
പിണറായി വിജയൻ, രാജേന്ദ്ര ആർലേക്കർ | Photo: Mathrubhumi
തിരുവനന്തപുരം: കേരള പിഎസ്‌സി ചെയർമാൻ ഡോ. എം.ആർ. ബൈജുവിനെയും അംഗങ്ങളെയും പുറത്താക്കാൻ രാഷ്ട്രപതിക്ക് മുൻ ഗവർണർ രാജേന്ദ്ര ആർലേക്കർ ശുപാർശ നൽകിയത് നിയമവിരുദ്ധവും ഭരണഘടനാ വ്യവസ്ഥകളുടെ ലംഘനവും അധികാര ദുർവിനിയോഗവുമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് പിണറായി ഗവർണറുടെ നടപടിയെ വിമർശിച്ചത്. സ്ഥാനമൊഴിയുന്നതിന് ഒരാഴ്ച മുമ്പാണ് ഗവർണർ രാജേന്ദ്ര ആർലേക്കർ അസാധാരണമായ നീക്കം നടത്തിയത്.
ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 316 പ്രകാരം നിയമിക്കപ്പെടുന്ന പി.എസ്.സി അംഗങ്ങൾക്ക് ആർട്ടിക്കിൾ 316 (2) പ്രകാരം ആറുവർഷത്തെ കാലാവധിയുണ്ടെന്നും കാലാവധിക്കകം ഒരംഗത്തെ നീക്കം ചെയ്യണമെങ്കിൽ ആർട്ടിക്കിൾ 317 പ്രകാരമുള്ള നടപടിക്രമങ്ങൾ പാലിക്കണമെന്നും പിണറായി വ്യക്തമാക്കി. അംഗങ്ങളുടെ ഭാഗത്തുനിന്നുണ്ടാകുന്ന പ്രവൃത്തിദോഷം സംബന്ധിച്ച് സുപ്രീം കോടതി അന്വേഷണ വിചാരണ നടത്തി റിപ്പോർട്ട് നൽകിയാൽ മാത്രമേ രാഷ്ട്രപതിക്ക് ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ സാധിക്കൂ. അത്തരം അന്വേഷണമൊന്നും നടക്കാത്ത സാഹചര്യത്തിൽ ഗവർണർക്ക് ശുപാർശ നൽകാൻ ഭരണഘടനാപരമായ അധികാരമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഭരണഘടനയുടെ ആർട്ടിക്കിൾ 163 പ്രകാരം മന്ത്രിസഭയുടെ ഉപദേശ നിർദ്ദേശങ്ങൾക്കനുസരിച്ച് മാത്രമേ ഗവർണർക്ക് പ്രവർത്തിക്കാനാകൂ. ഈ വിഷയത്തിൽ ഗവർണർക്ക് സ്വതന്ത്രമായ അധികാരമില്ല. സംസ്ഥാന സർക്കാരുകൾ മാറിവരുമ്പോൾ നിലവിലുള്ള പി.എസ്.സി അംഗങ്ങളെ പുറത്താക്കുന്ന പതിവ് കേരളത്തിലില്ലെന്നും രാഷ്ട്രീയ വൈരനിര്യാതന ബുദ്ധിയോടെ പി.എസ്.സിയെ സമീപിച്ച ചരിത്രം സംസ്ഥാനത്തിനില്ലെന്നും പിണറായി പറഞ്ഞു.
സംസ്ഥാന സർക്കാരിന്റെ ഫെഡറൽ അധികാരങ്ങളിൽ യൂണിയൻ സർക്കാരിന്റെ ഏജന്റായി ഗവർണർമാരെ ഉപയോഗിക്കുന്ന രീതിയാണ് ബി.ജെ.പി സ്വീകരിക്കുന്നതെന്ന് അദ്ദേഹം വിമർശിച്ചു. ഗവർണറുടെ നിയമവിരുദ്ധ നടപടിയിൽ സംസ്ഥാന സർക്കാർ നിലപാട് അറിയിക്കണമെന്നും ഇത്തരം നടപടികളെ യു.ഡി.എഫ് സർക്കാർ പിന്തുണയ്ക്കുന്നുണ്ടോ എന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഗവർണറുടെ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകാനാണ് ഉദ്ദേശിക്കുന്നതെങ്കിൽ സർക്കാർ വലിയ വില കൊടുക്കേണ്ടിവരുമെന്നും അമിതാധികാര പ്രവണതകൾക്ക് വഴിയൊരുക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
കഴിഞ്ഞ പത്തുവർഷത്തിനിടെ ലക്ഷക്കണക്കിന് ഉദ്യോഗാർഥികൾക്ക് പ്രശംസനീയമായ രീതിയിൽ നിയമനം നൽകിയ സ്ഥാപനമാണ് പി.എസ്.സി എന്നും ഏതെങ്കിലും ഒരു നിയമനത്തിൽ ക്രമക്കേട് ആരോപിച്ച് സ്ഥാപനത്തിന്റെ വിശ്വാസ്യത തകർക്കാൻ നടക്കുന്ന സംഘടിത ശ്രമങ്ങളെയും ഗൂഢാലോചനയെയും ഒറ്റക്കെട്ടായി ചെറുക്കണമെന്നും പിണറായി കൂട്ടിച്ചേർത്തു.
Content Highlights: Governor's recommendation to remove the Kerala PSC chairman is termed unconstitutional., Article 316 and 317 of the Constitution govern the removal of PSC members., Supreme Court inquiry is mandatory for member removal based on misbehavior., Criticism against the BJP using governors as agents to undermine federal powers.
Published: 25 Oct 2026, 02:59 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented