വസ്തുതാപരമായി അടിസ്ഥാനമില്ലാത്ത പരാമർശങ്ങളാണ് ഡിജിപി നടത്തിയതെന്ന് നോട്ടീസിൽ പറയുന്നു

മഹീന്ദ്രാ ഥാർ, ഹരിയാണാ ഡിജിപി ഒ.പി. സിങ് | Photos: auto.mahindra.com, instagram
ഥാര്‍ ജീപ്പ് ഉടമകള്‍ക്കെതിരായ പരാമര്‍ശത്തില്‍ ഹരിയാണ ഡിജിപിക്ക് വക്കീല്‍ നോട്ടീസയച്ച് ഥാര്‍ ഉടമ. പരാമര്‍ശം പിന്‍വലിച്ച് പരസ്യമായി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ഹരിയാണ ഡിജിപി ഒ.പി. സിങ്ങിന് നോട്ടീസയച്ചത്. ഥാര്‍ ജീപ്പും ബുള്ളറ്റ് മോട്ടോര്‍സൈക്കിളുമുള്ളവര്‍ ക്രിമിനല്‍ മാനസികാവസ്ഥയുള്ളവരാണെന്നായിരുന്നു ഡിജിപിയുടെ പരാമര്‍ശം.
ഗുഡ്ഗാവിലെ സെക്ടര്‍ 102-ല്‍ നിന്നുള്ള സാര്‍വോ മിതെര്‍ എന്ന ഥാര്‍ ഉടമയാണ് അഭിഭാഷകന്‍ മുഖേനെ ഒ.പി. സിങ്ങിന് നോട്ടീസയച്ചത്. 2023 ജനുവരിയില്‍ 30 ലക്ഷം രൂപ മുടക്കി താന്‍ ഥാര്‍ വാങ്ങിയെന്നും ബില്‍ഡ് ക്വാളിറ്റിയും സുരക്ഷാ സംവിധാനങ്ങളും മികച്ച പ്രകടനവുമാണ് ദൈനംദിനാവശ്യത്തിനായി താന്‍ ഥാര്‍ തിരഞ്ഞെടുക്കാന്‍ കാരണമെന്നും സാര്‍വോ നോട്ടീസില്‍ പറയുന്നു.
Also Read: നരേന്ദ്രമോദി കൊടി വീശി; മാരുതി സുസുക്കിയുടെ ആദ്യ ഇ-വിത്താര പുറത്തിറങ്ങി | വീഡിയോ
വസ്തുതാപരമായി യാതൊരു അടിസ്ഥാനമോ ന്യായീകരണമോ ഇല്ലാത്ത പരാമര്‍ശങ്ങളാണ് ഡിജിപി നടത്തിയത്. ഇത് താന്‍ ഉള്‍പ്പെടെ എല്ലാ ഥാര്‍ ഉടമകളേയും അപമാനിക്കുന്നതാണ്. ഹരിയാണയുടെ ഡിജിപി എന്ന നിലയില്‍ താങ്കളുടെ വാക്കുകള്‍ക്ക് ആധികാരികതയും വലിയ സ്വാധീനശേഷിയുമുണ്ട്. ഇത് തന്റെ ആത്മാഭിമാനത്തിന് വലിയ കളങ്കമാണുണ്ടാക്കിയതെന്നും നോട്ടീസില്‍ പറയുന്നു.
15 ദിവസത്തിനകം പരാമര്‍ശം പിന്‍വലിച്ച് രേഖാമൂലം നിരുപാധികം മാപ്പ് പറയണമെന്നും ഇല്ലെങ്കില്‍ ബിഎന്‍എസ്സിലെ 356 (3) ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരം നിയമനടപടി സ്വീകരിക്കുമെന്നും നോട്ടീസില്‍ പറയുന്നു. അതേസമയം നോട്ടീസിനോട് ഹരിയാണ ഡിജിപി ഇതുവരെ പ്രതികരിച്ചിട്ടില്ല.
Don’t Miss: മരിച്ചയാൾക്കും ടാങ്കർ ഓടിക്കാൻ ലൈസൻസ്! വിരലയടാളം വെച്ച് ഹാജരും രേഖപ്പെടുത്തി; അടിമുടി ക്രമക്കേട്
നവംബര്‍ ഒമ്പതിനാണ് ഹരിയാണ ഡിജിപി ബുള്ളറ്റ് ഉടമകള്‍ക്കും മഹീന്ദ്രാ ഥാര്‍ ഉടമകള്‍ക്കുമെതിരെ വിചിത്ര പരാമര്‍ശങ്ങള്‍ നടത്തിയത്. ഗുരുഗ്രാമില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ വിവാദ പരാമര്‍ശങ്ങള്‍. സുരക്ഷാപരമായ പരിശോധനയ്ക്കായി എല്ലാ വാഹനങ്ങളും പോലീസിന് തടയാന്‍ കഴിയില്ലെങ്കിലും, ഒരു ഥാറോ ബുള്ളറ്റോ കണ്ടില്ലെന്ന് നടിക്കാനാവില്ല എന്ന് ഡിജിപി അന്ന് പറഞ്ഞു.
'ഞങ്ങള്‍ എല്ലാ വാഹനങ്ങളും പരിശോധിക്കാറില്ല. അതൊരു ഥാര്‍ ആണെങ്കില്‍, ഞങ്ങള്‍ എങ്ങനെ വെറുതെ വിടും? അല്ലെങ്കില്‍ ഒരു ബുള്ളറ്റ് മോട്ടോര്‍സൈക്കിള്‍ ആണെങ്കില്‍... എല്ലാ പ്രശ്‌നക്കാരും ഇത്തരം കാറുകളും ബൈക്കുകളുമാണ് ഉപയോഗിക്കുന്നത്. വാഹനം തിരഞ്ഞെടുക്കുന്നത് നിങ്ങളുടെ മാനസികാവസ്ഥയെ പ്രതിഫലിപ്പിക്കുന്നു. ഥാര്‍ ഓടിക്കുന്നവര്‍ റോഡില്‍ അഭ്യാസപ്രകടനങ്ങള്‍ നടത്തുന്നു.' -അദ്ദേഹം പറഞ്ഞു.
അന്തരിച്ച നടന്‍ സുശാന്ത് സിങ് രജ്പുത്തിന്റെ ഭാര്യാസഹോദരന്‍ കൂടിയായ ഹരിയാണ ഡിജിപി, ഥാര്‍ ഓടിക്കുന്നവരുമായി, പ്രത്യേകിച്ച് യുവാക്കള്‍ക്കിടയിലുള്ള സ്വഭാവത്തെക്കുറിച്ച് വിശദീകരിച്ചു. 'ഥാര്‍ ഒരു കാര്‍ മാത്രമല്ല, 'ഇങ്ങനെയാണ് ഞാന്‍' എന്ന് പറയുന്ന ഒരു പ്രസ്താവന കൂടിയാണ് അത്. ഈ പ്രവണത ഒരു സ്റ്റാറ്റസ് സിംബലായി മാറിയിരിക്കുന്നു.' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlights: 'Insult to All Thar Owners': Thar Owner Sends Legal Notice to Haryana DGP O P Singh Over 'Criminal Mentality' Remark
Published: 27 Nov 2025, 08:47 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented