തിരുവനന്തപുരം: വൈദ്യുതിക്ഷാമത്തർക്കം തുടരവേ ബാറ്ററി എനർജി സ്റ്റേറേജ് (ബെസ്) പദ്ധതികൾ അനിശ്ചിതത്വത്തിൽ. ഇവയുടെ നിർമാണം വൈകുന്നതിനാൽ ദിവസേന അഞ്ചുലക്ഷം യൂണിറ്റ് നഷ്ടമുണ്ടാകുന്നെന്നാണ് റെഗുലേറ്ററി കമ്മിഷൻ വിലയിരുത്തൽ. പുറത്തുനിന്നുവാങ്ങുന്ന വൈദ്യുതിയുടെ ശരാശരി വില കണക്കാക്കിയാൽ ദിവസേന ഗണ്യമായ സാമ്പത്തികനഷ്ടമാണ് കെ.എസ്.ഇ.ബി.ക്ക് ഉണ്ടാകുന്നത്.

To advertise here,

പകൽ വൻതോതിൽ ഉത്പാദിപ്പിക്കുന്ന വിലകുറഞ്ഞ സൗരോർജവൈദ്യുതി ശേഖരിച്ച് രാത്രിയിൽ ഉപയോഗിക്കാനാണ് ബെസ്. പ്രഖ്യാപിച്ച ആറെണ്ണത്തിൽ ‌കാസർകോട് മുള്ളേരിയയിലെ 15 മെഗാവാട്ടിന്റെ ചെറിയ പദ്ധതിമാത്രമാണ് ഇതുവരെ പൂർത്തിയായത്. ഏറ്റവും പ്രധാനപ്പെട്ട കാസർകോട്ടെ മൈലാട്ടിയിലെ പദ്ധതി, ഒക്ടോബറിൽ പൂർത്തിയാകേണ്ടതായിരുന്നു. എന്നാൽ, ബാറ്ററി എത്തിക്കാൻ കരാറുകാർക്ക് ഇനിയും കഴിഞ്ഞിട്ടില്ല. ചൈനയിൽനിന്നുള്ള ബാറ്ററി എപ്പോൾ കിട്ടുമെന്നു വ്യക്തമല്ല. കരാർ കാലാവധി നീട്ടാൻ അപേക്ഷിച്ചിരിക്കുകയാണ് കരാറുകാർ.

എറണാകുളം ബ്രഹ്മപുരത്തെ ബെസ് നിർമാണവും അനിശ്ചിതത്വത്തിൽ. കരാറിൽ ഏർപ്പെട്ട സമയത്തുണ്ടായിരുന്നതിനെക്കാൾ ബാറ്ററിക്ക് വിലകൂടിയതിനാൽ കരാർ ഉപേക്ഷിക്കാനുള്ള നീക്കത്തിലാണ് പദ്ധതി ഏറ്റെടുത്തവർ. ഒക്ടോബറിൽ തീരേണ്ട മറ്റ് മൂന്നുപദ്ധതികൾകൂടി നിർമാണം തുടരുകയാണ്. ഈ പദ്ധതികളിൽനിന്ന് പീക്ക് സമയത്ത് നാലുമണിക്കൂർ 250 മെഗാവാട്ടുകൂടി കണക്കിലെടുത്താണ് വേനൽക്കാലത്തെ ലഭ്യത റെഗുലേറ്ററി കമ്മിഷൻ കണക്കാക്കിയത്. പദ്ധതികൾ ജനുവരിയിലെങ്കിലും പൂർത്തിയായില്ലെങ്കിൽ ഇത് സാധിക്കില്ല. കൂടിയവിലയ്ക്ക് പുറത്തുനിന്ന് കൂടുതൽ വൈദ്യുതി വാങ്ങേണ്ടിവരുകയും ചെയ്യും.

പൂർത്തിയാകാത്ത ബെസ് പദ്ധതികൾ

സ്ഥലം, മെഗാവാട്ട്

മൈലാട്ടി 125

ബ്രഹ്മപുരം 250

ശ്രീകണ്ഠാപുരം 40

അരീക്കോട് 30

പോത്തൻകോട് 40

കായംകുളം താപനിലയം; ബെസിന് ടെൻഡർ വിളിച്ചു

കൊച്ചി: കായംകുളം താപവൈദ്യുതനിലയത്തിൽ ബെസിന് എൻ.ടി.പി.സി. ടെൻഡർ ക്ഷണിച്ചു. താപനിലയവുമായുള്ള കരാർ 2025 മാർച്ച്മുതൽ 2028 ഫെബ്രുവരിവരെ നീട്ടാൻ സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ കഴിഞ്ഞദിവസം അനുമതി നൽകിയിരുന്നു. ഇതിന്റെ ഭാഗമായി സജ്ജമാക്കുന്ന 500 മെഗാവാട്ട് െബസിന്റെ ആദ്യഘട്ടത്തിനാണ് (250 മെഗാവാട്ട്) ടെൻഡർ ക്ഷണിച്ചത്. എൻ.ടി.പി.സി. ഗ്രീൻ എനർജി ലിമിറ്റഡിനാണ് നിർമാണച്ചുമതല. 20 മാസത്തിനുള്ളിൽ പ്രാവർത്തികമാക്കണമെന്നാണ് കമ്മിഷൻ നിർദേശം

കായംകുളത്തെ െബസിൽനിന്നുള്ള വൈദ്യുതിനിരക്ക് എത്രയാണെന്നത് ടെൻഡർ ഉറപ്പിച്ചാലേ വ്യക്തമാകൂ. കായംകുളത്ത് എൻ.ടി.പി.സി.ക്ക് കേരളം നൽകിയ 999 ഏക്കറിൽ 92 മെഗാവാട്ടിന്റെ ഫ്ളോട്ടിങ് സൗരോർജ വൈദ്യുതി നിലയമുണ്ട്. ഇതിൽനിന്നുള്ള വൈദ്യുതി കെ.എസ്.ഇ.ബി.ക്ക് നൽകുന്നുണ്ട്.