പത്തനംതിട്ട: നിലയ്ക്കൽ ഹെലിപ്പാഡിനു സമീപത്തുനിന്ന് ക്ലീൻ കേരള കമ്പനി പുറത്തെടുത്തത് 1,29,520 കിലോഗ്രാം തുണി. ഇതരസംസ്ഥാന തീർഥാടകർ പമ്പാനദിയിൽ ഉപേക്ഷിച്ചതാണിവ. പമ്പയിൽനിന്ന് നീക്കിയ തുണിയിൽ നല്ലത് കരാറുകാർ എടുത്തശേഷം ബാക്കി ഹെലിപ്പാഡിനുപിന്നിൽ ഗോശാലയുടെ ഭാഗത്ത് തള്ളിയതാണെന്ന് കരുതുന്നു.

To advertise here,

വ്യാഴാഴ്ചയും വെള്ളിയാഴ്ചയുമായി ദ ക്ലീൻ കേരള കമ്പനി നേതൃത്വത്തിൽ തുണിക്കൂമ്പാരമെല്ലാം നീക്കി. ഒരുമാസത്തിനിടെ സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽനിന്ന് പുറത്തെടുത്തത് 2,39,386 കിലോഗ്രാം മാലിന്യമാണ്

ഈവർഷം പമ്പയിൽനിന്ന് തുണി നീക്കുന്ന ജോലിയും ക്ലീൻകേരള കമ്പനിയെ ഏൽപ്പിച്ചു. ബോർഡ് ശേഖരിച്ചു നൽകുന്നത് കമ്പനി കൊണ്ടുപോകും. മണ്ണിലും ചെളിയിലും പുതഞ്ഞും പൊടിഞ്ഞും കിടക്കുന്ന തുണിമാലിന്യം വേർതിരിച്ചെടുക്കുന്നത് ക്ലേശകരമാണ്. കൃത്യമായി ശേഖരിച്ചാൽ നീക്കംചെയ്യാൻ എളുപ്പമാണെന്ന് ക്ലീൻ കേരള കമ്പനി എം.ഡി. ജി.കെ. സുരേഷ് കുമാർ പറഞ്ഞു.

തുണി ഉൾപ്പെടെയുള്ളവ കമ്പനിയുടെ ആർ.ഡി.എഫ്.(റെഫ്യൂസ് ഡിറൈവ്ഡ് ഫ്യുവൽ) പ്ലാന്റിലേക്കാണ് കൊണ്ടുപോകുന്നത്. ഇത് പ്രത്യേക സാങ്കേതികവിദ്യയിലൂടെ സിമന്റ് കമ്പനികൾക്ക് കൽക്കരിക്കുപകരമുള്ള ഇന്ധനമാക്കി മാറ്റും.

മാലിന്യംനീക്കുന്ന ഇടങ്ങളിൽ വീണ്ടും കൊണ്ടുവന്നിടുന്നതും പതിവാണ്. കച്ചവടക്കാർ മാലിന്യം സ്വന്തമായി സംസ്കരിക്കാതെ ഇവിടെ തള്ളുന്ന സ്ഥിതിയുണ്ട്. സന്നിധാനം പരിസരത്ത് 30 ടൺ മാലിന്യം ഇനിയും നീക്കാനുണ്ട്. തീർഥാടനം തുടങ്ങാനിരിക്കേ ബാക്കി മണ്ഡലകാലത്തിനുശേഷം മാറ്റും.