കോഴിക്കോട്: ഡിസ്ചാർജ് ചെയ്തിട്ടും കൊണ്ടുപോകാനാളില്ലാതെ വയോധിക സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞസംഭവത്തിൽ സംരക്ഷണം മക്കൾ ഏറ്റെടുക്കണമെന്ന് ഉത്തരവിട്ട് ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി.
വലതുപാദത്തിൽ മുറിവുവന്ന് പുഴുവരിച്ചനിലയിൽ കഴിഞ്ഞ ഒക്ടോബർ 12-നാണ് കൊയിലാണ്ടി ആനക്കുളം സ്വദേശിനിയും എഴുപതുകാരിയുമായ ശോഭയെ മകൻ ശ്രീജിത്ത് കോഴിക്കോട് പി.വി.എസ്. സൺറൈസ് ആശുപത്രിയിലാക്കിയത്. ഒക്ടോബർ 24-ന് ഡിസ്ചാർജ് നിർദേശിച്ചിട്ടും മക്കളോ മാനേജരോ ഇവരെ കൊണ്ടുപോയില്ല. തുടർന്ന് ആശുപത്രി അധികൃതർ കളക്ടർക്കും ടൗൺപോലീസിനും പരാതിനൽകുകയായിരുന്നു. കളക്ടറേറ്റിലെയും സാമൂഹികനീതി വകുപ്പിലെയും ഉദ്യോഗസ്ഥരും ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയും ഇടപെട്ടതിനെത്തുടർന്ന് നവംബർ മൂന്നിനാണ് മകനും മാനേജരും ശോഭയെ ഡിസ്ചാർജ് ചെയ്തത്.
മാതൃഭൂമി വാർത്തയെത്തുടർന്ന് സ്വമേധയാ എടുത്ത കേസിൽ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറിയും സീനിയർ ഡിവിഷൻ സിവിൽ ജഡ്ജിയുമായ എം.സി. ബിജുവാണ് ഉത്തരവിട്ടത്. മാനേജർ എന്ന് വിളിക്കുന്ന സുരേഷ് ബാബു, ശോഭയുടെ പേരിലുള്ള ഭൂമി വിറ്റതായും ഈ തുക ഇയാൾ കൈമാറിയിട്ടില്ലെന്നും അതോറിറ്റി നേരത്തേ കണ്ടെത്തിയിരുന്നു. ഭൂമിവിറ്റ 50 ലക്ഷം രൂപ ശോഭയുടെയും മൂന്നു മക്കളുടെയും പേരിലുള്ള ജോയിന്റ് അക്കൗണ്ടിൽ നിക്ഷേപിക്കാനും ഉത്തരവിട്ടു.
തിങ്കളാഴ്ചനടന്ന ഹിയറിങ്ങിൽ മക്കളായ ശ്രീജിത്ത്, സ്വപ്ന, മനേജരായ സുരേഷ് ബാബു, ചേമഞ്ചേരി വില്ലേജ് ഓഫീസർ, ചേവായൂർ പോലീസ് എസ്.എച്ച്.ഒ., ടൗൺ പോലീസ് എസ്.എച്ച്.ഒ. എന്നിവർ ഹാജരായി. വിദേശത്തുള്ള മകൻ രഞ്ജിത്ത് വീഡിയോ കോൺഫറൻസിലൂടെ പങ്കെടുത്തു. ശോഭ നിലവിൽ കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
Content Highlights: District Legal Services Authority directed children to take responsibility for their elderly mother Shobha., Shobha was abandoned at a private hospital in Kozhikode even after being cleared for discharge., An inquiry revealed land worth 50 lakhs was sold, and the proceeds were ordered to be deposited in a joint account., The elderly woman was later shifted to Kozhikode Government Medical College Hospital for further treatment.
Published: 10 Nov 2026, 07:40 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented