കാസർകോട്: പ്രതിപക്ഷ ഉപനേതാവ് പദവി സംബന്ധിച്ച തർക്കം ഇടതുമുന്നണിക്കുള്ളിൽ പുകയുന്നതിനിടെ, പിണറായി വിജയനും സിപിഎമ്മിനുമെതിരെ രൂക്ഷമായ വിമർശനവുമായി സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പി.പി. സുനീർ. പ്രതിപക്ഷ ഉപനേതാവ് പദവി വേണമെന്ന നിലപാടിൽ നിന്ന് സിപിഐ ഒരടി പോലും പിന്നോട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പിണറായി വിജയൻ ഏകപക്ഷീയമായി എടുക്കേണ്ട തീരുമാനമല്ല ഇതെന്നും, ഈ വിഷയം മുന്നണിക്കുള്ളിൽ ചർച്ച ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

To advertise here,

നിയമസഭാ സമ്മേളനം കഴിഞ്ഞിട്ടും ബജറ്റ് അവതരിപ്പിച്ചിട്ടും ഇതുവരെ എൽഡിഎഫ് പാർലമെന്ററി പാർട്ടി യോഗം ചേരാൻ കഴിഞ്ഞിട്ടില്ല. തിരഞ്ഞെടുപ്പിലെ പരാജയത്തിന്റെ പശ്ചാത്തലത്തിൽ ഇടതുപക്ഷ മുന്നണിയുടെ നിലപാടുകളിൽ മാറ്റം വേണമെന്നാണ് സിപിഐ ആവശ്യപ്പെടുന്നത്. പി.എം.ശ്രീ പദ്ധതി അടക്കമുള്ള വിവിധ വിഷയങ്ങളിൽ സിപിഐ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നതാണെന്ന് സുനീർ ചൂണ്ടിക്കാട്ടി. ഇത്തരം വിഷയങ്ങളിൽ സിപിഐ പറയുന്നത് കേട്ടിരുന്നെങ്കിൽ ഇടതുപക്ഷത്തിന് ഇന്ന് ഈ ഗതി വരില്ലായിരുന്നു എന്നും അദ്ദേഹം തുറന്നടിച്ചു. വിവിധ സമയങ്ങളിൽ സിപിഐ ഉയർത്തിയ വ്യത്യസ്തമായ അഭിപ്രായങ്ങളെ ചർച്ച ചെയ്യാനോ ഗൗരവത്തിൽ എടുക്കാനോ സിപിഎം തയ്യാറാകാത്തതാണ് പ്രധാന പ്രശ്നമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പ്രതിപക്ഷ ഉപനേതാവ് പദവി എന്നത് ഒരു 'അടഞ്ഞ അധ്യായമാണെന്ന്' പ്രതിപക്ഷനേതാവ് പിണറായി വിജയൻ ആവർത്തിക്കുമ്പോഴും അതിന് കീഴടങ്ങാൻ സിപിഐ തയ്യാറല്ല. പിണറായി വിജയൻ പറയുന്നത് പാർട്ടിയുടെ മൊത്തത്തിലുള്ള നിലപാടാണോ അതോ അദ്ദേഹം സ്വയം എടുത്ത തീരുമാനമാണോ എന്ന് സിപിഎം വ്യക്തമാക്കണമെന്നും സുനീർ ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പിലുണ്ടായ വലിയ പരാജയത്തിന് കാരണം സിപിഎം സ്വീകരിക്കുന്ന ഇത്തരം കടുംപിടുത്തങ്ങളാണെന്നും മുന്നണിക്കുള്ളിലെ ജനാധിപത്യപരമായ ചർച്ചകളെ സിപിഎം നിഷ്കരുണം തള്ളിക്കളയുകയാണെന്നും അദ്ദേഹം ആരോപിച്ചു.

കീഴ്വഴക്കങ്ങൾ ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രി പദവി നിഷേധിക്കുന്നതെങ്കിൽ, അത്തരം കീഴ്വഴക്കങ്ങൾ മാറേണ്ടതാണെന്ന് സിപിഐ വാദിക്കുന്നു. രാജ്യത്തിന്റെ ഭരണഘടന പോലും ഭേദഗതി ചെയ്യുന്ന സാഹചര്യത്തിൽ പഴയ കീഴ്വഴക്കങ്ങളിൽ മാത്രം തൂങ്ങിക്കിടക്കുന്നതിൽ എന്ത് പ്രസക്തിയാണുള്ളതെന്ന് സുനീർ ചോദിച്ചു. കാലത്തിനനുസരിച്ച് രാഷ്ട്രീയ തീരുമാനങ്ങളിലും മുന്നണി ധാരണകളിലും മാറ്റം വരുത്താൻ ജനാധിപത്യ സംവിധാനത്തിൽ സാധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.