തട്ടിപ്പിന്റെ സൂത്രധാരൻ ഉൾപ്പെടെയുള്ള ബാക്കി പ്രതികൾക്കായി അന്വേഷണം ഊർജിതമായി നടക്കുകയാണ്

കോഴിക്കോട്: പന്തീരാങ്കാവ് ടോൾപ്ലാസയിലെ ജീവനക്കാരുടെ തട്ടിപ്പ് കണ്ടെത്തിയത് യാത്രക്കാരൻ. ടോൾപ്ലാസയിലൂടെ കടന്നുപോയ ഒരു കുടുംബം ഫാസ് ടാഗിൽ പണമടയ്ക്കാൻ കഴിയാതെ വന്നതോടെ ക്യു.ആർ. കോഡിനെ ആശ്രയിച്ചതോടെയാണ് തട്ടിപ്പിന്റെ ചുരുളഴിയുന്നത്. പണം സ്വകാര്യ അക്കൗണ്ടിലേക്കാണ് പോയതെന്ന് മനസ്സിലാക്കിയ വാഹനയുടമ രാജ്മാർഗ് യാത്രാപോർട്ടൽ വഴി പരാതിനൽകുകയായിരുന്നു. തുടർന്ന്, ടോൾപ്ലാസ അധികൃതർ സി.സി.ടി.വി. പരിശോധിച്ചപ്പോഴാണ് ജീവനക്കാർ തട്ടിപ്പ് നടത്തുന്നതിന്റെ കൂടുതൽ തെളിവുകൾ കിട്ടിയത്. ഉടൻതന്നെ പന്തീരാങ്കാവ് പോലീസിൽ പരാതി നൽകുകയായിരുന്നു.
തുടർന്നാണ് ടോൾപ്ലാസയിലെ ജീവനക്കാരനായ മധ്യപ്രദേശ് സ്വദേശി നവീൻ സിങ് ബദോരിയ പിടിയിലായത്. തട്ടിപ്പിന്റെ സൂത്രധാരനായ കമ്പനി ഷിഫ്റ്റ് ഇൻ ചാർജ് വിപിൻ രാജ്പുത് (23), സഹജീവനക്കാരായ ഉമാശങ്കർ (40), ഹരിമോഹൻ (19), മോണ്ടി രാജ്പുത് (21), ശിവം (21) എന്നിവരെ കണ്ടെത്താനുള്ള അന്വേഷണം ഊർജിതമായി പുരോഗമിക്കുകയാണ്. ഇവരെല്ലാം ഒളിവിലാണ്.
ടോൾപ്ലാസയിൽ ടോൾ പിരിക്കാൻ കരാറെടുത്ത കമ്പനിയുടേതിനുപകരം മുഖ്യപ്രതി വിപിൻ രാജ്പുത് നൽകിയ ക്യു.ആർ. കോഡിലേക്ക് പണം സ്വീകരിച്ചായിരുന്നു തട്ടിപ്പ്. ഏഴുലക്ഷം രൂപയോളമാണ് ഇത്തരത്തിൽ തട്ടിയെടുത്തത്. ഫാസ്ടാഗ് ഇല്ലാത്ത വാഹനങ്ങൾ വരുമ്പോഴാണ്, സ്വന്തം ക്യു.ആർ. കോഡ് കാണിച്ച് ഇവർ യാത്രക്കാരിൽ നിന്ന് പണം സ്വീകരിച്ചത്.
സെപ്റ്റംബർ രണ്ടിനും ഒക്ടോബർ അഞ്ചിനുമിടയിൽ ഏഴുലക്ഷത്തിലധികം രൂപ നഷ്ടപ്പെട്ടെന്നാണ് ടോൾപ്ലാസ കമ്പനിയായ സ്കൈലാർക്ക് ഇൻഫ്രാ എൻജിനിയറിങ് പ്രൈവറ്റ് ലിമിറ്റഡ് മാനേജർ അമിത് കുമാർ ശർമ പന്തീരാങ്കാവ് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്.
തട്ടിപ്പിന് പല ക്യു.ആർ. കോഡുകൾ
സ്വന്തം നമ്പറിലുള്ള ക്യു.ആർ. കോഡിനുപകരം നാട്ടിലുള്ള മറ്റൊരു നമ്പറിലാണ് വിപിൻ രാജ്പുത് ക്യു.ആർ. കോഡ് ഉണ്ടാക്കിയത്. രണ്ടുദിവസം കൂടുമ്പോൾ കോഡ് മാറ്റിക്കൊണ്ടിരുന്നതായും സംശയിക്കുന്നുണ്ട്. ഇതുവഴി പണമടച്ച വാഹനങ്ങളുടെ എണ്ണവും മറ്റുവിവരങ്ങളും വാട്സാപ്പിലൂടെ കൈമാറിയിരുന്നതായും ടോൾപ്ലാസ അധികൃതർ കണ്ടെത്തി. തട്ടിപ്പിൽ പങ്കാളികളായവരുടെ അക്കൗണ്ടിലേക്ക് മാസത്തിൽ 66,000 രൂപവരെ വിപിൻ രാജ്പുത് അയച്ചതായി കമ്പനി അധികൃതർ പറയുന്നു. സബ് ഇൻസ്പെക്ടർ എൻ. രാജ്കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം. പിടിയിലായ പ്രതി നവീൻസിങ് ബദോരിയയെ കോടതിയിൽ ഹാജരാക്കി റിമാൻഡുചെയ്തു.
Content Highlights: A vigilant passenger exposed a major fraud at Pantheerankavu toll plaza, where staff used personal QR codes to divert over ₹7 lakh in toll payments into private accounts instead of official channels.
Published: 17 Oct 2026, 09:11 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented