ഒറ്റപ്പാലം: ''ആവശ്യമാണ് മനുഷ്യനെ എല്ലാം ചെയ്യിക്കുന്നത്.'' ഗവേഷണപഠനത്തിന് പണംകണ്ടെത്താൻ ഇഡ്ഡലി തട്ടുകട തുടങ്ങാൻ ആലോചിക്കുമ്പോൾ മുൻ അധ്യാപിക രേവതി വിജയന്റെ മനസ്സ് ഇങ്ങനെയായിരുന്നു.

To advertise here,

രാത്രി ഒറ്റപ്പാലം മായന്നൂർപ്പാലത്തിന് സമീപം തട്ടുകട തുടങ്ങുമ്പോൾ ഒരു പെൺകുട്ടി നേരിടാനിടയുള്ള അപകട സാധ്യതകൾ മനസ്സിലൂടെ മിന്നിമറഞ്ഞു. മറ്റുവഴിയില്ലെന്ന ചിന്ത തന്റേടിയാക്കി. രാത്രി തട്ടുകട നടത്തിയും രാവിലെ ഗവേഷണ പഠനത്തിലേർപ്പെട്ടും ജീവിതം മുന്നോട്ടുകൊണ്ടുപോയി.

അച്ഛനെയും അമ്മയെയും സഹോദരിയെയും രണ്ട് കുഞ്ഞുമക്കളെയും കൊണ്ട് തൃശ്ശൂർ പഴയന്നൂർ ചെമ്പൻകോട്ടിൽ വീട്ടിൽ രേവതി (30) തുടങ്ങിയ ഇഡ്ഡലിക്കട സാമൂഹികമാധ്യമങ്ങളിൽ ഹിറ്റാണ്. തട്ട് ഇഡ്ഡലി, മസാല ഇഡ്ഡലി, മുട്ട-മട്ടൻ-ചിക്കൻ ഇഡ്ഡലി, മിനി ഇഡ്ഡലി, പൊടി ഇഡ്ഡലി അങ്ങനെ പത്തുതരം ഇഡ്ഡലിയുണ്ട് 'ഫ്രഷ് മൂൺ' എന്ന കടയിൽ.

തയ്യൽത്തൊഴിലാളിയായിരുന്നു അച്ഛൻ വിജയൻ. അമ്മ പ്രിയ സ്‌കൂളിലെ പാചകത്തൊഴിലാളിയാണ്. പഠിക്കാൻ മിടുക്കിയായിരുന്നു രേവതി. തൃശ്ശൂർ വിമലകോളേജിൽനിന്ന് മലയാളത്തിൽ ബിരുദമെടുത്തു. ഒറ്റപ്പാലം എൻ.എസ്.എസ്. ട്രെയ്നിങ് കോളേജിൽനിന്ന് ബി.എഡും.

അക്കാലത്തുതന്നെ ട്യൂട്ടോറിയലുകളിലും മറ്റും ക്ലാസെടുക്കാൻ പോയിരുന്നു. വീട്ടുകാരെ സാമ്പത്തികമായി ബുദ്ധിമുട്ടിക്കാൻ ഇഷ്ടമില്ലാതിരുന്ന രേവതി തിരുവില്വാമല സർക്കാർ സ്‌കൂളിൽ താത്കാലിക അധ്യാപികയായി. ഒപ്പം വിദൂരവിദ്യാഭ്യാസത്തിൽ ബിരുദാനന്തര ബിരുദപഠനവും തുടങ്ങിയെങ്കിലും പൂർത്തീകരിക്കാനായില്ല.

വിവാഹിതയായി കുഞ്ഞുങ്ങളായപ്പോൾ തുടർപഠനം നിന്നുപോകുമോയെന്ന ആശങ്കയും രേവതിക്കുണ്ടായിരുന്നു. ഒരുകുഞ്ഞിന് മൂന്നരവയസ്സും മറ്റേയാൾക്ക് ഒന്നരവയസ്സും പ്രായമിരിക്കേ അധ്യാപകജോലി രാജിവെച്ച് വിമലകോളേജിൽ ബിരുദാനന്തര ബിരുദത്തിന് ചേർന്നു. പഠനം കഴിഞ്ഞിറങ്ങുമ്പോൾ കോളേജിലെ ഒന്നാം റാങ്കുകാരിയായിരുന്നു രേവതി.

ഇതിനൊപ്പം ആദ്യശ്രമത്തിൽത്തന്നെ നെറ്റ് യോഗ്യതയും നേടി. ഇടയിൽ കണ്ടന്റ് ക്രിയേറ്ററായി ജോലിചെയ്തു. ഇതിനിടെയാണ് തുടർപഠനമെന്ന മോഹം ഗവേഷണത്തിലേക്കെത്തിയത്. വിമലകോളേജിൽത്തന്നെ ഗവേഷണംചെയ്യാൻ തീരുമാനിച്ചപ്പോൾ സാമ്പത്തികംതന്നെയായിരുന്നു പ്രശ്നം.

പഴയന്നൂരിൽനിന്ന് തൃശ്ശൂർവരെ പോയിവന്ന് പഠിക്കുന്നതിനൊപ്പം ജോലിചെയ്യാൻ സമയമില്ലാത്ത അവസ്ഥയിലാണ് 'ഇഡ്ഡലിക്കട' മനസ്സിലേക്കെത്തിയത്. രാവിലെ 11 മുതൽ വൈകീട്ട് മൂന്നുവരെ കോളേജിൽ പോകും. വൈകീട്ട് അഞ്ചുമുതൽ രാത്രി 12.30 വരെ ഇഡ്ഡലിക്കട നടത്തും. ഇപ്പോൾ ഒറ്റപ്പാലത്ത് മാത്രമല്ല, തൃശ്ശൂർ കേച്ചേരിയിലും ഇഡ്ഡലിക്കടയുണ്ട് രേവതിക്ക്. ഇനി ഒരുകടകൂടി തുറക്കാനുള്ള ശ്രമത്തിലാണ്. കൂട്ടിന് വീട്ടുകാരുമുണ്ട്. പാലക്കാട്ട് മാതൃഭൂമി പുസ്തകോത്സവവേദിയിൽ എഴുത്തുകാരുമായി അഭിമുഖം നടത്താനും രേവതി എത്തിയിരുന്നു. അനൂപാണ് ഭർത്താവ്. രുദ്രേവദത്ത്, ഋത്വിശ്രേഷ്ഠ എന്നിവരാണ് മക്കൾ.