
കോഴിക്കോട്: റവന്യൂ ഉദ്യോഗസ്ഥരെ നായ്ക്കളെ തുറന്നുവിട്ട് ഓടിക്കൽ പതിവായതോടെ ഒടുവിൽ പട്ടിപിടിത്തക്കാരെയുമായെത്തി റോഡ് വീതികൂട്ടാനായി സ്ഥലമേറ്റെടുത്തു. കോഴിക്കോട് മലാപ്പറമ്പ് -വെള്ളിമാടുകുന്ന് റോഡിൽ പാറോപ്പടിയിലാണ് സംഭവം.
റോഡ് നാലുവരിപ്പാതയാക്കാനുള്ള പ്രവൃത്തി അടുത്ത ദിവസം തുടങ്ങാനിരിക്കുകയാണെങ്കിലും പാറോപ്പടി പള്ളിക്കു സമീപമുള്ള 6.5 സെന്റ് ഭൂമി മാത്രമാണ് അവിടെ താമസിക്കുന്ന മൂന്ന് സ്ത്രീകളുടെ കാലങ്ങളായുള്ള എതിർപ്പു കാരണം ഏറ്റെടുത്ത് െപാതുമരാമത്ത് വകുപ്പിന് കൈമാറാൻ കഴിയാതിരുന്നത്. നായ്ക്കളെവിട്ട് പേടിപ്പിക്കുന്നതിനാൽ നോട്ടീസ് പോലും പതിക്കാൻ കഴിയാത്ത സാഹചര്യമായിരുന്നു. അതുകൊണ്ട് എല്ലാ സന്നാഹങ്ങളുമായാണ് ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ഉദ്യോഗസ്ഥരെത്തിയത്. കളക്ടറുടെ ഉത്തരവു പ്രകാരം കോഴിക്കോട് തഹസിൽദാരെ എക്സിക്യുട്ടീവ് മജിസ്േട്രറ്റായി സ്ഥലത്ത് നിയോഗിക്കുകയുംചെയ്തു. പോലീസിനു പുറമെ വനിതാ ശിശു സംരക്ഷണ ഉദ്യോഗസ്ഥരെയും സ്ഥലത്തെത്തിച്ചു.
നഗരപാത പദ്ധതിയുടെ സ്പെഷ്യൽ തഹസിൽദാർ വി. ദിലീപിന്റെ നേതൃത്വത്തിൽ റവന്യൂ -പൊതുമരാമത്ത് സംഘം എത്തിയപ്പോൾ സ്ത്രീകൾ കല്ലെറിയുകയും അസഭ്യം പറയുകയുമായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്താൻ ശ്രമിച്ചെങ്കിലും വഴങ്ങാതെ അവർ ചെറുത്തുനിന്നു. തുടർന്ന് പോലീസിന്റെ സംരക്ഷണത്തിൽ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് ഏറ്റെടുക്കൽ നടപടി തുടങ്ങുകയായിരുന്നു.
വീട്ടിൽ നിറയെ തെരുവു നായ്ക്കളുണ്ടായിരുന്നെങ്കിലും പട്ടിപിടിത്തക്കാരെ കണ്ടതോടെ അവയെ വീടിന്റെ ഉള്ളിലേക്ക് തന്നെ മാറ്റി. ഭൂമിയുടെ രേഖകൾ ഇതുവരെ നൽകാൻ തയ്യാറാവാത്തതിനാൽ ഇവരുടെ പേരിൽ 92 ലക്ഷം രൂപ കോടതിയിൽ കെട്ടിവെച്ചിട്ടുണ്ട്. ഭൂമി ഇവരുടെതാണെന്ന് തെളിയിക്കുന്ന രേഖ ഹാജരാക്കിയാൽ നഷ്ടപരിഹാരത്തുക ലഭിക്കും. പക്ഷേ, റോഡിന്റെ അലൈൻമെന്റ് തങ്ങളുടെ ഭൂമിയിലൂടെയല്ല പോവുന്നത് പിന്നെ എന്തിന് നഷ്ടപരിഹാരത്തുക വാങ്ങണം എന്ന നിലപാടാണ് സ്ത്രീകളുടേത്. ഭൂമിവിട്ടുകൊടുത്ത് ഒപ്പിട്ടാൽ സർക്കാരിന്റെതായി മാറും. അതിന് തങ്ങൾ തയ്യാറല്ലെന്ന് ചൊവ്വാഴ്ചയും എല്ലാവരോടും പറഞ്ഞു.
പാറോപ്പടിയിൽ കാടുമൂടിക്കിടക്കുന്ന സഥലത്ത് ഒറ്റമുറിവീട്ടിലാണ് സ്ത്രീകൾ താമസിക്കുന്നത്. വീട്ടിൽ നിറയെ തെരുവു പട്ടികളായതിനാൽ ഭയന്ന് ആരും ഇവിടേക്ക് അടുക്കാറില്ലെന്നും നാട്ടുകാർ പറയുന്നു. എല്ലാവരെയും പട്ടിയെ തുറന്നുവിട്ട് ഓടിക്കുകയാണ് പതിവെന്നാണ് നാട്ടുകാർ പറയുന്നത്. നാട്ടുകാരുടെ പരാതിയെത്തുടർന്ന് കോർപ്പറേഷൻ പലതവണ ഇവിടെനിന്ന് പട്ടികളെ പിടിച്ചുകൊണ്ടുപോയിട്ടുണ്ട്.
കോർപ്പറേഷൻ കൗൺസിലർ സരിത പറയേരി ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി സംസാരിച്ചെങ്കിലും അനുനയനത്തിന് തയ്യാറാവാതെ അവരോടും ഇറങ്ങിപ്പോവാനാണ് ആവശ്യപ്പെട്ടത്. പട്ടിപിടിത്തക്കാരെയും അവിടെനിന്ന് പിടിച്ചു പുറത്താക്കി. വൈകുന്നേരംവരെ ചെറുത്തുനിൽപ്പ് തുടർന്നെങ്കിലും അഞ്ചു മണിയോടെ മരങ്ങൾ എല്ലാം മുറിച്ചുമാറ്റി നടപടികൾ പൂർത്തിയാക്കി.
തങ്ങളുടെ അമ്മയ്ക്ക് അവരുടെ അച്ഛൻ ഇഷ്ടദാനമായി 1982-ൽ നൽകിയ ഭൂമിയാണ്. 1945-ൽ എഴുതിയ ആധാരമാണ്. അതിന് നികുതി അടച്ചുവരുന്നുണ്ടെന്നാണ് ഇവർ പറയുന്നത്. രേഖയില്ലെന്നുപറഞ്ഞ് തങ്ങളുടെ ഭൂമി പുറമ്പോക്കാക്കി മാറ്റാനുള്ള ശ്രമമാണ് ഉദ്യോഗസ്ഥർ നടത്തുന്നതെന്നും എല്ലാവർക്കുമെതിരേ നിയമനടപടി സ്വീകരിക്കുമെന്നും ഇവർ പറയുന്നു. 15 സെന്റ് ഭൂമിയാണുള്ളത്. അതിൽ വീടൊഴികെയുള്ള 6.5 സെന്റ് ഭൂമിയാണ് ഏറ്റെടുക്കുന്നത്. ഇവർക്ക് കൗൺസലിങ് നടത്തി മെച്ചപ്പെട്ട ജീവിതസാഹചര്യത്തിലേക്ക് കൊണ്ടുവരണമെന്ന് ആവശ്യമുയരുന്നുണ്ട്.
Content Highlights: Revenue officials successfully acquired 6.5 cents of land in Paroppady, Kozhikode, for the Malaparamba-Vellimadukunnu four-lane road project., Residents repeatedly blocked officials by unleashing stray dogs and refusing to submit property documents., Authorities utilized dog catchers, police protection, and an executive magistrate under the Collector's orders to complete the acquisition.
Published: 04 Nov 2026, 07:02 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented