അടൂർ: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെട്ട അടൂരിലെ ഡി.വൈ.എഫ്.ഐ.- യൂത്ത് കോൺഗ്രസ് സംഘർഷവുമായി ബന്ധപ്പെട്ട വിഷയത്തിൽ കോൺഗ്രസിൽ കടുത്തഭിന്നത. സംഭവത്തിൽ രാഹുലിനെ തള്ളി കോൺഗ്രസ് അടൂർ ബ്ലോക്ക് പ്രസിഡന്റ് ആബിദ് ഷെഹിം രംഗത്തെത്തി.

To advertise here,

രാഹുൽ പാർട്ടി പ്രവർത്തകനല്ലെന്നും കെ.പി.സി.സി. പ്രസിഡന്റ് പുറത്താക്കിയതാണെന്നും ആബിദ് പറഞ്ഞു. കെ.എസ്‌.യു.-യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് പാർട്ടി സംരക്ഷണം കൊടുക്കും. രാഹുലിന്റെ ഒരുസഹായവും കോൺഗ്രസ് പാർട്ടിക്ക് ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞദിവസം അടൂരിൽനടന്ന ഡി.വൈ.എഫ്.ഐ.- യൂത്ത് കോൺഗ്രസ് സംഘർഷത്തിൽ മുൻ എം.എൽ.എ. രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെട്ടതിലാണ് ഷെഹിം നിലപാട് വ്യക്തമാക്കിയത്. സഹപ്രവർത്തകർക്ക് പ്രശ്നമുണ്ടായാൽ ജീവൻ കൊടുത്തും കൂടെ നിൽക്കുമെന്ന് മാങ്കൂട്ടത്തിൽ ഫെയ്സ്ബുക്കിൽ കുറിപ്പിട്ടതിനു മറുപടി പറയുകയായിരുന്നു ബ്ലോക്ക് പ്രസിഡന്റ്. എന്നാൽ, കഴിഞ്ഞദിവസം യു.ഡി.എഫ്. അടൂർ നിയോജകമണ്ഡലം കൺവീനർ പഴകുളം ശിവദാസൻ രാഹുലിന് അനുകൂലമായി സംസാരിച്ചിരുന്നു.

ബ്ലോക്ക് പ്രസിഡന്റിനെതിരേ കെ.എസ്.യു. നേതാവ്

രാഹുൽ മാങ്കൂട്ടത്തിലിനെ തള്ളിപ്പറഞ്ഞ കോൺഗ്രസ് അടൂർ ബ്ലോക്ക് പ്രസിഡന്റ് ആബിദ് ഷെഹിമിനെതിരേ കെ.എസ്.യു. അടൂർ ബ്ലോക്ക് പ്രസിഡന്റ് ബിനിൽ ബിനു ഫെയ്സ് ബുക്കിൽ പോസ്റ്റിട്ടു. ചുരുക്കം ഇങ്ങനെ: സംഘർഷം ഉണ്ടായ ദിവസം ഒരു കാരണവുമില്ലാതെ ആക്രമിക്കപ്പെട്ടവരിൽ ഒരാളാണ് ഞാൻ. അങ്ങ് ഞങ്ങളെ ആശുപത്രിയിൽ സന്ദർശിച്ചിരുന്നു. എന്നാൽ, ആശുപത്രിബിൽ കൊടുത്തോ ഇല്ലയോ എന്ന് അങ്ങ് അന്വേഷിച്ചിരുന്നോ? അതുകൊടുത്തത് അങ്ങ് വേണ്ടാ എന്ന് പറഞ്ഞ ആളാണ്. അതിന് ശേഷം ഞങ്ങൾ വീണ്ടും ആക്രമിക്കപ്പെടുമെന്ന് പോലീസ് മുന്നറിയിപ്പ് തന്നപ്പോൾ, ഞാൻ അടക്കമുള്ളവരെ സ്വന്തം വീട്ടിൽ കൊണ്ടുപോയി താമസിപ്പിച്ചതും ഇതേയാളാണ് -കുറിപ്പിൽ പറയുന്നു.