വെള്ള ഷർട്ടും പാന്റ്സും, ചുവന്ന അരപ്പട്ട, മേൽവസ്ത്രത്തിന് കുറുകേ ഗോൾഡൻ സാഷ്, തലയിൽ പ്രത്യേക തൊപ്പി, സർക്കാർ ചിഹ്നമുള്ള ബാഡ്ജ്, ... കളക്ടറേറ്റിലെ ഈ 'രാജകീയ വേഷം' ചരിത്രത്തിന്റെ ഭാഗമാകുമോ..? ബ്രിട്ടീഷ് ഭരണകാലത്തിന്റെ ശേഷിപ്പായി തുടരുന്ന ദഫേദാർ (Daffedar) തസ്തികയുടെ പേരും വേഷവിതാനങ്ങളും പരിഷ്കരിക്കാനുള്ള സർക്കാർ നീക്കം റിപ്പോർട്ടുകളുടെ കുരുക്കിൽ. വിശദമായ റിപ്പോർട്ടും ശുപാർശകളും നൽകാൻ നിർദേശിച്ച 14 ജില്ലാ കളക്ടർമാരിൽ ആലപ്പുഴ കളക്ടർ മാത്രമാണ് മറുപടി നൽകിയത്.
ദഫേദാർ തസ്തികയുടെ പേരും പരമ്പരാഗത വസ്ത്രധാരണ രീതിയും കാലാനുസൃതമായി പരിഷ്കരിക്കണമെന്നാവശ്യപ്പെട്ട് മലപ്പുറം സ്വദേശിയായ ഒരു ജീവനക്കാരനാണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. ബ്രിട്ടീഷ് ഭരണകാലം മുതൽ തുടർന്നുവരുന്ന രീതികളിൽ മാറ്റം വേണമെന്ന ആവശ്യം പരിഗണിച്ചാണ് സർക്കാർ ജില്ലാ കളക്ടർമാരുടെ അഭിപ്രായം തേടിയത്. തസ്തികയുടെ വസ്ത്രധാരണരീതിയിൽ മാറ്റം ആവശ്യമുണ്ടോ, ഇതുസംബന്ധിച്ച് പുതിയ ഉത്തരവുകൾ പുറപ്പെടുവിക്കേണ്ടതുണ്ടോ, ’ദഫേദാർ’ എന്ന പേര് മാറ്റണമോ തുടങ്ങിയ കാര്യങ്ങളിലാണ് കളക്ടർമാരുടെ അഭിപ്രായം തേടിയിരിക്കുന്നത്. ബാക്കി 13 കളക്ടർമാരുടെകൂടി റിപ്പോർട്ട് ലഭിച്ചശേഷമാകും അന്തിമ തീരുമാനം.
വേഷം പ്രൗഢം; ജോലിക്ക് സമയപരിധിയില്ല!
കളക്ടറുടെ അകമ്പടിക്കാരൻ മാത്രമല്ല ദഫേദാർ. സന്ദർശകരെ ചേംബറിലേക്ക് കടത്തിവിടുക, അവർക്ക് ആവശ്യമായ നിർദേശങ്ങൾ നൽകുക, കളക്ടറുടെ ചേംബറിൽ വേണ്ട ക്രമീകരണങ്ങൾ ഒരുക്കുക തുടങ്ങിയവയാണ് പ്രധാന ചുമതലകൾ. കളക്ടർ ഓഫീസിലെത്തിയാൽ പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെ ഒപ്പമുണ്ടാകേണ്ടിവരും. കൃത്യമായ സമയക്രമമില്ലാത്ത ഈ തസ്തികയിലേക്ക് സീനിയർ ഓഫീസ് അറ്റൻഡർമാരിൽനിന്നാണ് നിയമനം നടത്തുന്നത്. എറണാകുളം ഉൾപ്പെടെ ചില ജില്ലകളിൽ ദഫേദാർ വേഷം ധരിക്കാൻ ജീവനക്കാർ മുന്നോട്ടുവരുന്നില്ലെന്നതും ശ്രദ്ധേയമാണ്.
Content Highlights: Kerala government seeks feedback on modernizing the daffedar post, a remnant of British rule, with only one collector responding so far.
Published: 10 Nov 2026, 06:33 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented