ന്യൂഡൽഹി: കാർഷികസബ്സിഡി ആനുകൂല്യം മന്ത്രിയും സെക്രട്ടറിയും സ്വന്തമാക്കിയതിനെച്ചൊല്ലി വിവാദമുയർന്നപ്പോൾ ചട്ടങ്ങൾ കർശനമാക്കി കേന്ദ്രസർക്കാർ.
ഇനി മന്ത്രിമാർക്കോ സെക്രട്ടറിമാർക്കോ അവരുടെ കുടുംബാംഗങ്ങൾക്കോ സഹായധനം നൽകാനാകില്ലെന്ന് വ്യക്തമാക്കിയാണ് പുതിയ ചട്ടങ്ങളും മാർഗനിർദേശങ്ങളും കേന്ദ്ര കാർഷിക മന്ത്രാലയം പുറത്തിറക്കിയത്. പരമാവധി സബ്സിഡി നിരക്കിലും കുറവ് വരുത്തിയിട്ടുണ്ട്.
കേന്ദ്ര കൃഷിസഹമന്ത്രി ഭാഗീരഥ് ചൗധരിയുടെ രാജസ്ഥാനിലെ കക്കിരിക്കാ ഫാമിന് 99.6 ലക്ഷം രൂപ സബ്‌സിഡി നൽകിയതും മൃഗസംരക്ഷണവകുപ്പ് സെക്രട്ടറി നരേഷ്പാൽ ഗാംഗ്‌വറിന്റെ കുടുംബാംഗങ്ങളുടെ പദ്ധതികൾക്ക് 1.16 കോടി രൂപ വഴി വിട്ട് ആനുകൂല്യം ലഭിച്ചതുമാണ് വിവാദമായത്. ഭരണഘടനാപരമായ പദവികൾ വഹിക്കുന്നവർ, കേന്ദ്ര-സംസ്ഥാന മന്ത്രിമാർ, എം.പി.മാർ, എം.എൽ.എ.മാർ, എം.എൽ.സി.മാർ എന്നിവർക്ക് സാമ്പത്തികസഹായത്തിന് ഇനി അർഹതയുണ്ടാകില്ല.
മുനിസിപ്പൽ -കോർപ്പറേഷൻ മേയർമാർ, ജില്ലാ പഞ്ചായത്ത് അധ്യക്ഷർ എന്നിവരും അർഹതാ പട്ടികയിൽനിന്ന് പുറത്താകും. കേന്ദ്ര-സംസ്ഥാന സർക്കാർ ജീവനക്കാർക്കും നേരിട്ട് സഹായം ലഭിക്കില്ല. എന്നാൽ, എം.ടി.എസ്., ക്ലാസ്-4, ഗ്രൂപ്പ് ഡി ജീവനക്കാർക്ക് ഇളവുണ്ട്. പ്രതിമാസം 10,000 രൂപയോ അതിൽ കൂടുതലോ പെൻഷൻ ലഭിക്കുന്നവരും സാമ്പത്തികസഹായത്തിന് അർഹരായിരിക്കില്ല.
കർഷക സംഘങ്ങൾക്ക് നേരിട്ട് സാമ്പത്തിക സഹായം നൽകില്ല. അതേസമയം, ഈ വിഭാഗങ്ങളിൽപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് ഒരുതവണ സഹായം ലഭ്യമാക്കാം.
പദ്ധതികളിൽ 'കുടുംബം' എന്നതിന്റെ നിർവചനവും കേന്ദ്രം വിപുലീകരിച്ചു. ഭർത്താവ്, ഭാര്യ, ആശ്രിതരായ പ്രായപൂർത്തിയാകാത്ത മക്കൾ എന്നിവരായിരുന്നു കുടുംബത്തിന്റെ പരിധിയിൽ നിലവിൽ ഉൾപ്പെട്ടിരുന്നത്. എന്നാൽ, പുതിയ നിർവചനപ്രകാരം ഭർത്താവ്, ഭാര്യ, പിതാവ്, മാതാവ്, ആൺമക്കൾ, പെൺമക്കൾ എന്നിവരും കുടുംബത്തിന്റെ പരിധിയിൽ വരും. ഒരു കുടുംബത്തിലെ ഒരാൾക്കുമാത്രമേ പദ്ധതികൾക്കു കീഴിൽ സാമ്പത്തിക സഹായം ലഭിക്കൂ.
വ്യക്തിഗതമായോ പങ്കാളിത്ത സ്ഥാപനം, ഉടമസ്ഥസ്ഥാപനം എന്നിവ വഴിയോ കമ്പനി ഡയറക്ടർ എന്ന നിലയിലോ അപേക്ഷിച്ചാലും ഈ വ്യവസ്ഥ ബാധകമായിരിക്കും. ഒരു കുടുംബാംഗത്തിന് ലഭിച്ച സാമ്പത്തികസഹായം, കുടുംബത്തിനു മൊത്തമായി ലഭിച്ച സഹായമായി കണക്കാക്കും. ഗുണഭോക്താക്കൾക്ക് അർഹമായ പദ്ധതിച്ചെലവിന്റെ 50 ശതമാനമായിരുന്നു നിലവിൽ സബ്സിഡി. ഇനി ഇത് 35 ശതമാനമായിരിക്കും. സാമ്പത്തിക സഹായം നേടുന്നതിന് തെറ്റായ വിവരങ്ങൾ നൽകിയാൽ തുക തിരിച്ചുപിടിക്കും.
ആനുകൂല്യം ലഭിച്ചത് വിവാദമായതോടെ ഭഗീരഥ് ചൗധരി തുക തിരിച്ചടച്ചു. നരേഷ്പാൽ ഗാംഗ്‌വറിനെ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയാക്കിയത് വിവാദമായതോടെ അവിടെനിന്ന് മാറ്റി.
Content Highlights: Ministers, MPs, MLAs, and top officials are barred from agricultural subsidies., Maximum subsidy rate reduced from 50% to 35%., Definition of family expanded to include parents and children., False information will lead to recovery of funds.
Published: 25 Aug 2026, 09:34 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented