പുനലൂർ: പ്രതിരോധ വാക്‌സിൻ എടുത്തിട്ടും ഏഴുവയസ്സുകാരി പേവിഷബാധയേറ്റു മരിച്ച സംഭവവുമായി ബന്ധപ്പെട്ട് പുനലൂർ താലൂക്ക് ആശുപത്രിയിലെ നാല് ഡോക്ടർമാരുടെ പേരിൽ പോലീസ് കേസെടുത്തു. മെഡിക്കൽ ഓഫീസർമാരായ ദേവി ലക്ഷ്മി, അംജിത, ജയസൂര്യ, സൂപ്രണ്ട് കെ.ആർ. സുനിൽകുമാർ എന്നിവരുടെ പേരിലാണ് കേസെടുത്തത്. കോടതി നിർദേശപ്രകാരമാണ് നടപടി.

To advertise here,

ഒരുവർഷം മുൻപ് തെരുവുനായയുടെ കടിയേറ്റ് കുന്നിക്കോട് ജാസ്മിൻ മൻസിലിൽ നിയാ ഫൈസൽ മരിച്ച സംഭവത്തിലാണിത്. പ്രതിരോധ വാക്സിനായ ഇമ്യൂണോ ഗ്ലോബുലിൻ നൽകുമ്പോൾ വേണ്ട വ്യവസ്ഥകൾ കൃത്യമായി പാലിക്കാതെ, അശ്രദ്ധമായും ഉദാസീനമായും കുട്ടിയെ ചികിത്സിച്ചെന്ന പേരിലാണ് മെഡിക്കൽ ഓഫീസർമാരുടെ പേരിൽ കേസെടുത്തതെന്ന് പ്രഥമവിവര റിപ്പോർട്ടിൽ പറയുന്നു.

വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷയ്ക്ക് കൃത്യമായ ചികിത്സാവിവരങ്ങൾ നൽകാതെ തെളിവുനശിപ്പിക്കുന്നതിനായി പ്രവർത്തിച്ചെന്ന പേരിലാണ് സൂപ്രണ്ടിന്റെ പേരിൽ കേസ്. മനഃപൂർവമല്ലാത്ത നരഹത്യ, തെളിവുനശിപ്പിക്കൽ എന്നീ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.

കുട്ടിയുടെ അമ്മ ഹബീറ സമർപ്പിച്ച അന്യായം പരിഗണിച്ച് പുനലൂർ ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി (രണ്ട്) ആണ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യാൻ പോലീസിന് നിർദേശം നൽകിയത്. അഡ്വ. അനീസ് തങ്ങൾകുഞ്ഞാണ് പരാതിക്കാരിക്കുവേണ്ടി കോടതിയിൽ ഹാജരായത്.

2025 ഏപ്രിൽ എട്ടിന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ വീടിനു സമീപത്തുവെച്ചാണ് കുട്ടിക്ക് നായയുടെ കടിയേറ്റത്. ആദ്യം കുട്ടിയെ വിളക്കുടിയിലെ കുടുംബാരോഗ്യകേന്ദ്രത്തിലെത്തിച്ച് പ്രതിരോധ വാക്സിനെടുത്തു. ഇവിടത്തെ ഡോക്ടറുടെ നിർദേശപ്രകാരം ഉടൻതന്നെ പുനലൂർ താലൂക്ക് ആശുപത്രിയിലുമെത്തിച്ചു.

മേയ് ആറിനായിരുന്നു അവസാന ഡോസ് വാക്സിനെടുക്കേണ്ടിയിരുന്നത്. അതിന് ദിവസങ്ങൾക്കുമുൻപ് കുട്ടിക്ക് പനി ബാധിച്ചു. തുടർന്ന് പുനലൂർ താലൂക്ക് ആശുപത്രിയിലും തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയിലും പ്രവേശിപ്പിച്ച് പേവിഷബാധ സ്ഥിരീകരിച്ചു. എസ്.എ.ടി.യിൽ ചികിത്സയിലിരിക്കെ മേയ് അഞ്ചിന് കുട്ടി മരിച്ചു.