കോഴിക്കോട്: കേരളത്തില്‍ത്തന്നെ ഒട്ടേറെ വര്‍ഷത്തെ പ്രവർത്തനപരിചയമുള്ള പോലീസ് ഉദ്യോഗസ്ഥനാണ് പുതിയ പോലീസ് മേധാവിയാകാനൊരുങ്ങുന്ന റവാഡ എ. ചന്ദ്രശേഖര്‍. സംസ്ഥാനത്തെ നിര്‍ണായകമായ പല കേസുകളിലും അദ്ദേഹത്തിന്റെ കൈയൊപ്പുണ്ട്. 1991-ലെ കേരള കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥനായ അദ്ദേഹം കേന്ദ്ര ഇന്റലിജന്‍സ് സ്‌പെഷ്യല്‍ ഡയറക്ടര്‍ ചുമതല ഉള്‍പ്പെടെ വഹിച്ചിട്ടുണ്ട്. തിങ്കളാഴ്ച വിരമിക്കുന്ന ഷേക്ക് ദര്‍വേഷ് സാഹിബിന്‍റെ പിൻഗാമിയായാണ് അദ്ദേഹം ചുമതലയേറ്റെടുക്കുക.
കേരള ചരിത്രത്തിലെ മായ്ക്കാനാവാത്ത മുറിപ്പാടാണ് 1994 നവംബര്‍ 25-ലെ കൂത്തുപറമ്പ് വെടിവെപ്പ്. അഞ്ച് ഡിവൈഎഫ്‌ഐക്കാര്‍ കൊല്ലപ്പെടുകയും പുഷ്പന്‍ ഉള്‍പ്പെടെ ആറുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ആ സംഭവം സിപിഎമ്മിന്‍റെ ചരിത്രത്തിലെ എക്കാലത്തെയും പൊള്ളുന്ന ഓർമയാണ്. അതിന്റെ ജീവിച്ചിരിക്കുന്ന രക്തസാക്ഷിയായിരുന്നു അടുത്തകാലത്ത് മരിച്ച പുഷ്പന്‍. മൂന്നു പതിറ്റാണ്ടു നീണ്ട കിടപ്പുജീവിതത്തിനൊടുവില്‍ കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 28-ന് അദ്ദേഹം വിടവാങ്ങി. വെടിയേറ്റ് കഴുത്തിന് താഴെ തളര്‍ന്ന ശരീരവുമായി 30 കൊല്ലം ജീവിച്ച അദ്ദേഹം തോക്കിനെ തോല്‍പ്പിച്ച പോരാളിയായാണ് വിലയിരുത്തപ്പെടുന്നത്.
റവാഡ ചന്ദ്രശേഖർ തലശ്ശേരി എ.എസ്.പി. ആയിരിക്കേയാണ് കൂത്തുപറമ്പ് വെടിവെപ്പുണ്ടായത്. സ്വാശ്രയ വിദ്യാഭ്യാസ പ്രശ്‌നവുമായി ബന്ധപ്പെട്ട് മന്ത്രി എം.വി. രാഘവനെ കരിങ്കൊടി കാണിക്കാന്‍ കൂത്തുപറമ്പിലെത്തിയതായിരുന്നു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍. കൂത്തുപറമ്പില്‍ അര്‍ബന്‍ സഹകരണ ബാങ്ക് സായാഹ്നശാഖ ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു രാഘവന്‍. ഇരമ്പിയെത്തിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കുനേരെ പോലീസ് ലാത്തിവീശി. തുടര്‍ന്ന് കല്ലേറും സംഘര്‍ഷവുമുണ്ടായി. കണ്ണീര്‍വാതക ഷെല്ലുകളടക്കം പ്രയോഗിച്ചിട്ടും പ്രതിഷേധം നിലയ്ക്കാതായതോടെ പോലീസ് നിറയൊഴിച്ചു. അന്ന് അവിടെ പോലീസിന്റെ നേതൃത്വം റവാഡയ്ക്കായിരുന്നു. അഞ്ചുപേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. എഎസ്പിയായി നിയമിതനായി പിറ്റേന്നുതന്നെയായിരുന്നു ഇത്. ഇതോടെ ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം കയ്പ്പുനിറഞ്ഞതായി.
കേസില്‍ റവാഡയെയും പ്രതിചേര്‍ത്ത് കൊലക്കുറ്റം ചുമത്തി. പിന്നീട് 2012-ല്‍ ഹൈക്കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കുകയായിരുന്നു. കൊല നടത്താനുള്ള വ്യക്തിവൈരാഗ്യമുണ്ടായിരുന്നില്ലെന്നും കൃത്യനിര്‍വഹണത്തിലായിരുന്നെന്നും നിരീക്ഷിച്ചാണ് കോടതി മറ്റു പ്രതികളെ ഉള്‍പ്പെടെ കുറ്റവിമുക്തരാക്കിയത്. തുടര്‍ന്ന് കേന്ദ്ര സര്‍വീസിലേക്ക് നിയമിക്കപ്പെട്ടു. അങ്ങനെ സിപിഎമ്മുമായി നേരിട്ട് ഏറ്റുമുട്ടല്‍ നടത്തിയ അദ്ദേഹം, സിപിഎം സർക്കാരിന്‍റെ കാലത്തുതന്നെ പോലീസ് മേധാവി സ്ഥാനത്തേക്ക് വരുന്നു എന്നതാണ് കൗതുകകരമായ കാര്യം.
റവാഡയോട് സിപിഎമ്മിന് അനിഷ്ടമില്ല എന്ന ഒരു പ്രഖ്യാപനം കൂടിയായാണ് നിയമനം വിലയിരുത്തപ്പെടുക. എന്നാൽ, കൂത്തുപറമ്പ് വെടിവെപ്പിന്‍റെയും രക്തസാക്ഷിത്വത്തിന്‍റെയും പൊള്ളുന്ന സ്മരണകൾ ഇപ്പോളും സിപിഎം പ്രവർത്തകരിൽ ഉണ്ട് എന്നതാണ് സത്യം. അതുകൊണ്ടുതന്നെ റവാഡയെ സംസ്ഥാന പോലീസ് മേധാവി സ്ഥാനത്തേക്ക് കൊണ്ടുവരില്ല എന്നുതന്നെയാണ് പലരും വിലയിരുത്തിയിരുന്നത്.
യുപിഎസ്.സി അംഗീകരിച്ച പോലീസ് മേധാവിപ്പട്ടികയില്‍ രണ്ടാമനാണ് റവാഡ ചന്ദ്രശേഖർ. കേന്ദ്ര അംഗീകാരത്തിനായി ഉന്നത ഉദ്യോഗസ്ഥരുടെ പട്ടിക കൈമാറിയ ശേഷം റവാഡ ചന്ദ്രശേഖര്‍ മുഖ്യമന്ത്രിയെ കണ്ട് സംസ്ഥാന പോലീസ് മേധാവിയാകാനുള്ള താത്പര്യം അറിയിച്ചിരുന്നു. പട്ടികയില്‍നിന്ന് സ്വമേധയാ ഒഴിയാന്‍ റവാഡ ചന്ദ്രശേഖറിനുമേല്‍ സമ്മര്‍ദമുണ്ടായിരുന്നു എന്ന വാര്‍ത്തകള്‍ക്കിടെയാണ് അദ്ദേഹം കേരളത്തിലെത്തി മുഖ്യമന്ത്രിയെ കണ്ടത്.
കേന്ദ്ര ഇന്റലിജന്റ്സ് ബ്യൂറോയില്‍ സ്പെഷ്യല്‍ ഡയറക്ടറായ റവാഡ ചന്ദ്രശേഖറിനെ കേന്ദ്ര കാബിനറ്റ് സെക്രട്ടേറിയറ്റില്‍ സുരക്ഷാസെക്രട്ടറിയായി നിയമിച്ചിരുന്നു. ഓഗസ്റ്റ് ഒന്നുമുതലായിരുന്നു ഈ നിയമനം. ഇതിനിടെയാണ് കേരളത്തില്‍ പോലീസ് മേധാവിയാകാനുള്ള താല്‍പര്യം അദ്ദേഹം അറിയിച്ചത് എന്നതും ശ്രദ്ധേയമായിരുന്നു.
എഡിജിപി എം.ആര്‍. അജിത്കുമാറിനെ അടുത്ത പോലീസ് മേധാവിയാക്കാനായിരുന്നു സര്‍ക്കാരിന് താല്‍പര്യം. അതനുസരിച്ചാണ് സര്‍ക്കാര്‍ പട്ടിക നല്‍കിയിരുന്നതും. എന്നാല്‍, എം.ആര്‍. അജിത്കുമാറിന് 30 വര്‍ഷത്തെ സര്‍വീസ് പൂര്‍ത്തിയായിട്ടില്ലെന്നും ഡിജിപിപദവിയില്ലെന്നും ചൂണ്ടിക്കാട്ടിയാണ് യുപിഎസ്സി പട്ടികയില്‍നിന്ന് ഒഴിവാക്കിയത്.
തലശ്ശേരി എഎസ്പി ആയാണ് റവാഡയുടെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. പത്തനംതിട്ട എഎസ്പി, പാലക്കാട് ക്രൈം ബ്രാഞ്ച് എസ്പി, തിരുവനന്തപുരം പോലീസ് കമ്മിഷണര്‍ തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. കേന്ദ്ര ഡെപ്യൂട്ടേഷനില്‍നിന്ന് നേരേ പോലീസ് മേധാവി സ്ഥാനത്തെത്തുന്നയാള്‍ എന്നൊരു പ്രത്യേകതയും റവാഡയുടെ സ്ഥാനാരോഹണത്തിലുണ്ട്. ഐബിയില്‍ സ്‌പെഷ്യല്‍ ഡയറക്ടറായിരിക്കെയാണ് കേരളത്തിലേക്ക് വരുന്നത്.
ആന്ധ്രപ്രദേശിലെ വെസ്റ്റ് ഗോദാവരി ജില്ലയാണ് സ്വദേശം. റവാഡയെന്ന കര്‍ഷകകുടുംബത്തില്‍നിന്നാണ് വരുന്നത്. സ്തുത്യര്‍ഹ സേവനത്തിന് രാഷ്ട്രപതിയുടെ വിശിഷ്ട മെഡലുകളടക്കം നേടിയിട്ടുണ്ട്. ഭാര്യ: സരിത. മക്കള്‍: കാര്‍ത്തിക്, വസിഷ്ഠ്.
Content Highlights: ravada chandrasekhar to become chief of kerala police
Published: 30 Jun 2025, 11:03 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented