പെരിന്തൽമണ്ണ: കനത്ത മഴയത്ത് അർധരാത്രി പാലത്തിനുമുകളിൽ തോട്ടിലേക്കു ചാടി ആത്മഹത്യചെയ്യാനെത്തിയ മാതാവിനും ഒപ്പമുണ്ടായിരുന്ന രണ്ടു പിഞ്ചുമക്കൾക്കും രക്ഷകരായി പോലീസ്. മങ്കട സ്റ്റേഷൻ പരിധിയിലെ മക്കരപ്പറമ്പ്-കോഴിക്കോട്ടുപറമ്പ് റോഡിലാണ് സംഭവം. രാത്രികാല പരിശോധയ്ക്കിടെ വ്യാഴാഴ്ച രാത്രി 12.30-ന്

To advertise here,

മങ്കട സ്റ്റേഷനിലെ എ.എസ്.ഐ. ജിഷ, എസ്.സി.പി.ഒ. പ്രശാന്ത് പയ്യനാട് എന്നിവരാണ് കനത്തമഴയിൽ കുടപോലുമില്ലാതെ മാതാവും രണ്ടു പിഞ്ചുകുട്ടികളും പാലത്തിനു മുകളിൽ നിൽക്കുന്നതുകണ്ടത്. പരിശോധനയിലുണ്ടായിരുന്ന പെരിന്തൽമണ്ണ സ്റ്റേഷൻ ഇൻസ്പെക്ടർ സുമേഷ് സുധാകരൻ, സിവിൽ പോലീസ് ഓഫീസർ സുരേന്ദ്രബാബു എന്നിവരെക്കൂടി ഇവർ ഉടൻതന്നെ വിവരമറിയിച്ചു.

നാലു പോലീസുകാരും ചേർന്ന് യുവതിയോട് കാര്യം തിരക്കിയപ്പോഴാണ് ഭർത്താവ് തിരിഞ്ഞുനോക്കാത്തതും രണ്ടു പിഞ്ചുമക്കളുമായി കഷ്ടപ്പെട്ട് ജീവിക്കുന്നതിന്റെ ദുരിതവും ഒടുവിൽ മരിക്കാൻ തീരുമാനിച്ച് വീടുവിട്ടിറങ്ങിയതുമെല്ലാം യുവതി തുറന്നുപറയുന്നത്. പോലീസ് പ്രശ്‌നങ്ങൾക്കു പരിഹാരം കാണാമെന്നുപറഞ്ഞ് യുവതിയെ അനുനയിപ്പിച്ച് ഒന്നരക്കിലോമീറ്റർ അകലെയുള്ള ഇവരുടെ വാടകവീട്ടിൽ എത്തിക്കുകയായിരുന്നു.

തൊട്ടടുത്ത് താമസിക്കുന്ന ആളുകളോട് കാര്യം പറഞ്ഞശേഷം പോലീസ് രാത്രികാലപരിശോധന തുടർന്നു. എന്നാൽ പുലർച്ചെ 3.30-ന് യുവതി കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചതായുള്ള വിവരമാണ് പോലീസിനെ തേടിയെത്തിയത്. ഇതേ പോലീസ് സംഘം പുലർച്ചെ യുവതിയെ ജില്ലാ ആശുപത്രിയിൽ എത്തിച്ചു. ചികിത്സയ്ക്കുശേഷം കേരള സർക്കാരിനു കീഴിൽ പെരിന്തൽമണ്ണയിൽ പ്രവർത്തിക്കുന്ന സഖി വൺ സ്റ്റോപ്പ് സെന്ററിലാണ് യുവതിയും ഒന്നരവയസ്സുള്ള മകളും മൂന്നരവയസ്സുള്ള മകനും ഇപ്പോഴുള്ളത്.

സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങൾ തടയുന്നതിനും അവർക്ക് ഒറ്റച്ചരടിൽ എല്ലാവിധ സഹായങ്ങളും ലഭ്യമാക്കുന്നതിനുമായി പ്രവർത്തിക്കുന്ന സഖി വൺ സ്റ്റോപ്പ് സെന്റർ വഴി യുവതിക്ക് വൈദ്യ-നിയമ-കൗൺസലിങ് സഹായങ്ങൾ ലഭ്യമാകുമെന്ന് പോലീസ് പറഞ്ഞു.