
ന്യൂഡൽഹി: പെരുമ്പാവൂരിലെ നിയമവിദ്യാർഥിനിയെ കൊലചെയ്ത കേസിൽ ഹൈക്കോടതി വിധിച്ച വധശിക്ഷയ്ക്കെതിരെ അമീറുൽ ഇസ്ലാമിന് വേണ്ടി സുപ്രീം കോടതിയിൽ കേസ് നടത്തുന്നത് ഡൽഹിയിലെ നാഷണൽ ലോ യൂണിവേഴ്സിറ്റിയുടെ 'പ്രോജക്ട് 39എ' ആണ്. പ്രമാദമായ പല കേസുകളിലും കീഴ്കോടതികളിൽനിന്ന് വധശിക്ഷ ലഭിച്ച പ്രതികൾക്കുമേൽ കോടതികളിൽ പ്രോജക്ട് 39 എ സൗജന്യ നിയമസഹായം നൽകിയിട്ടുണ്ട്.
എല്ലാ പൗരന്മാർക്കും സൗജന്യനിയമ സഹായം ഉറപ്പാക്കാൻ വ്യവസ്ഥ ചെയ്യുന്ന ഇന്ത്യൻ ഭരണഘടനയുടെ അനുച്ഛേദം 39-എയിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് 'പ്രോജക്ട് 39എ' ആരംഭിച്ചത്. തുല്യ നീതി, തുല്യ അവസരം എന്നതാണ് 'പ്രോജക്ട് 39എ' ലക്ഷ്യമിടുന്നത്. സാമൂഹികവും സാമ്പത്തികവുമായ പിന്നാക്ക അവസ്ഥ കാരണം കേസുകളിൽ ഉൾപ്പെടുന്ന ചിലർക്ക് കോടതികളിൽ കൃത്യമായ നിയമസഹായം ലഭ്യമാകാതെ പോകുന്നു. ഈ അവസ്ഥ ഒഴിവാക്കി എല്ലാവർക്കും നീതി ഉറപ്പാക്കുക എന്നതാണ് പ്രോജക്ട് 39എ യുടെ ലക്ഷ്യം.
വധശിക്ഷ കേസുകൾ നടത്തുന്നതിനും സൗജന്യ നിയമസഹായം നൽകുന്നതിനും പുറമെ കേസുകളെ സംബന്ധിച്ച മിറ്റിഗേഷൻ റിപ്പോർട്ടും പ്രോജക്ട് 39എ തയ്യാറാക്കി കോടതികൾക്ക് കൈമാറാറുണ്ട്. പ്രോജക്ട് 39എ തയ്യാറാക്കിയ പല മിറ്റിഗേഷൻ റിപ്പോർട്ടുകളും കോടതി നടപടികളിൽ നിർണായക സ്വാധീനമാണ് ചെലുത്തിയിട്ടുള്ളത്.
പല തടവുകാർക്കും പ്രോജക്ട് 39എ നൽകിയ സൗജന്യ നിയമസഹായം കാരണം തൂക്ക് കയർ ഒഴിവാക്കപ്പെട്ടിട്ടുണ്ട്. ഇതുവരെ 62 കേസുകളിലാണ് വധശിക്ഷ റദ്ദാക്കപ്പെട്ടത്. ഇതിൽ 40 കേസുകളിൽ വധശിക്ഷ റദ്ദാക്കപ്പെട്ടപ്പോൾ, 22 കേസുകളിൽ പ്രതികൾ ജയിൽ മോചിതരായി.
വധശിക്ഷ ലഭിച്ച് കേരളത്തിലെ വിവിധ ജയിലുകളിൽ കഴിയുന്ന അഞ്ച് കുറ്റവാളികളുടെ അപ്പീലുകളിൽ നിലവിൽ 'പ്രോജക്ട് 39എ' സഹായം നൽകുന്നുണ്ട്. ഇതിൽ രണ്ട് കേസുകൾ സുപ്രീം കോടതിയിലും മൂന്ന് എണ്ണം കേരള ഹൈക്കോടതിയിലുമാണ്. മുമ്പ് കേരളത്തിൽ നിന്ന് വധശിക്ഷയ്ക്ക് എതിരെ സുപ്രീം കോടതിയിൽ എത്തിയ രണ്ട് അപ്പീലുകളിൽ 'പ്രോജക്ട് 39എ' സൗജന്യ നിയമസഹായം നൽകിയിരുന്നു.
വധശിക്ഷയ്ക്കെതിരെ കേരള ഹൈക്കോടതിയിൽ അപ്പീൽ നൽകിയിട്ടുള്ള 10 തടവുകാരുടെ കേസുകളിൽ മിറ്റിഗേഷൻ റിപ്പോർട്ട് തയ്യാറാക്കാൻ കോടതി ചുമതലപ്പെടുത്തിയത് 'പ്രോജക്ട് 39എ' ആണ്. ഒരു കേസിന്റെ സാഹചര്യം, പശ്ചാത്തലം എന്നിവ സംബന്ധിച്ച സൂക്ഷമമായ പഠനമാണ് മിറ്റിഗേഷൻ റിപ്പോർട്ടിൽ ഉള്ളത്.
വധശിക്ഷക്കെതിരെ അപ്പീൽ നൽകുന്ന തടവുകാർക്ക് നിയമസഹായം നൽകാൻ ഡൽഹിയിലെ നാഷണൽ ലോ സ്‌കൂളിൽ 2014 ഓഗസ്റ്റിൽ സെന്റർ ഓൺ ദി ഡെത്ത് പെനാലിറ്റി (Centre on the Death Penalty) എന്ന സെന്റർ ആരംഭിച്ചിരുന്നു. ഇതാണ് പിന്നീട് 'പ്രോജക്ട് 39എ' ആയി പരിണമിച്ചത്. നാഷണൽ ലോ യൂണിവേഴ്സിറ്റി പ്രൊഫസർ ഡോ. അനുപ് സുരേന്ദ്രനാഥ് ആണ് പ്രോജക്ട് 39എ യുടെ എക്സിക്യുട്ടീവ് ഡയറക്ടർ. സുപ്രീം കോടതി ഡെപ്യുട്ടി രജിസ്ട്രാർ ആയും അനുപ് പ്രവർത്തിച്ചിട്ടുണ്ട്.
Content Highlights: Project 39A provides legal aid to Amirul Islam in Supreme Court against death penalty
Published: 19 Jul 2024, 04:46 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented