തിരുവനന്തപുരം: കരാറില്ലാതെ കെഎസ്ഇബി കാറ്റാടി വൈദ്യുതി വാങ്ങിയത് ഉയർന്ന വിലയ്ക്ക്. രേഖകളിലാണ് ഇക്കാര്യം വ്യക്തമാകുന്നത്. വിഎച്ച്ഇ ഗ്ലോബലിൽ നിന്ന് യൂണിറ്റിന് 11 രൂപ നിരക്കിലാണ് വൈദ്യുതി വാങ്ങുന്നതെന്നാണ് കെഎസ്ഇബി സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷനെ ആദ്യം അറിയിച്ചിരുന്നത്. എന്നാൽ ഇതിനോടൊപ്പം ഒന്നര രൂപ ട്രാൻസ്മിഷൻ ചാർജ് കൂടി നൽകേണ്ടി വന്നതോടെ ഒരു യൂണിറ്റ് വൈദ്യുതിക്ക് 12.50 രൂപയാണ് കെഎസ്ഇബിക്ക് ചെലവായത്.

To advertise here,

വൈദ്യുതി വാങ്ങാനായി ചെലവായ തുകയെക്കുറിച്ചുള്ള സർക്കാരിന്റെ പ്രസ്താവനയും ഔദ്യോഗിക രേഖകളും തമ്മിൽ വലിയ വ്യത്യാസമാണുള്ളത്. കാറ്റാടി വൈദ്യുതി വാങ്ങുന്നതിനായി അഞ്ച് കോടി രൂപയിൽ താഴെ മാത്രമാണ് ചെലവായതെന്നാണ് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നത്. എന്നാൽ ഈ ഇടപാടിലൂടെ യഥാർഥത്തിൽ ഏഴര കോടി രൂപ ചെലവായെന്നാണ് ഇപ്പോൾ പുറത്തുവന്ന ഔദ്യോഗിക രേഖകൾ വ്യക്തമാക്കുന്നത്. വൈദ്യുതിക്ക് ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ള പീക്ക് സമയങ്ങളിൽ പോലും യൂണിറ്റിന് 10 രൂപയിൽ കൂടുതൽ നൽകി വൈദ്യുതി വാങ്ങരുതെന്ന് റെഗുലേറ്ററി കമ്മിഷന്റെ വ്യക്തമായ നിർദ്ദേശമുണ്ട്. ഈ നിയന്ത്രണം നിലനിൽക്കെയാണ് കെഎസ്ഇബി യാതൊരു കരാറുമില്ലാതെ യൂണിറ്റിന് 12.50 രൂപ നിരക്കിൽ വൻ തുക നൽകി വൈദ്യുതി വാങ്ങിയിരിക്കുന്നത്.

എം.ജി. രാജമാണിക്യം കെഎസ്ഇബി ചെയർമാനായിരുന്ന കാലത്താണ് ഇത്രയും ഉയർന്ന വിലയ്ക്ക് കാറ്റാടി വൈദ്യുതി വാങ്ങാനുള്ള തീരുമാനമെടുത്തത്. ഇത്തരത്തിൽ അധിക തുക നൽകി വൈദ്യുതി വാങ്ങേണ്ടി വന്ന സാഹചര്യത്തെക്കുറിച്ച് കെഎസ്ഇബിയുടെ നിലവിലെ ചെയർമാൻ എൻ. പ്രശാന്ത് അന്വേഷണം നടത്തും. ഈ ഇടപാടിന് റെഗുലേറ്ററി കമ്മീഷൻ യൂണിറ്റിന് 10 രൂപ നിരക്കിൽ അനുമതി നൽകിയാൽ പോലും 57 ലക്ഷം രൂപയുടെ അധിക സാമ്പത്തിക ബാധ്യത കെഎസ്ഇബിക്ക് ഉണ്ടാകും. ഈ വരുന്ന അധിക തുക സർക്കാർ വഹിക്കുമോ അതോ ജനങ്ങളുടെ തലയിലാകുമോ എന്ന ചോദ്യമാണ് ഇപ്പോൾ പലരും ഉന്നയിക്കുന്നത്.