മലപ്പുറം: എ.ഡി.ജി.പി. എം.ആര്. അജിത് കുമാറിനെതിരെ വീണ്ടും ശബ്ദസന്ദേശം പുറത്തുവിട്ട് നിലമ്പൂര് എം.എല്.എ. പി.വി. അന്വര്. ഒരു പോലീസ് ഉദ്യോഗസ്ഥന്റേതെന്ന് അവകാശപ്പെടുന്ന ഓഡിയോയാണ് പുറത്തുവിട്ടത്. സ്വകാര്യതയ്ക്കുവേണ്ടി പേര് വെളിപ്പെടുത്താന് കഴിയില്ലെന്ന് സംസാരിക്കുന്നയാള് പറയുന്നു. സ്വകാര്യതവെളിപ്പെടുത്താന് സാധിക്കാത്തിനാല് ശബ്ദത്തില് മാറ്റംവരുത്തിയാണ് താന് സംസാരിക്കുന്നതെന്നും ഓഡിയോയിലുണ്ട്. സോളാര് കേസില് പ്രമുഖര് കുറ്റവിമുക്തരാക്കപ്പെട്ടതിലും കരിപ്പൂര് വിമാനത്താവളം കേന്ദ്രീകരിച്ചുള്ള സ്വര്ണ്ണക്കടത്തിലും സംസ്ഥാനത്തെ പ്രമുഖരുടെ ഫോണ് ചോര്ത്തുന്നതിലും അജിത് കുമാറിന് പങ്കുണ്ടെന്ന് ആരോപിക്കുന്നതാണ് ഓഡിയോ.
എടവണ്ണയിലെ റിദാന് വധക്കേസില് പ്രതിചേര്ക്കപ്പെട്ട ഷാനുമായി അവിഹിതബന്ധമുണ്ടായിരുന്നെന്നും അതിന്റെ ഭാഗമായി ഒരുമിച്ച് ജീവിക്കാന് ഭര്ത്താവിനെ ഷാന് വെടിവെച്ചുകൊന്നുവെന്നും പറയിക്കാന് റിദാന്റെ ഭാര്യയെ പോലീസ് ക്രൂരമായി മര്ദിച്ചുവെന്ന് അന്വര് ആരോപിച്ചു. പ്രതിചേര്ക്കപ്പെട്ട ഷാനിനെ മൂന്നരദിവസം ക്രൂരമായി മര്ദിച്ചു. മരിച്ച റിദാന് കരിപ്പൂരിലെ സ്വര്ണ്ണക്കടത്തുമായി ബന്ധപ്പെട്ട ഒരുപാട് വിവരങ്ങള് അറിയാമായിരുന്നു. മറ്റൊരു കേസില്പ്പെടുത്തി ഫോണ് പിടിച്ചെടുക്കാന് ശ്രമിച്ചിരുന്നു. ചില പോലീസ് ഉദ്യോഗസ്ഥരോട് വിവരങ്ങള് വെളിപ്പെടുത്തുമെന്ന് പറഞ്ഞിരുന്നു. ഈ മോട്ടീവിലാണ് കൊല്ലിച്ചതെന്നാണ് ബന്ധപ്പെട്ടവര് സൂചിപ്പിക്കുന്നതെന്നും അന്വര് ആരോപിച്ചു.
ഓഡിയോ സന്ദേശം അന്വര് വാര്ത്താസമ്മേളനത്തില് മുഴുവനായും കേള്പ്പിച്ചു. പിന്നാലെ, വെളിപ്പെടുത്തലുകള് തത്കാലം നിര്ത്തുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്ത്തു. ഒന്നാംഘട്ടം ഇവിടെ അവസാനിപ്പിക്കുകയാണെന്ന് പറഞ്ഞാണ് വാര്ത്താസമ്മേളനം അവസാനിപ്പിച്ചത്.
നാളെ മുഖ്യമന്ത്രിയെ കാണും. പരാതി കൊടുക്കും. സത്യസന്ധരായ ഉദ്യോഗസ്ഥരുടെ പ്രത്യേക അന്വേഷണ സംഘം ഉണ്ടാക്കി, വിശ്വസ്തനായ ഉദ്യോഗസ്ഥന്റെ നേതൃത്വത്തില് കഴിയുമെങ്കില് വിരമിച്ച ജഡ്ജിയെ നിരീക്ഷണത്തിന് ഏര്പ്പെടുത്തി കേസുകള് അന്വേഷിക്കണം. ചുമതലയില്നിന്ന് മാറ്റണോയെന്ന് മുഖ്യമന്ത്രിയും ഇടതുപക്ഷവും ആലോചിക്കട്ടെ. ദൂരഹമായ മരണങ്ങളും കാണാതായ സംഭവങ്ങളും വേറെയുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എങ്ങനെയാണ് അജിത് കുമാറിന് 16 കോടിയോളം രൂപ വിലവരുന്ന ഭൂമി വാങ്ങാന് കഴിയുന്നതെന്ന് കവടിയാറിൽ പണികഴിക്കുന്നതായി നേരത്തെ ചൂണ്ടിക്കാട്ടിയ വീടിനേക്കുറിച്ച് സൂചിപ്പിച്ച് അന്വര് ചോദിച്ചു. 'നമ്മള് ലോകം മുഴുവന് നടന്ന് ആഫ്രിക്കവരെ പോയി മലമ്പനിയും പിടിച്ചിട്ട് നമുക്കൊന്നും സാധിക്കുന്നില്ല. ഞാനിപ്പോഴും നൂറുവര്ഷത്തിലേറെ പഴക്കമുള്ള, പിതാവ് ഉണ്ടാക്കിയ വീട്ടിലാണ് താമസിക്കുന്നത്', അന്വര് കൂട്ടിച്ചേര്ത്തു.
പി.വി. അന്വര് പുറത്തുവിട്ട ശബ്ദസന്ദേശത്തിലെ പ്രസക്തഭാഗങ്ങള്:
അജിത് സാര് പൂര്ണ്ണമായും കമ്യൂണിസ്റ്റ് വിരുദ്ധനാണ്. കെ.സി. വേണുഗോപാലും കെ. സുരേന്ദ്രനും അടുത്ത സുഹൃത്തുക്കളാണ്. സി.ബി.ഐ. കേസില് വേണുഗോപാല് അടക്കം എല്ലാ പ്രമുഖരും കുറ്റവിമുക്തനാക്കപ്പെട്ടതിന് കാരണക്കാരനും അജിത് സാറാണ്.
സോളാര് കേസ് പരാതിക്കാരിയുമായി അജിത് സാറിന് നല്ല സൗഹൃദമുണ്ടായിരുന്നു. കെ.സി. വേണുഗോപാലിന്റെ നിര്ദേശപ്രകാരം അജിത് സാര് പരാതിക്കാരിയെ ബ്രെയിന്വാഷ് ചെയ്തു. കേസ് ആര് അന്വേഷിച്ചാലും ഒരാളും കുറ്റവാളിയാകില്ലെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചു. പരാതിക്കാരിയ്ക്ക് ജീവിക്കാന് ആവശ്യമായ പണം വാങ്ങി നല്കാമെന്നും അദ്ദേഹം പറഞ്ഞു. അതിന് ഞാന് സാക്ഷിയാണ്. ഈ വാക്ക് വിശ്വസിച്ച് സി.ബി.ഐയുടെ പലചോദ്യങ്ങള്ക്കും ഓര്മയില്ലെന്ന് പരാതിക്കാരി മറുപടി നല്കി. അങ്ങനെയാണ് ജയിലിലേക്ക് പോകേണ്ട പലരും നിയമസഭയിലും ലോകസഭയിലും വീണ്ടും എത്തിയത്.
കരിപ്പൂര് കേന്ദ്രീകരിച്ച് നടക്കുന്ന സ്വര്ണക്കള്ളക്കടത്തില് ഒരു ഗ്രൂപ്പുമായി അജിത് സാറിന് കച്ചവടബന്ധമുണ്ട്. ഇത് കൈകാര്യംചെയ്യുന്നത് തൃശ്ശൂരിലെ ഭാര്യയുടെ ബന്ധുക്കളാണ്. അദ്ദേഹത്തിന്റെ സംഘത്തില്പ്പെടാത്ത ആര് സ്വര്ണം കടത്തിയാലും മലപ്പുറം എസ്.പിയായിരുന്നു സുജിത് സാറിന്റെ നേതൃത്വത്തിലുള്ള സ്വര്ണക്കള്ളക്കടത്ത് അന്വേഷണസംഘം പിടികൂടും. അജിത് സാര് കണ്ണിയായ ദുബായിലെ കള്ളക്കടത്ത് സംഘം ദുബായിലെ ഹോള്സെയ്ല് ഗോള്ഡ് മാര്ക്കറ്റില്നിന്ന് ആര് സ്വര്ണബിസ്ക്കറ്റ് വാങ്ങിയാലും ഏത് വീട്ടിലേക്കോ ഓഫീസിലേക്കോ ആണ് പോകുന്നതെന്ന് മനസിലാക്കുന്നതും ടീം പിന്തുടരുന്ന രീതിയാണ്.
എതിര്ക്കുന്നവരെ ഒതുക്കാന് ഐ.പി.എസുകാരുടെ വലിയ സംഘം പ്രവര്ത്തിക്കുന്നുണ്ട്. ഈ സംഘം കേരളത്തിലെ പ്രമുഖന്മാരുടെ ഫോണ്കോളുകള് ചോര്ത്തുന്നുണ്ട്. ഇതില് മുഖ്യമന്ത്രിയുടെ ഓഫീസും ഉള്പ്പെടുന്നുണ്ട്.
സൈബര് സെല്ലിലെ അന്വേഷണ ഉദ്യോഗസ്ഥരുടെ നിലപാട് മൂലമാണ് കാഫിര് സ്ക്രീന്ഷോട്ടില് അന്വേഷണം പൂര്ത്തിയാവാത്തത്. അദ്ദേഹത്തിന് ദൈവം അറിഞ്ഞുനല്കിയ അസുഖമാണ് സോറിയാസിസ്, ഹൃദയത്തിലും സോറിയാസിസിന്റെ ഒരംശമുണ്ട്. കാക്കി യൂണിഫോം പോലും ധരിക്കാന് കഴിയുന്നില്ല.
Content Highlights: PV Anvar last audio against MR Ajith Kumar
Published: 02 Sept 2024, 12:16 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented