തിരുവനന്തപുരം: ‘‘പോടാ പുല്ലേ പോലീസേ, പിണറായിയുടെ തെമ്മാടികളേ’’ പോലീസിനെതിരേ മുദ്രാവാക്യം വിളിച്ച് മുൻ ഡി.ജി.പി.യും നഗരസഭയിലെ ബി.ജെ.പി. കാൺസിലറുമായ ആർ. ശ്രീലേഖ. നെട്ടയത്തുനടന്ന സംഘർഷത്തിൽ അറസ്റ്റുചെയ്യപ്പെട്ട ബി.ജെ.പി. പ്രവർത്തകർക്ക് മർദനമേറ്റതിൽ പ്രതിഷേധിച്ച് വട്ടിയൂർക്കാവ് പോലീസ് സ്‌റ്റേഷനിലേക്ക് ചൊവ്വാഴ്ച നടത്തിയ മാർച്ചിലാണ് ശ്രീലേഖ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചത്.

To advertise here,

മഴയത്ത് പ്രവർത്തകർക്കൊപ്പം റോഡിലിരുന്നായിരുന്നു പ്രതിഷേധം. ‘‘കാക്കിക്കുള്ളിൽ പോലീസെങ്കിൽ നിയമം ഞങ്ങൾ പാലിക്കും. കാക്കിക്കുള്ളിൽ സി.പി.എമ്മെങ്കിൽ പോടാ പുല്ലേ പോലീസേ. കാക്കികൊണ്ടും തോക്കുകൊണ്ടും അടിച്ചമർത്താൻ നോക്കരുത്’’ എന്നിങ്ങനെ പ്രവർത്തകർ വിളിക്കുന്ന മുദ്രാവാക്യം ശ്രീലേഖ ഏറ്റുവിളിച്ചു.

മുദ്രാവാക്യം വിളിച്ചതിനുപിന്നിലെ കാരണങ്ങൾ നിരത്തി സാമൂഹികമാധ്യമത്തിൽ ശ്രീലേഖ കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്. സി.പി.എമ്മിന്റെ നിർദേശപ്രകാരം വട്ടിയൂർക്കാവ് എസ്.എച്ച്.ഒ. വിപിനും എസ്.ഐ. ദീപു പിള്ളയും ചേർന്ന് ഒരു മാസത്തിലേറെയായി ബി.ജെ.പി. പ്രവർത്തകരെ തിരഞ്ഞുപിടിച്ച് മർദിക്കുകയാണെന്നാണ് കുറിപ്പിലെ ആരോപണം.

‘ബി.ജെ.പി. പ്രവർത്തകരെ മർദിച്ച പോലീസുകാർക്കെതിരേ നടപടിയില്ലാത്തതിൽ കഷ്ടം തോന്നുന്നു. 33 വർഷം പ്രവർത്തിച്ചത് ഇങ്ങനെയുള്ള ഒരു സേനയിലാണോ എന്നോർത്ത് നാണം തോന്നുന്നു. വെറുതേയാണോ പോലീസിനെ ജനം ഇത്രമാത്രം വെറുക്കുന്നത്?’ -ശ്രീലേഖ കുറിപ്പിൽ ചോദിക്കുന്നു. ബുധനാഴ്ച കമ്മിഷണർ ഓഫീസിലേക്ക് ബി.ജെ.പി. നടത്തിയ മാർച്ചിൽ ശ്രീലേഖ പങ്കെടുത്തില്ല.