ബെംഗളൂരൂ: ജനസമ്പർക്ക പരിപാടികൾ സാധാരണയായി റോഡുകൾ, കുടിവെള്ളം, പെൻഷൻ എന്നിവയ്ക്കായുള്ള നിവേദനങ്ങൾ കൊണ്ടാണ് ശ്രദ്ധേയമാകാറുള്ളതെങ്കിൽ കർണാടകയിലെ ജനസമ്പർക്ക പരിപാടിയിൽ തികച്ചും വ്യത്യസ്തമായ ഒരു ആവശ്യമാണ് ഉയർന്നുവന്നത്. സ്വന്തമായി കൃഷിഭൂമിയുണ്ടായിട്ടും കർഷകരായ യുവാക്കൾക്ക് വിവാഹം കഴിക്കാൻ പെണ്ണുകിട്ടുന്നില്ലെന്ന വിഷയമാണ് ഒരു കർഷകൻ മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന് മുന്നിൽ ഉന്നയിച്ചത്.
മൈസൂരു ജില്ലയിലെ പെരിയപട്ടണയിൽ ശനിയാഴ്ച നടന്ന പരിപാടിക്കിടെയായിരുന്നു സംഭവം. സ്വന്തമായി വീടും സ്ഥലവുമുണ്ടായിട്ടും കർഷകർക്ക് പെൺകുട്ടികളെ വിവാഹം ചെയ്തുകൊടുക്കാൻ ആരും തയ്യാറാകുന്നില്ലെന്നും 35നും 40നും ഇടയിൽ പ്രായമുള്ള പല കർഷക യുവാക്കളും വിവാഹം നടക്കാത്തതിനെ തുടർന്ന് ആത്മഹത്യയെക്കുറിച്ച് പോലും ചിന്തിക്കുകയാണെന്നും കർഷകൻ മുഖ്യമന്ത്രിയോട് പറഞ്ഞു. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
സർക്കാർ, കോർപ്പറേറ്റ് അല്ലെങ്കിൽ മറ്റ് ശമ്പളമുള്ള ജോലികളുള്ള ചെറുപ്പക്കാരെയാണ് പെൺകുട്ടികളുടെ കുടുംബങ്ങൾ കൂടുതലായി തിരഞ്ഞെടുക്കുന്നത് എന്നും ഏല്ലാർക്കും ആഹാരം നൽകുന്ന കർഷകന് ആരും പെൺമക്കളെ വിവാഹം കഴിച്ചു നൽകുന്നില്ലെന്നും കർഷകൻ പറഞ്ഞു. വധുവിനെ ലഭിക്കാത്ത സാഹചര്യം ലക്ഷക്കണക്കിന് ആളുകളുടെ ജീവിതത്തെ ബാധിക്കുന്ന വിഷയമാണെന്നും ഇതിൽ എന്തെങ്കിലും നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ശിവകുമാറിനോട് അഭ്യർഥിച്ചു. ഈ അപ്രതീക്ഷിത ആവശ്യം ശിവകുമാറിനെ അത്ഭുതപ്പെടുത്തിയെങ്കിലും കർണാടകയിൽ കർഷകരുടെ വിവാഹവുമായി ബന്ധപ്പെട്ട ആശങ്കകൾ മുൻപും ചർച്ചയായിട്ടുള്ളതാണ്.
ഫെബ്രുവരിയിൽ, തുമകൂർ ജില്ലയിലെ കുനിഗൽ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എം.എൽ.എ എച്ച്. ഡി. രംഗനാഥ്, കർഷകരെ വിവാഹം കഴിക്കുന്ന സ്ത്രീകൾക്ക് പ്രത്യേക ആനുകൂല്യങ്ങൾ നൽകണമെന്ന് ആവശ്യപ്പെട്ട് അന്നത്തെ മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കത്തെഴുതിയിരുന്നു. ഗ്രാമങ്ങളിൽ താമസിച്ച് കൃഷിയെ ആശ്രയിച്ചു ജീവിക്കുന്ന പുരുഷന്മാരെ വിവാഹം കഴിക്കുന്ന സ്ത്രീകൾക്ക് വരാനിരിക്കുന്ന നിയമസഭാ സമ്മേളനത്തിൽ പ്രത്യേക അലവൻസും പ്രത്യേക പദവിയും പ്രഖ്യാപിക്കണമെന്നായിരുന്നു കത്തിലെ ആവശ്യം. കൃഷിയിൽ ഏർപ്പെട്ടിരിക്കുന്ന പുരുഷന്മാരെ വിവാഹം കഴിക്കാൻ പല സ്ത്രീകൾക്കും താല്പര്യമില്ലാത്തതിനാൽ, 30 വയസ്സ് കഴിഞ്ഞിട്ടും നിരവധി കർഷകർ വിവാഹം നടക്കാതെ കഴിയുകയാണെന്ന് രംഗനാഥ് ചൂണ്ടിക്കാണിച്ചിരുന്നു.
Published: 06 Oct 2026, 03:27 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented