
രാഹുൽ മാങ്കൂട്ടത്തിൽ | Photo: Facebook/Rahul Mamkootathil
പത്തനതിട്ട: ബലാത്സംഗക്കേസിൽ അറസ്റ്റിലായ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ പതിനാലുദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്തു. പത്തനംതിട്ട ജനറൽ ആശുപത്രിയിലെ വൈദ്യപരിശോധനയ്ക്കുശേഷം ഉച്ചയോടെയാണ് രാഹുലിനെ മജിസ്‌ട്രേട്ട് മുൻപാകെ ഹാജരാക്കിയത്. മാവേലിക്കര സബ് ജയിലിലേക്കാകും രാഹുലിനെ മാറ്റുക.
ഐപിസി 376, 506 വകുപ്പുകളാണ് രാഹുലിന് മേൽ ചുമത്തിയിട്ടുള്ളത്. പ്രതി നിയമസഭാ സാമാജികനും ഉന്നതരാഷ്ട്രീയ-ഉദ്യോഗസ്ഥ ബന്ധമുള്ളയാളുമാണെന്ന് റിമാൻഡ് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. ഇക്കാരണങ്ങൾ കൊണ്ടുതന്നെ പ്രതി, അതിജീവിതയെ ഭീഷണിപ്പെടുത്താനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ട്. കേസ് രജിസ്റ്റർ ചെയ്ത ശേഷവും അതിജീവിതമാരെ ഭീഷണിപ്പെടുത്തുകയും കേസിൽനിന്ന് പിന്തിരിപ്പിക്കാൻ ശ്രമിച്ചിട്ടുമുണ്ട്. അത് ഈ കേസിലും ആവർത്തിക്കാനിടയുണ്ട്. അതിനാൽ ജാമ്യം നൽകരുതെന്ന് അന്വേഷണസംഘം റിപ്പോർട്ടിൽ പറയുന്നു.
ഞായറാഴ്ച പുലർച്ചെയാണ് പാലക്കാട്ടെ ഹോട്ടലിൽനിന്ന് രാഹുലിനെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. പത്തനംതിട്ട തിരുവല്ല സ്വദേശിനിയായ യുവതിയാണ് രാഹുലിനെതിരേ പരാതി നൽകിയിരുന്നത്.
രാഹുലിനെതിരേ ഉയർന്ന മൂന്നാമത്തെ ബലാത്സംഗ പരാതിയിലാണ് ഇപ്പോൾ അറസ്റ്റ് നടന്നിട്ടുള്ളത്. പരാതിക്കാരിയുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.
യുവതി വീഡിയോ കോൺഫറൻസിങ് വഴി എഐജി ജി. പൂങ്കുഴലി മുൻപാകെയാണ് മൊഴി നൽകിയത്. ഇതിൽ പത്തനംതിട്ടയിലെ ഒരു ഹോട്ടലിൽ വെച്ച് 2024 ഏപ്രിൽ 24-നാണ് ബലാത്സംഗം നടന്നതെന്നാണ് പറയുന്നത്. ബലാത്സംഗവും ഗർഭഛിദ്രവുമായി ബന്ധപ്പെട്ട തെളിവുകളെല്ലാം യുവതി അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്.
Content Highlights: rahul mamkoottathil mla remanded for 14 days in rape case
Published: 11 Jan 2026, 01:37 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented