പേരാവൂർ (കണ്ണൂർ): തന്റെയും ബി.ജെ.പി.യുടെയും സാമ്പത്തിക താത്പര്യങ്ങൾക്കുവേണ്ടിയാണ് രാജ്യത്തെ കർഷകരെ തകർക്കുന്ന ഇന്ത്യ-യു.എസ്. ഇടക്കാല വ്യാപാരക്കരാറിൽ മോദി ഭരണകൂടം ഒപ്പിട്ടതെന്ന് പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി. പേരാവൂർ തൊണ്ടിയിൽ കെ.പി.സി.സി. സംഘടിപ്പിച്ച കർഷകസംഗമത്തിൽ സംവദിക്കുകയായിരുന്നു അദ്ദേഹം.

To advertise here,

രാഷ്ട്രപതി പാർലമെന്റിനെ അഭിസംബോധന ചെയ്തപ്പോൾ പ്രതിപക്ഷനേതാവ് എന്ന നിലയിൽ പ്രസംഗിക്കാൻ തന്നെ അനുവദിച്ചില്ല. പ്രധാനമന്ത്രിയും അമിത്ഷായും സ്പീക്കർ ഉൾപ്പെടെയും പ്രസംഗം തടസ്സപ്പെടുത്തി. രാഷ്ട്രപതി അഭിസംബോധന ചെയ്യുമ്പോൾ പ്രതിപക്ഷനേതാവിനെ സംസാരിക്കാൻ അനുവദിക്കാത്തത് ചരിത്രത്തിൽ ആദ്യമാണ്.

താൻ രണ്ട്‌ വിഷയങ്ങൾ ഉന്നയിച്ചാൽ പ്രധാനമന്ത്രി പ്രതിസന്ധിയിലാകുമെന്ന് മനസ്സിലാക്കിയാണ് അത് ചെയ്തത്. ഇനിയും പുറത്തുവരാനുള്ള എപ്‌സ്റ്റീൻ ഫയലുകളെക്കുറിച്ചായിരുന്നു ആദ്യത്തേത്.

ഈ ഫയലുകളിൽ ഇന്ത്യൻ പ്രധാനമന്ത്രിയെക്കുറിച്ചുള്ള വിവരങ്ങളുണ്ട്. പുറത്തുവന്ന കേന്ദ്രമന്ത്രി ഹർദീപ് പുരിയെക്കുറിച്ചും വ്യവസായി അനിൽ അംബാനിയെക്കുറിച്ചുമുള്ള വിവരങ്ങൾ പ്രധാനമന്ത്രിയെ ലക്ഷ്യം വെക്കുന്നവയായിരുന്നു. പ്രധാനമന്ത്രിയുടെയും ബി.ജെ.പി.യുടെയും സാമ്പത്തിക അടിത്തറയായ അദാനിയുടെ പേരിലുള്ള കേസാണ് മറ്റൊന്ന്. തങ്ങൾ ആവശ്യപ്പെടുന്നതുപോലെ ചെയ്തില്ലെങ്കിൽ എല്ലാ സാമ്പത്തിക ഇടപാടുകളുടെയും വിവരങ്ങൾ പുറത്തുവിടുമെന്ന ഭീഷണിയാണ് പ്രധാനമന്ത്രിക്ക്‌ നേരിടേണ്ടിവന്നത്.

ഇനിയും പുറത്തുവരാനുള്ള 3.5 ദശലക്ഷം എപ്‌സ്റ്റീൻ ഫയലുകളും വ്യവസായിയായ ഗൗതം അദാനിയുടെ പേരിൽ അമേരിക്കയിലുള്ള കേസും കാണിച്ചാണ് പ്രധാനമന്ത്രിയെ ഭീഷണിപ്പെടുത്തിയതെന്നും രാഹുൽ ആരോപിച്ചു.

അമേരിക്കയിലുള്ളത് ആധുനിക യന്ത്രവത്കരണത്തിന്റെ സഹായത്തോടെയുള്ള വൻകിട ഫാമുകളാണ്. അവർക്ക് ഇന്ത്യൻ വിപണി തുറന്നുനൽകുന്നത് ക്രിമിനൽ പ്രവൃത്തിയാണ്. ഒരു പ്രധാനമന്ത്രിയും രാജ്യത്തോട് ഇങ്ങനെ ചെയ്യില്ല- രാഹുൽ പറഞ്ഞു.