കോഴിക്കോട്: മുനമ്പം ഭൂമി പ്രശ്നത്തിന്  കാരണം മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് മുൻ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ. മുനമ്പത്ത് ഉള്ളവരുടെ ഭൂനികുതി സ്വീകരിക്കുന്നത് നിർത്തിയത് എന്തിനാണെന്ന് അദ്ദേഹം ചോദിച്ചു. മുനമ്പത്തെ ജനങ്ങള്‍ക്കൊപ്പമാണെന്ന് പറയുന്ന മുഖ്യമന്ത്രി വഖഫ് ഭേദഗതി ബില്ലിനെ എതിർക്കുന്നതിനെയും അദ്ദേഹം വിമർശിച്ചു. 

To advertise here,

വഖഫ് ഭേദഗതി നിയമം വന്നാൽ മുനമ്പത്ത് ഉള്ളവർക്ക് സഹായമാകും. പിന്നെ എന്തിനാണ് കേരളത്തിൽ എൽ.ഡി.എഫും യു.ഡി.എഫും എതിർക്കുന്നത്. വഖഫ് ഭേദഗതി ബില്ലിനെതിരെ സംയുക്ത പ്രമേയം പാസാക്കിയവരാണ് എൽ.ഡി.എഫും യു.ഡി.എഫും. രണ്ട് മുന്നണികളുടെയും പ്രീണന രാഷ്ട്രീയമാണ് സംയുക്ത ബില്ലിന് കാരണം. മുനമ്പത്തുള്ളവരുടെ കൂടെയാണോ ഭരണ പക്ഷവും പ്രതിപക്ഷവുമെന്നും ബില്ലിന് അനുകൂലമായി നിയമസഭയിൽ പ്രമേയം പാസാക്കാൻ തയ്യാറുണ്ടോ എന്നും ജാവദേക്കർ ചോദിച്ചു. 

നീതിയാണ് ബി.ജെ.പിയുടെ നയം. എന്നാൽ മറ്റു പാർട്ടികൾ അങ്ങനെയല്ല കാണുന്നത്. ഇത് ഒരു ഹിന്ദു - മുസ്ലിം പ്രശ്നമല്ല, മുനമ്പം  വിഷയത്തെ മതവത്കരിക്കാൻ  ശ്രമിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മോദി സർക്കാർ എല്ലായിടത്തും വികസനം കാണുന്നു. അതിനെ രാഷ്ട്രീയവത്കരിക്കാൻ മാത്രമാണ് കേരള സർക്കാർ ശ്രമിക്കുന്നത്. ഭൂമി വിഷയത്തിൽ പ്രിയങ്കാ ​ഗാന്ധി പ്രതികരിക്കണമെന്നും ജാവദേക്കർ ആവശ്യപ്പെട്ടു. 

ഉപതിരഞ്ഞെടുപ്പ് ബി.ജെ.പിക്ക് അനുകൂലമാണ് പാലക്കാട്ടും ചേലക്കരയിലും ബി.ജെ.പി വിജയിക്കും. വയനാട്ടിൽ അത്ഭുതങ്ങൾ സംഭവിക്കുമെന്നും കേരളത്തിന്റെ ചുമതലയുള്ള പ്രഭാരികൂടിയായ പ്രകാശ് ജാവദേക്കർ കോഴിക്കോട്ട് പറഞ്ഞു.