തിരുവനന്തപുരം: പ്രശസ്ത മനഃശാസ്ത്രജ്ഞനും എഴുത്തുകാരനുമായ ഡോ. പി. എം. മാത്യു വെല്ലൂര്‍ (87) അന്തരിച്ചു. പട്ടം പ്ലാമൂട് ചാരാച്ചിറയിലെ വീട്ടില്‍ തിങ്കളാഴ്ച വൈകീട്ടായിരുന്നു അന്ത്യം.
തിരുവനന്തപുരത്തുള്ള മനഃശാസ്ത്ര ചികിത്സാകേന്ദ്രത്തിന്റെയും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പേഴ്സണാലിറ്റി ഡെവലപ്മെന്റ് എന്ന സ്ഥാപനത്തിന്റെയും ഡയറക്ടറായിരുന്നു. സര്‍വവിജ്ഞാനകോശത്തില്‍ മനഃശാസ്ത്രവിഭാഗത്തിന്റെ എഡിറ്ററായി അഞ്ചു വര്‍ഷം സേവനമനുഷ്ഠിച്ചു. നിരവധി മനഃശാസ്ത്ര ഗ്രന്ഥങ്ങളുടെ കര്‍ത്താവായിരുന്നു.
മാവേലിക്കരയ്ക്കടുത്ത് കരിപ്പുഴയില്‍ 1933 ജനുവരിയില്‍ പാലയ്ക്കല്‍താഴെ കുടുംബത്തിലാണ് ജനിച്ചത്. കേരള സര്‍വകലാശാലയില്‍നിന്ന് എം.എ. ബിരുദവും ഡോക്ടറേറ്റും നേടി. ചികിത്സാ മനഃശാസ്ത്രത്തില്‍ ഡിപ്ലോമയും നേടിയിട്ടുണ്ട്. 1970 വരെ വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മനോരോഗവിഭാഗത്തില് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റായും മെഡിക്കല്‍ കോളേജില്‍ അധ്യാപകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
മനഃശാസ്ത്രം, കുടുംബജീവിതം എന്നീ മാസികകളുടെ ആദ്യകാല പത്രാധിപരായിരുന്നു. ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ മനഃശാസ്ത്രപരമായ നിരവധി ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്. ഈ വിഷയത്തില്‍ അറിയപ്പെടുന്ന പ്രഭാഷകനുമാണ്.
'അച്ഛാ ഞാന്‍ എവിടെനിന്നു വന്നു?', 'കുമാരീകുമാരന്മാരുടെ പ്രശ്നങ്ങള്‍', 'കുടുംബജീവിതം', 'ബാല്യം കൗമാരം യൗവനം വാര്‍ദ്ധക്യം', 'അച്ഛന് കുട്ടിയായിരുന്നപ്പോള്‍', 'നിങ്ങളുടെ ജീവിതപ്രശ്നങ്ങള്‍', 'അഴിയുന്ന കുരുക്കുകള്‍', 'മാനസിക പ്രശ്നങ്ങള്‍', 'എങ്ങനെ പഠിക്കണം പരീക്ഷ എഴുതണം? റാങ്ക് നേടാന്‍', 'ദാമ്പത്യം ബന്ധം ബന്ധനം' എന്നിവയാണ് മുഖ്യകൃതികള്‍. 'രതിവിജ്ഞാനകോശം' എന്ന ഗ്രന്ഥത്തിന്റെ എഡിറ്ററാണ്.
നാടകാഭിനയം, ശില്പകല, കാര്‍ട്ടൂണ്‍ രചന എന്നിവയിലും നിഷ്ണാതനായിരുന്ന അദ്ദേഹം, ലെനിന് രാജേന്ദ്രന്റെ 'രാത്രിമഴ', അടൂരിന്റെ 'നിഴല്‍ക്കുത്ത്', കെ.ജി.ജോര്‍ജിന്റെ 'ഈ കണ്ണി കൂടി' എന്നീ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
ഭാര്യ: സൂസി മാത്യു. മക്കള്‍: ഡോ. സജ്ജന്‍, ഡോ. റേബാ, ലോല. ശവസംസ്കാരം ചൊവ്വാഴ്ച മാവേലിക്കരയില്‍ നടക്കും.
Content Highlights: Psychologist P. M. Mathew Vellore passes away
Published: 28 Sept 2020, 09:15 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented