തിരുവനന്തപുരം: സ്റ്റാർ ക്ലാസിഫിക്കേഷൻ പൂർത്തിയാക്കാത്ത ബാറുകൾക്കു ലൈസൻസ് നൽകിയ ഇടതുസർക്കാരിന്റെയും ഇതിനെ അനുകൂലിച്ച യുഡിഎഫ് സർക്കാരിന്റെയും നടപടികൾ സംശയമുനയിൽ. 2024-ൽ സിഎജി ക്രമവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയ ഈ നീക്കത്തിൽ അഴിമതി നടന്നുവെന്ന് സൂചിപ്പിക്കുന്ന വിവരങ്ങൾ പുറത്ത്.

To advertise here,

കേന്ദ്ര ടൂറിസം വകുപ്പിന്റെ പരിശോധന വൈകുന്നതുകൊണ്ടാണ് ക്ലാസിഫിക്കേഷൻ നടപടിക്രമങ്ങൾ പൂർത്തിയാകാത്തതെന്നു ചൂണ്ടിക്കാട്ടിയാണ് കഴിഞ്ഞ സർക്കാർ ബാറുകൾക്ക് ലൈസൻസ് പുതുക്കി നൽകിയത്. എന്നാൽ പരിശോധന വൈകിപ്പിക്കുന്നത് ബാർ ഉടമകൾ തന്നെയാണെന്നും തങ്ങളുടെ ഭാഗത്തു വീഴ്ചയില്ലെന്നും 2025 ഫെബ്രുവരിയിൽ കേന്ദ്ര ടൂറിസം വകുപ്പ് രേഖാമൂലം സംസ്ഥാന സർക്കാരിനെ അറിയിച്ചതിന്റെ രേഖ പുറത്ത് വന്നു. ഇതു കണക്കിലെടുക്കാതെയാണ് കഴിഞ്ഞ സർക്കാർ ബാർ ലൈസൻസ് പുതുക്കി നൽകിയത്. ആ നിലപാട് ശരിവെച്ചുകൊണ്ടാണ് കഴിഞ്ഞ ദിവസം യുഡിഎഫ് സർക്കാർ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയിരിക്കുന്നത്.

ക്ലാസിഫിക്കേഷൻ നോക്കാതെ ബാറുകളുടെ ലൈസൻസ് നീട്ടിക്കൊടുത്ത ഇടതുസർക്കാർ നടപടി കേരളം കണ്ട ഏറ്റവും വലിയ സംഘടിത അഴിമതിയാണെന്ന് അന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചിരുന്നു.

കോവിഡിന്റെ ഘട്ടത്തിൽ ക്ലാസിഫിക്കേഷൻ പരിശോധനകൾ വൈകിയിരുന്നു. ആ ഘട്ടത്തിൽ പരിശോധന ഇല്ലാതെ തന്നെ ബാർ ലൈസൻസ് അനുവദിക്കാൻ ഇളവ് അനുവദിച്ചിരുന്നു. തുടർന്ന് അതിനെ ചുവട് പിടിച്ചാണിപ്പോൾ ഈ കള്ളക്കളികൾ നടക്കുന്നതെന്നാണ് ആരോപണം.

ക്ലാസിഫിക്കേഷൻ ലഭിക്കണമെങ്കിൽ ഹോട്ടലിൽ അതിനനുസൃതമായ നിർമാണ പ്രവൃത്തികൾ പൂർത്തിയാക്കണം. ഇതൊന്നും ചെയ്യാതെയാണ് പല ഹോട്ടലുകളും ബാർ ലൈസൻസിനായി അപേക്ഷിച്ചത്. തുടർന്ന് കേന്ദ്ര ടൂറിസം വകുപ്പിന്റെ പരിശോധന മനഃപൂർവ്വം ഒഴിവാക്കാനുള്ള നീക്കങ്ങൾ നടത്തുകയും ബാർലൈസൻസ് തരപ്പെടുത്തുകയും ചെയ്യുകയായിരുന്നു. 2024-തന്നെ സിഐജി ഇതിലെ ക്രമവിരുദ്ധവും അഴിമതി സാധ്യതയും ചൂണ്ടിക്കാട്ടിയതാണ്. നടപടികൾ പാലിക്കാതെ കഴിഞ്ഞ സർക്കാർ 200 ബാറുകൾക്ക് ലൈസൻസ് നീട്ടിക്കൊടുത്തെന്നാണ് ആരോപണം. കഴിഞ്ഞ സർക്കാരിന്റെ നടപടികൾ ശരിവെച്ച് ഇക്കഴിഞ്ഞ സെപ്റ്റംബർ 29-നാണ് നികുതി വകുപ്പ് അഡീഷണൽ സെക്രട്ടറി ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചത്.

കോവിഡ് കാലം മുതൽ കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ പരിശോധന വൈകുന്നുണ്ടെന്നാണ് തന്റെ മുന്നിലെത്തിയ ഫയലുകളിൽനിന്ന് മനസ്സിലായതെന്ന് എക്‌സൈസ് മന്ത്രി എം.ലിജു പ്രതികരിച്ചു. അതുകൊണ്ട് ഇത് സംബന്ധിച്ച് കണക്കെടുക്കാൻ നിർദേശം നൽകിയിരുന്നു. എന്നാൽ ഇപ്പോൾ പുറത്ത് വന്ന കാര്യങ്ങളിൽ വിശദമായ അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.