ചേർത്തല: പുന്നപ്ര-വയലാർ സമരനേതൃത്വത്തെച്ചൊല്ലി ഉയർന്ന വിവാദത്തിൽ പോരുമുറുകി. സമരത്തെക്കുറിച്ചുള്ള ‘ചിന്ത’ വാരികയുടെ പ്രത്യേക പതിപ്പിന്റെ പേരിലുയർന്ന തർക്കമാണ് സി.പി.ഐ. നേതാക്കളും സി.പി.എം. കേന്ദ്ര കമ്മിറ്റിയംഗവും ചിന്ത പത്രാധിപരും പുന്നപ്ര-വയലാർ സമരസേനാനി ഡയറക്ടറിയുടെ എഡിറ്ററുമായ ടി.എം. തോമസ് ഐസക്കും തമ്മിലുള്ള കൊമ്പുകോർക്കലിലെത്തിയത്.

To advertise here,

സി.പി.ഐ. നേതാക്കളുയർത്തിയ വിമർശങ്ങൾക്കു മറുപടിയുമായി തോമസ് ഐസക് രംഗത്തുവന്നതിനു പിന്നാലെ ഐസക്കിന്റെ ന്യായീകരണങ്ങൾ തള്ളി സി.പി.ഐ. സംസ്ഥാന എക്സിക്യുട്ടീവ് അംഗം ടി.ജെ. ആഞ്ചലോസ് വീണ്ടും രംഗത്തെത്തി.

തോമസ് ഐസക് പറയുന്നത്

ചരിത്രം വളച്ചൊടിച്ചെന്ന ആരോപണം വസ്തുതാവിരുദ്ധമാണ്. സമരകാലത്ത് സി.പി.എം., സി.പി.ഐ. എന്നിങ്ങനെ രണ്ടു പാർട്ടിയില്ല. ആ വ്യത്യാസമില്ലാതെയാണ് ഡയറക്ടറി തയ്യാറാക്കിയത്. ആദ്യചിത്രമായി ചേർത്തത് പി. കൃഷ്ണപിള്ളയുടേതാണ്. അതിനുശേഷം അക്ഷരമാലാക്രമത്തിൽ നേതാക്കളെ ഉൾപ്പെടുത്തി.

ടി.വി. തോമസിനെ കുറച്ചുകണ്ടില്ലെന്നു മാത്രമല്ല, അർഹിക്കുന്ന പ്രാധാന്യവും നൽകി. ചിത്രത്തിൽ ടി.വി.യുടെ സാന്നിധ്യം പ്രത്യേകം അടിക്കുറിപ്പായും നൽകി. ഡയറക്ടറി തയ്യാറാക്കിയപ്പോൾ പ്രിന്റൗട്ട് പ്രത്യേക കത്തോടെ സി.പി.ഐ.ക്കു കൊടുത്തിട്ടും പ്രതികരിച്ചില്ല. ഇപ്പോൾ ഡയറക്ടറിയുടെ ആമുഖരേഖ ചെറുതാക്കി ‘ചിന്ത’യിൽ പ്രസിദ്ധീകരിച്ചപ്പോൾ വിവാദമാക്കുന്നതെന്തിന്?

ആഞ്ചലോസിന്റെ മറുപടി

സമരനായകരുടെ ചിത്രം പ്രസിദ്ധീകരിച്ചത് ഇംഗ്ലീഷ് അക്ഷരമാലാ ക്രമത്തിലാണെന്ന വാദം ബാലിശമാണ്. ഇതേനില ഇന്ത്യൻ സ്വാതന്ത്ര്യസമരചരിത്രത്തിൽ പ്രയോഗിച്ചാൽ ഗാന്ധിജിയുടെ സ്ഥാനം എവിടെയാകും? പുന്നപ്ര-വയലാർ സമരത്തിന്റെ ഡയറക്ടറി പ്രസിദ്ധീകരിക്കാൻ തോമസ് ഐസക്കിനെ ആരും ചുമതലപ്പെടുത്തിയിരുന്നില്ല. അദ്ദേഹം മുൻകൈയെടുക്കുകയായിരുന്നു.

പുന്നപ്ര-വയലാർ പോലുള്ള സമരകാര്യങ്ങൾ തീരുമാനിക്കുന്നത് സി.പി.എം.-സി.പി.ഐ. സംസ്ഥാന നേതൃത്വമാണ്. ഇരുപാർട്ടിയുടെയും നേതാക്കൾ ചേർന്നെടുത്ത തീരുമാനപ്രകാരമല്ല ഡയറക്ടറി തയ്യാറാക്കിയത്. എന്നിട്ടും, അദ്ദേഹം തയ്യാറാക്കിയ ഡയറക്ടറിയുടെ കോപ്പി പരിശോധിച്ച് തെറ്റുകൾ അറിയിച്ചിരുന്നു. അതൊന്നും പരിഹരിച്ചില്ല.