കോഴിക്കോട്: ശനിയാഴ്ച തിരുവണ്ണൂർവഴി പോയവരെല്ലാം മണിക്കൂറുകളോളം പെരുവഴിയിലായി. ഇത്രവലിയ ഗതാഗതക്കുരുക്കുണ്ടാക്കാൻമാത്രം ഏത് വി.ഐ.പിയാണ് സ്ഥലത്തെത്തിയതെന്ന് ചോദിച്ചാൽ ആളുകൾ ഒന്നടങ്കം ബൈപ്പാസിലെ മരത്തിനുമുകളിലേക്ക് വിരൽ ചൂണ്ടും. അവിടെ കൊമ്പിൽ ചുറ്റിപ്പിണഞ്ഞ് നഗരക്കാഴ്ചകളെല്ലാംകണ്ട് ആസ്വദിച്ചിരിക്കുകയാണ് കൂറ്റനൊരു പെരുമ്പാമ്പ്.
‘ക്ഷണിക്കപ്പെടാതെയെത്തിയ ഈ അതിഥിയാണ്’ നാട്ടുകാരെയും അധികൃതരെയും ഒരുപോലെ നട്ടംതിരിച്ചത്. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. മരത്തിനുമുകളിൽ പാമ്പിനെ കണ്ടതോടെ പ്രദേശത്ത് നാട്ടുകാർ തടിച്ചുകൂടി.
എന്നാൽ, സമയം ഏറെയായിട്ടും കൊമ്പിലൂടെ ഇഴഞ്ഞും തൂങ്ങിയും കളിക്കുന്നതല്ലാതെ താഴെയിറങ്ങാൻ അതിന് ഭാവമില്ലെന്നുകണ്ടതോടെ കൗതുകം ആശങ്കയ്ക്കുവഴിമാറി. ഇതിനടുത്തുതന്നെയുള്ള അമ്പലത്തിൽ ഉത്സവം നടക്കുന്നതിനാൽ പതിവിലും കൂടുതൽ ആളുകൾ സ്ഥലത്തെത്തും. മാത്രമല്ല, വൈകീട്ട് ഘോഷയാത്ര കടന്നുപോകുന്നതും അതുവഴിയാണ്. ആ സമയത്ത് പെരുമ്പാമ്പ് താഴേക്കുവീഴാനുള്ള സാധ്യത തള്ളിക്കളയാനാവില്ലല്ലോ.
അത് അപകടത്തിനുകാരണമാകുമെന്ന് മനസ്സിലാക്കിയ നാട്ടുകാർ ഒടുവിൽ അധികൃതരെ വിവരമറിയിച്ചു. അങ്ങനെ പാമ്പിനെ താഴെയിറക്കാനുള്ള ശ്രമവുമായി മീഞ്ചന്ത അഗ്‌നിരക്ഷാസേനാംഗങ്ങളും മീഞ്ചന്ത വനശ്രീയിൽനിന്നുള്ള ഉദ്യോഗസ്ഥരും റാപ്പിഡ് റെസ്പോൺസ് ടീം അംഗങ്ങളും സ്ഥലത്തെത്തി.
ആളുകൂടിയതോടെ മരത്തിന് സമീപത്ത് വാഹനഗതാഗതം നാലുമണിക്കൂറോളം തടസ്സപ്പെടുകയുംചെയ്തു. സംഘങ്ങൾ പാമ്പിനെ താഴെയിറക്കാനുള്ള ശ്രമംതുടങ്ങിയിട്ട് മണിക്കൂറുകൾ പിന്നിട്ടു. പക്ഷേ, പാമ്പിന് യാതൊരു കൂസലുമില്ല. ദൗത്യം പരാജയപ്പെട്ടതോടെ ആർ.ആർ.ടി. അംഗത്തെ കാവലിരിക്കാൻ നിയോഗിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥർ തിരിച്ചുപോയി. പിന്നീട് രാത്രി ഒരുമണിയോടെ പാമ്പിനെ താഴെയിറക്കി.
Content Highlights: A massive python climbed a tree near the bypass in Thiruvannur, Kozhikode., The incident caused a four-hour traffic blockade due to heavy crowds gathering., Fire force, Vanashree officials, and the Rapid Response Team (RRT) arrived for the rescue., The python was successfully brought down around 1 AM after a prolonged operation.
Published: 15 Nov 2026, 07:58 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented