തിരുവനന്തപുരം: കാലടി സംസ്‌കൃത സർവകലാശാലയിൽ 2021-ൽ നടത്തിയ 19 അധ്യാപക നിയമനങ്ങൾക്ക് അംഗീകാരമില്ലെന്ന് ഓഡിറ്റ് വിഭാഗം കണ്ടെത്തി. ഡോ. ധർമ്മരാജ് അടാട്ട് വൈസ് ചാൻസലറായിരിക്കേ നടന്ന ഈ നിയമനങ്ങൾ സർക്കാർ നിർദേശത്തിലുള്ള റോസ്റ്റർ പാലിച്ചില്ലെന്നാണ് കണ്ടെത്തൽ. നിയമനം നേടിയവരിൽ മുൻമന്ത്രി എം.ബി. രാജേഷിന്റെ ഭാര്യ നിനിത കണിച്ചേരിയും ഉൾപ്പെടും.
റാങ്ക് പട്ടിക അട്ടിമറിച്ചാണ് നിയമനമെന്ന് ആക്ഷേപം ഉയർന്നിരുന്നു. റോസ്റ്റർ പ്രകാരം ഭിന്നശേഷിക്കാർ, പട്ടികവിഭാഗക്കാർ എന്നിവർക്ക് നിയമനം നൽകിയതിന്റെ രേഖകൾ ഹാജരാക്കാൻ ഓഡിറ്റ് വിഭാഗം സർവകലാശാലയ്ക്കു കത്തുനൽകി. 2019-ലെ രണ്ടു സിൻഡിക്കേറ്റ് മിനിറ്റ്‌സുകളിൽ പല വകുപ്പുകളിലെയും അധ്യാപക ഒഴിവുകൾ വി.സി. പരസ്പരം മാറ്റിമറിച്ചെന്നും ഇതിനൊന്നും സിൻഡിക്കേറ്റ് അനുമതി നൽകിയിട്ടില്ലെന്നുമാണ് ഓഡിറ്റ് വിഭാഗത്തിന്റെ നിരീക്ഷണം.
2018-ലെ വിജ്ഞാപനപ്രകാരം മൂന്ന് അസോസിയേറ്റ് പ്രൊഫസർമാരെയും 16 അസിസ്റ്റന്റ് പ്രൊഫസർമാരെയുമാണ് നിയമിച്ചത്. കെ.കെ. സുന്ദരേശൻ (സംസ്‌കൃതം വേദാന്തം), എം.സി. അബ്ദുൾ നാസർ (മലയാളം), കെ.ബി. സെൽവമണി (മലയാളം) എന്നിവരാണ് അസോസിയേറ്റ് പ്രൊഫസർമാരായി നിയമനം നേടിയത്. ശീതൾ എസ്. കുമാർ (സോഷ്യോളജി), ആർ. ഷർമിള (ഫിലോസഫി), ശിവജ എസ്. നായർ, ആതിര ജാതവേദൻ, നിധീഷ് കണ്ണൻ, സി.കെ. സുജയ്‌കുമാർ, എം. അഷ്റഫ് അഞ്ചുപേരും (സംസ്‌കൃതം ജനറൽ), സംഗീത തിരുവാൾ, എ.എസ്. പ്രദീഷ്, ആർ. നിനിത (മൂന്നു പേരും മലയാളം), ആർ. അബ്ദുള്ള ഷാ, കെ. അബ്ദുൾ റഷീദ്, ടി.എസ്. രതി (മൂന്നു പേരും സംസ്‌കൃതം വ്യാകരണം), എ.ഇ. ഷെഫി, എം. അഭിലാഷ് (രണ്ടു പേരും ഹിസ്റ്ററി), കെ. കമറുന്നീസ (ഉർദു), എന്നിവരാണ് അസിസ്റ്റന്റ് പ്രൊഫസർമാർ.
സർക്കാർ അംഗീകാരമില്ലാതെ നിയമനം നടത്തിയതിനാൽ 2021 മുതൽ സർവകലാശാലയ്ക്ക് ഉണ്ടായ അധിക സാമ്പത്തിക ബാധ്യതയെത്തുടർന്ന് പെൻഷൻ ആനുകൂല്യങ്ങൾ തടഞ്ഞുവെച്ചിരിക്കുകയാണ്. അംഗീകാരമില്ലാതെയുള്ള നിയമനങ്ങളിൽ സമഗ്ര അന്വേഷണം നടത്തി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി കാംെപയ്ൻ കമ്മിറ്റി, വൈസ് ചാൻസലർ സിസാ തോമസിന് പരാതി നൽകി.
Content Highlights: Audit uncovers unauthorized appointments at Kaladi University, highlighting irregularities in the 2021 hiring process and prompting demands for investigation.
Published: 10 Nov 2026, 06:59 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented