തിരുവനന്തപുരം, 3 നവംബർ 2026: പ്രമുഖ എ ഐ, ഡിജിറ്റൽ ട്രാസ്ഫർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു എസ് ടി, എൻ ഇ ബി സ്പോർട്സുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന യു എസ് ടി ട്രിവാൻഡ്രം മാരത്തണിന്റെ മൂന്നാം പതിപ്പ് നവംബർ 15 ന് നടക്കും. കേരളത്തിലെ ഏറ്റവും വലിയ കായിക ഇനങ്ങളിലൊന്നായ ഈ മാരത്തണിൽ, പ്രഫഷണൽ താരങ്ങളും ഫിറ്റ്‌നസ് പ്രേമികളും പൊതുജനങ്ങളും ഉൾപ്പെടെ 15,000-ത്തിലധികം പേർ പങ്കെടുക്കും.

To advertise here,

കായികം, വിദ്യാഭ്യാസം, ക്ഷേമപ്രവർത്തനങ്ങൾ, സാമൂഹിക പങ്കാളിത്തം എന്നിവയിലൂടെ ഇന്ത്യൻ യുവതയെ ശാക്തീകരിക്കുന്നതിനായി 'സഞ്ജു സാംസൺ ഫൗണ്ടേഷനു'മായി യു എസ് ടി മൂന്ന് വർഷത്തെ ധാരണയിൽ എത്തിയിട്ടുണ്ട്. ഇതു സംബന്ധിച്ച ധാരണാപത്രം ഒപ്പുവെച്ചതിന് ശേഷമുള്ള ആദ്യ മാരത്തണാണിത്. സഞ്ജു സാംസൺ ഫൗണ്ടേഷൻ ഈ മാരത്തണിൽ 'കമ്മ്യൂണിറ്റി പാർട്ണർ' ആയി പങ്കുചേരുമ്പോൾ, പ്ലാറ്റിനം സ്പോൺസറായി 'ഫോർട്ടെ' പ്രവർത്തിക്കും. പ്രശസ്ത നടനും സംവിധായകനുമായ ബേസിൽ ജോസഫും ഇത്തവണത്തെ മാരത്തണിൽ പങ്കെടുക്കും.

ഫുൾ മാരത്തണിന് (42.2 കി.മീ) പുറമെ, ഹാഫ് മാരത്തൺ (21.1 കി.മീ), 10 കെ, 5 കെ ഓട്ടങ്ങളും, ക്യാൻസറിനെ അതിജീവിച്ച കുട്ടികൾക്കായി പ്രത്യേക 1കെ ഓട്ടവും ഇതിൽ ഉൾപ്പെടുന്നു. പുലർച്ചെ 3:30-ന് ഫുൾ മാരത്തൺ ആരംഭിക്കും; തുടർന്ന് മറ്റ് മത്സരങ്ങളും നിശ്ചിത സമയക്രമമനുസരിച്ച് നടക്കും. റീജിയണൽ ക്യാൻസർ സെന്ററിലെ (ആർ സി സി) പീഡിയാട്രിക് ഓങ്കോളജി വിഭാഗവുമായി സഹകരിച്ചാണ് 1 കെ ഓട്ടം സംഘടിപ്പിക്കുന്നത്. ക്യാൻസറിനെ അതിജീവിച്ച കുട്ടികളുടെ മനോധൈര്യത്തെ ആദരിക്കുന്നതിനൊപ്പം, രോഗം നേരത്തെ കണ്ടെത്തുന്നതിനും ചികിത്സിക്കുന്നതിനുമുള്ള അവബോധം വളർത്തുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സമൂഹത്തിന്റെ ആരോഗ്യത്തിനും ക്ഷേമത്തിനുമായി യു എസ് ടി നടത്തുന്ന പ്രവർത്തനങ്ങളുടെ ഭാഗമായി, പ്രാദേശിക പാലിയേറ്റീവ് കെയർ സംരംഭങ്ങളെയും ഈ മാരത്തൺ പിന്തുണയ്ക്കുന്നു.

'അസോസിയേഷൻ ഓഫ് ഇന്റർനാഷണൽ മാരത്തൺസ് ആൻഡ് ഡിസ്റ്റൻസ് റേസസ്' (എ ഐ എം എസ് ) അംഗീകാരം ലഭിച്ചിട്ടുള്ളതാണ് യു എസ് ടി ട്രിവാൻഡ്രം മാരത്തൺ. അതിനാൽ, അന്താരാഷ്ട്ര മത്സരങ്ങളിൽ പങ്കെടുക്കുന്നതിനുള്ള യോഗ്യതാ സമയം കൈവരിക്കാൻ ഓട്ടക്കാർക്ക് ഇവിടെ അവസരമൊരുക്കും. ഇത്തവണ വിവിധ ഓട്ടങ്ങളിലായി യു എസ് ടി ട്രിവാൻഡ്രം മാരത്തൺ ആകെ 25 ലക്ഷം രൂപയുടെ സമ്മാനത്തുകയാണ് നൽകുക.

"ജീവിത പരിവർത്തനം എന്ന ആശയം നടപ്പിലാക്കാൻ പ്രതിജ്ഞാബദ്ധമാണ് യു എസ് ടി. നമ്മുടെ ചുറ്റുമുള്ള സമൂഹങ്ങളുടെ ആരോഗ്യവും ക്ഷേമവും ഉറപ്പു വരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഞങ്ങൾ മുന്നേറുന്നത്. യു എസ് ടി ട്രിവാൻഡ്രം മാരത്തൺ ഈ ലക്ഷ്യത്തെ യാഥാർത്ഥ്യമാക്കുന്ന സംരംഭമാണ്. ആയിരക്കണക്കിന് ആളുകളുടെ ഉന്നമനം മുന്നിൽക്കണ്ട് അവരുടെ ഊർജ്ജം കേരളത്തിന് മൊത്തത്തിൽ ഗുണകരമാകുന്ന കാര്യങ്ങൾക്കായി വിനിയോഗിക്കാനും ഇത് സഹായിക്കും. മാരത്തണിൽ നിന്നുള്ള വരുമാനത്തിന്റെ ഒരു വിഹിതം ഞങ്ങളുടെ വിപുലമായ കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി (സി എസ് ആർ) പദ്ധതികൾക്കായി ഉപയോഗിക്കും. ഉന്നതമായ ലക്ഷ്യങ്ങൾക്കായി പ്രവർത്തിക്കണമെന്ന ഞങ്ങളുടെ ദീർഘകാല വിശ്വാസത്തെയാണ് ഇത് പ്രതിഫലിപ്പിക്കുന്നത്. വെറും മൂന്ന് വർഷത്തിനുള്ളിൽ, ഒരേ ലക്ഷ്യബോധത്തോടെ ഇന്ത്യയിലുടനീളമുള്ള ആളുകളെ ഒന്നിപ്പിക്കുന്ന ഒരു വേദിയായി യു എസ് ടി ട്രിവാൻഡ്രം മാരത്തൺ വളർന്നു കഴിഞ്ഞു. സമൂഹത്തിൽ പരിവർത്തനം സാധ്യമാക്കാനായി ഏവരും ഒത്തുചേരുന്ന ഈ അവസരത്തിൽ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഓട്ടക്കാരെയും അവരുടെ കുടുംബങ്ങളെയും തിരുവനന്തപുരത്തേക്ക് സ്വാഗതം ചെയ്യുകയാണ്," യു എസ് ടി പ്രസിഡന്റ് അലക്സാണ്ടർ വർഗീസ് പറഞ്ഞു.

"2025-ൽ 10,000-ത്തിലധികം ഓട്ടക്കാർ പങ്കെടുത്ത യു എസ് ടി ട്രിവാൻഡ്രം മാരത്തണിൽ ഈ വർഷം 15,000 പേർ പങ്കെടുക്കുമെന്ന പ്രതീക്ഷയിലേക്ക് വളർന്നിരിക്കുന്നു. ഈ മാരത്തണിനോട് കേരളം കാട്ടുന്ന ആവേശത്തെയും, സമൂഹത്തിൽ നിന്ന് ഈ പരിപാടിക്ക് ലഭിച്ച ശക്തമായ പിന്തുണയെയുമാണ് ഈ വളർച്ച സൂചിപ്പിക്കുന്നത്. യു കെ, കാനഡ, നെതർലാൻഡ്‌സ്, ഫ്രാൻസ്, മലേഷ്യ തുടങ്ങിയ 10-ലധികം രാജ്യങ്ങളിൽ നിന്നും, ഇന്ത്യയിലെ 25 സംസ്ഥാനങ്ങളിൽ നിന്നും ഈ പരിപാടിയിൽ പങ്കെടുക്കാൻ എത്തുന്നവരെ സ്വാഗതം ചെയ്യുന്നതിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്. ഈ മുന്നേറ്റം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി യു എസ് ടിയുമായുള്ള പങ്കാളിത്തം തുടരുന്നതിൽ എൻ ഇ ബി സ്‌പോർട്‌സിന് ചാരിതാർഥ്യമുണ്ട്," എൻ ഇ ബി സ്‌പോർട്‌സ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ നാഗരാജ് അഡിഗ പറഞ്ഞു.

രജിസ്ട്രേഷൻ വിവരങ്ങളും മാരത്തണിനെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങളും ഔദ്യോഗിക രജിസ്ട്രേഷൻ പേജിൽ ലഭ്യമാണ്: https://mysamay.in/public/event/info/e3e02f08-0651-493f-b7eb-953a359bf17f%3Fcmeta%3DX6mEhuJzyC

യു എസ് ടി വൈസ് പ്രസിഡന്റും തിരുവനന്തപുരം കേന്ദ്രം മേധാവിയുമായ ശിൽപ മേനോൻ, യു എസ് ടി ടി ടി ബി ബിസിനസ് ഓപ്പറേഷൻസ് മേധാവിയും ജനറൽ മാനേജറുമായ ഷെഫി അൻവർ, യു എസ് ടി ബിസിനസ് ഓപ്പറേഷൻസ് ജനറൽ മാനേജർ നന്ദഗോപാൽ രാമചന്ദ്രൻ, എൻ ഇ ബി സ്പോർട്സ് ടെക്ക്നിക്കൽ ഡയറക്ടർ സുനിൽ ഷെട്ടി, ഫോർട്ടെ ഗ്ലോബൽ പ്രോജക്റ്റ് ഡെലിവറി ഡയറക്ടർ പ്രവീൺ കുട്ടി, ഫോർട്ടെ ഗ്ലോബൽ ബിസിനസ് ഡെവലപ്‌മെന്റ് ഡയറക്ടർ അജയ് വേലൂരി, ഫോർട്ടെ ഹ്യൂമൻ റിസോഴ്സസ് ഡയറക്ടർ മൈഥിലി ഷെട്ടി, തുടങ്ങിയവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.