ഞപ്പോൾ ജീവനക്കാർക്കു ശമ്പളവും പെൻഷനും നൽകാൻ 140 കോടി രൂപ നൽകേണ്ടിവന്നു സർക്കാരിന്. ഇതൊക്കെ പരിഗണിച്ചുകൂടിവേണം സദ്യ നൽകേണ്ടതെന്ന് കോൺഫെഡറേഷൻ പറഞ്ഞു.