ആലപ്പുഴ: സി.പി.എമ്മിന്റെ സൈദ്ധാന്തിക വാരികയിൽ പുന്നപ്ര-വയലാർ സമരനായകരുടെ ചിത്രം പൂർണമായി പ്രസിദ്ധീകരിക്കാത്തതിൽ അണികൾക്കിടയിൽ അതൃപ്തി. സമരത്തിലെ പ്രമുഖരായി മുൻകാല നേതാക്കൾ ഉയർത്തിക്കാട്ടിയ പലരെയും ഒഴിവാക്കിയതാണു വിവാദമായത്. ഇതിനെതിരേ സമരനായകരുടെ കുടുംബാംഗങ്ങൾ പരസ്യമായും രഹസ്യമായും പ്രതിഷേധിച്ചു. സാമൂഹികമാധ്യമങ്ങളിലും ഇക്കാര്യം ചർച്ചയായി. ചരിത്രത്തെ വളച്ചൊടിക്കുന്നുവെന്ന് സി.പി.ഐ. നേതാക്കൾ ആരോപിച്ചു. സി.പി.എമ്മിലും ഒഴിവാക്കൽ ചർച്ചയായി.

To advertise here,

‘ചിന്ത’ വാരിക പുന്നപ്ര-വയലാർ സമരത്തിന്റെ 80-ാം വാർഷികത്തിന്റെ ഭാഗമായി പുറത്തിറക്കിയ ‘കേരളത്തെ പിടിച്ചു കുലുക്കിയ ആറു ദിനം’ എന്ന പ്രത്യേകപതിപ്പിലെ ചിത്രങ്ങളാണു വിവാദമായത്.

വയലാർ സമരത്തിലെ മുൻനിരക്കാരായിരുന്ന കെ.സി. വേലായുധൻ, എ.കെ. പരമൻ, എൻ.ഡി. വർക്കി, കെ. മാധവൻ തുടങ്ങിയവരുടെ പേരുകൾ ഒഴിവാക്കപ്പെട്ടതിനെച്ചൊല്ലിയാണു പ്രധാന വിമർശം. ഇതിനൊപ്പം സി.എസ്. രാമകൃഷ്ണൻ, എ. ശ്രീധരൻ, മദർ സി. നാരായണിയമ്മ തുടങ്ങിയവരോടും നീതികാട്ടിയില്ലെന്നു പരാതിയുയർന്നു. വയലാർ സമരത്തിലെ ഏറ്റവും പ്രമുഖ മഹിളാനേതാവായാണ് മദർ സി. നാരായണിയമ്മയെ വിശേഷിപ്പിക്കുന്നത്. എന്നാൽ, ഇവരുടെ ചിത്രം ഇല്ല.

ചിത്രങ്ങൾ ഒഴിവാക്കിയതിനെതിരേ സി.പി.എം. കുടുംബങ്ങൾ നേതൃത്വത്തെ പരാതിയറിയിച്ചിട്ടുണ്ട്. കുടുംബത്തിനുണ്ടായ വേദന പാർട്ടിയെ അറിയിച്ചിട്ടുണ്ടെന്ന് വയലാറിലെ പ്രധാന സമരസേനാനിയുടെ കുടുംബാംഗം പറഞ്ഞു. ഒഴിവാക്കപ്പെട്ടതിൽ പരാതിയില്ലെന്ന് എ.കെ. പരമന്റെ മകൻ എ.പി. പ്രകാശൻ പറഞ്ഞു.

എന്നാൽ, ചരിത്രം നിക്ഷിപ്ത താത്പര്യങ്ങളുടെ ബലിമൃഗം ആയിക്കൂടെന്ന് സി.പി.ഐ. ജില്ല എക്സിക്യുട്ടീവ് അംഗം എൻ.എസ്. ശിവപ്രസാദ് ഫെയ്സ്ബുക്കിൽ കുറിച്ചു. പ്രശ്നം പാർട്ടി ഗൗരവത്തോടെയാണു കാണുന്നതെന്ന് സി.പി.എം. ജില്ലക്കമ്മിറ്റിയംഗം ‘മാതൃഭൂമി’യോടു പറഞ്ഞു.