മുംബൈ: ഉയർന്ന തുകയ്ക്കുള്ള യു.പി.ഐ. ഇടപാടുകൾക്ക് വ്യാപാരി കമ്മിഷൻ (മർച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ്) കൊണ്ടുവരാൻ കേന്ദ്രസർക്കാൻ നിയമ ഭേദഗതി കൊണ്ടുവന്നത് അമേരിക്കയുടെ സമ്മർദത്താലെന്ന് ആരോപണം. യു.പി.ഐ., റുപേ കാർഡ് ഇടപാടുകൾ സൗജന്യമാക്കുന്നത് ഇന്ത്യൻ കമ്പനികൾക്കു നേട്ടമാണെന്നും യു.എസ്. കാർഡ് കമ്പനികളുടെ വരുമാനത്തെ ഇതു ബാധിക്കുന്നതായും 2026 മാർച്ചിൽ യു.എസ്. ട്രേഡ് റെപ്രസന്റേറ്റീവ്‌സ് (യു.എസ്.ടി.ആർ.) റിപ്പോർട്ട് പുറത്തിറക്കിയിരുന്നു. ഇന്ത്യയുമായുള്ള വ്യാപാരക്കരാർ ചർച്ചയിൽ അമേരിക്കൻ പ്രതിനിധികൾ ഇക്കാര്യം ഉന്നയിച്ചതായും റിപ്പോർട്ടുകളുണ്ട്. ഇതിനു പിന്നാലെയാണ് സർക്കാർ നിയമഭേദഗതിക്കായി നടപടിയെടുത്തതെന്നാണ് ആരോപണം.

To advertise here,

യു.പി.ഐ. സംവിധാനത്തിന്റെ സാമ്പത്തിക സുസ്ഥിരതയാണ് നിയമഭേദഗതിക്കടിസ്ഥാനമെന്ന വാദത്തിൽ കഴമ്പില്ലെന്നും ഭാവിയിൽ ഫീസീടാക്കാൻ തുടങ്ങിയാൽ അത് സാധാരണക്കാരായ ഉപഭോക്താക്കളിലേക്കാണെത്തുകയെന്നും കോൺഗ്രസ് നേതാവ് ജയറാം രമേഷ് എക്‌സിൽ കുറിച്ചു. യു.പി.ഐ.യെ തളർത്തി ഡിജിറ്റൽ പെയ്മന്റ് മേഖല അമരിക്കൻ വ്യവസായങ്ങൾക്കായി തുറന്നുകൊടുക്കാനാണ് പദ്ധതിയിടുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഇതിനു മറുപടിയുമായി ധനമന്ത്രി നിർമലാ സീതാരാമൻ രംഗത്തെത്തി. യു.പി.ഐ. ഉൾപ്പെടെയുള്ള പെയ്മന്റ് സൗകര്യങ്ങൾക്ക് കൂടുതൽ നിക്ഷേപം നടത്താൻ ബാങ്കുകൾക്കും ഫിൻടെക് കമ്പനികൾക്കും പിന്തുണ നൽകാനാണ് നിയമഭേദഗതിയെന്നാണ് ധനമന്ത്രിയുടെ വാദം. ഇത്തരത്തിലുള്ള നിക്ഷേപത്തിന്റെ നേട്ടം എല്ലാ യു.പി.ഐ. ഉപഭോക്താക്കൾക്കും ലഭിക്കും. വ്യാപാരികൾക്കുമാത്രമാണ് ഇതു ബാധകമാകുകയെന്നും ഉപഭോക്താക്കളെ ബാധിക്കില്ലെന്നും ധനമന്ത്രി അവകാശപ്പെട്ടു.

അമേരിക്കയുടെ നിർബന്ധത്തിനു വഴങ്ങി ഇന്ത്യയുടെ ഡിജിറ്റൽ സൗകര്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യരുതെന്ന് വ്യാപാരരംഗത്തെ ഗവേഷണസ്ഥാപനമായ ഗ്ലോബൽ ട്രേഡ് റിസർച്ച് ഇനിഷ്യേറ്റീവ് (ജി.ടി.ആർ.ഐ.) സ്ഥാപകൻ അജയ് ശ്രീവാസ്തവ മുന്നറിയിപ്പു നൽകി.

രാജ്യത്ത് ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് യു.പി.ഐ., റുപേ കാർഡ് ഇടപാടുകൾ സൗജന്യമായി നിലനിർത്തിയത്. ഇവയ്ക്ക് ഫീസ് കൊണ്ടുവരാൻ നിയമത്തിൽ വ്യവസ്ഥയും ഉണ്ടായിരുന്നില്ല. ഇതിനെ മറികടന്ന് ഭാവിയിൽ ഇടപാടുകൾക്ക് വ്യാപാരി കമ്മിഷൻ ഏർപ്പെടുത്താൻ സർക്കാരിനെ അനുവദിക്കുന്ന രീതിയിൽ 'ടാക്‌സേഷൻ ആൻഡ് അദർ ലോസ് (ഭേദഗതി) ബിൽ ആണ് സഭ പാസാക്കിയിരിക്കുന്നത്. ഡിജിറ്റൽ ഇടപാടുകൾക്ക് വ്യാപാരികളിൽനിന്ന് ബാങ്കുകളോ പെയ്മെന്റ് സേവന കമ്പനിയോ ഈടാക്കുന്ന ഫീസാണ് മർച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് അല്ലെങ്കിൽ എം.ഡി.ആർ. ഇത് വ്യാപാരികളിൽനിന്നാണ് ഈടാക്കുക. വ്യാപാരികൾ ഇത് ഉപഭോക്താക്കളിലേക്കു കൈമാറിയാൽ ഡിജിറ്റൽ ഇടപാടിന് ഉപഭോക്താക്കൾക്ക് ചെലവേറും.

യു.പി.ഐ. സേവനങ്ങളുമായി തേർഡ് പാർട്ടി ആപ്പുകളായ ഗൂഗിൾ പേയും ഫോൺ പേയുമാണ് വിപണി വിഹിതത്തിൽ മുന്നിലുള്ളത്. എം.ഡി.ആർ. നടപ്പാക്കാത്തത് ഈ കമ്പനികൾക്കു കടുത്ത നഷ്ടമാണെന്ന് യു.എസ്. ആരോപിച്ചിരുന്നു.