കോട്ടയം: വിരമിച്ച മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ ടോമിൻ തച്ചങ്കരി തന്റെ വാഹനത്തിൽ ഔദ്യോഗിക പദവിയെ സൂചിപ്പിക്കുന്ന നക്ഷത്രങ്ങൾ അനധികൃതമായി പ്രദർശിപ്പിച്ചതിൽ അന്വേഷണം. സംഭവത്തിൽ കോട്ടയം എസ്പിയോട് സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ റിപ്പോർട്ട് തേടി. ടോമിൻ തച്ചങ്കരിയുടെ വാഹനത്തിലെ നക്ഷത്രത്തെക്കുറിച്ച് മാതൃഭൂമി ന്യൂസ് വാർത്ത പുറത്തു വിട്ടതിന് പിന്നാലെയാണ് നടപടി.

To advertise here,

ഒരു കേസുമായി ബന്ധപ്പെട്ട് കോട്ടയം കോടതിയിലെത്തിയപ്പോഴായിരുന്നു കാറിൽ നന്പർ പ്ലേറ്റിന് സമീപം സ്ഥാപിച്ചിരുന്ന ഔദ്യോഗിക ചിഹ്നം ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് നിയമലംഘനം ചൂണ്ടിക്കാട്ടിയതോടെ ധൃതിയിൽ വാഹനത്തിലെ ബോർഡ് മാറ്റാൻ ശ്രമിക്കുകയും സ്ഥലത്തുനിന്ന് വാഹനം നീക്കുകയും ചെയ്തു.

തച്ചങ്കരി സേവനത്തിൽനിന്ന് വിരമിച്ച് മൂന്നു വർഷക്കാലവും ഈ ബോർഡ് വെച്ചുകൊണ്ടാണ് യാത്ര ചെയ്തിരുന്നതെന്നും പലയിടങ്ങളിലും വെച്ച് ഇത്തരത്തിൽ നക്ഷത്ര ചിഹ്നമുള്ള കാർ ഉപയോഗിച്ചിരുന്നതായും നേരത്തെ വിവരം ഉണ്ടായിരുന്നു. വാർത്ത വന്നതിന് പിന്നാലെ തച്ചങ്കരിക്കെതിരേ പരാതികളും ഉയർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. 

ഇതുകൂടാതെ, ടോമിൻ തച്ചങ്കരി ഇപ്പോഴും പോലീസിന്റെ ഔദ്യോഗിക സീരിസിലുള്ള ഫോൺ നമ്പറാണ് ഉപയോഗിക്കുന്നതെന്നും വിവരമുണ്ട്. വിരമിച്ചതിനു ശേഷവും അദ്ദേഹം ഫോൺ നമ്പർ മാറ്റിയിട്ടില്ല. ഈ നമ്പർ എങ്ങനെയാണ് അദ്ദേഹം ഇപ്പോഴും ഉപയോഗിക്കുന്നത് എന്നതിനെ സംബന്ധിച്ച് സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം നടക്കുന്നുണ്ട്.

സാധാരണഗതിയിൽ പോലീസിന്റെ നമ്പർ സീരിസ് എല്ലാം ബിഎസ്എൻഎൽ ആണ്. എന്നാൽ, തച്ചങ്കരി ഉപയോഗിക്കുന്ന പോലീസ് സീരിസിലുള്ള നമ്പർ മറ്റൊരു സേവനദാതാവിന്റേതാണ്. റിട്ടയർ ചെയ്തശേഷം ഔദ്യോഗിക നമ്പർ പോർട്ട് ചെയ്തോ എന്ന കാര്യവും രഹസ്യാന്വേഷണ വിഭാഗം അന്വേഷിക്കുന്നുണ്ട്.