തിരുവനന്തപുരം(വിഴിഞ്ഞം): വിദേശ കപ്പൽ ഇന്ത്യൻ തീരത്ത് എഞ്ചിൻ തകരാറിലായതിനെ തുടർന്ന് കുടുങ്ങി. സിങ്കപ്പൂരിൽ നിന്ന് യു.എ.ഇ.യിലേക്ക് ചരക്കുമായി യാത്ര ചെയ്ത 'എം.വി. അറ്റ്‌ലാൻഡിസ്' എന്ന വിദേശ കപ്പലാണ് കുടുങ്ങിയത്. കപ്പലിന്റെ എഞ്ചിനുകളിലൊന്ന് തകരാറിലാകുകയായിരുന്നു.

To advertise here,

കപ്പലിന് തകരാർ സംഭവിച്ചതിനെ തുടർന്ന് ക്യാപ്ടൻ കപ്പലിന്റെ ഏജൻസിയായ ബ്ലൂബേർഡ് ഷിപ്പിങ് ഗ്രൂപ്പിനോട് അടിയന്തര സഹായം തേടി. മാരിടൈം ബോർഡിന്റെ വിഴിഞ്ഞത്തുള്ള പർസറിന് ലഭിച്ച സന്ദേശം തിരുവനന്തപുരം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന വാട്ടർലൈൻ ഷിപ്പിങ് ആൻഡ് ലോജിസ്റ്റിക് പ്രൈവറ്റ് ലിമിറ്റഡിന് കൈമാറി. തുടർന്ന് തിങ്കളാഴ്ച ഉച്ചയോടെ ഗുജറാത്തിൽ നിന്ന് വിമാനമാർഗ്ഗം വിഴിഞ്ഞത്ത് എത്തിച്ച പുതിയ യന്ത്രഭാഗങ്ങൾ മാരിടൈം ബോർഡിന്റെ ടഗ്ഗ് ഉപയോഗിച്ച് കടലിൽ കിടന്ന കപ്പലിൽ സുരക്ഷിതമായി എത്തിച്ചു നൽകി.

കപ്പലിലെ എഞ്ചിനീയർമാരുടെ രണ്ട് ദിവസത്തെ പ്രയത്നത്തിനൊടുവിൽ തകരാറിലായ ഭാഗങ്ങൾ മാറ്റി പുതിയ യന്ത്രഭാഗങ്ങൾ വിജയകരമായി ഘടിപ്പിക്കാൻ സാധിച്ചു. തകരാറുകൾ പരിഹരിച്ചതിനെ തുടർന്ന് ചൊവ്വാഴ്ച സന്ധ്യയോടെ കപ്പൽ യു.എ.ഇ.യിലേക്കുള്ള യാത്ര പുനരാരംഭിച്ചു. ആകെ 28 ജീവനക്കാരാണ് കപ്പലിൽ ഉണ്ടായിരുന്നത്. അപകടസമയത്ത് രക്ഷാപ്രവർത്തനത്തിന് സമാനമായ സഹായവും പിന്തുണയും നൽകി യാത്രാതടസ്സം ഒഴിവാക്കിയതിന് വിദേശ കപ്പലിലെ ക്യാപ്ടൻ മാരിടൈം ബോർഡിന് പ്രത്യേകം നന്ദി അറിയിച്ചു.