വാഷിങ്ടൺ: യു.എസ് ഇടക്കാല തിരഞ്ഞെടുപ്പിൽ മിഷിഗണിലെ യു.എസ് സെനറ്റ് സീറ്റിലേക്ക് നടന്ന മത്സരത്തിൽ ഡെമോക്രാറ്റിക് സ്ഥാനാർഥിയായ അബ്ദുൾ എൽ-സയേദ് ചരിത്രവിജയം നേടി. റിപ്പബ്ലിക്കൻ സ്ഥാനാർഥി മൈക്ക് റോജേഴ്സിനെ പരാജയപ്പെടുത്തിയാണ് എൽ-സയേദ് വിജയം നേടിയത്. ജയത്തോടെ അമേരിക്കൻ ചരിത്രത്തിലെ ആദ്യ മുസ്ലിം സെനറ്ററായി എൽ-സയേദ് മാറി.

To advertise here,

എപി പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, ആകെയുള്ള വോട്ടിന്റെ 18 ശതമാനം എണ്ണിയപ്പോൾ തന്നെ എൽ-സയേദ് വ്യക്തമായ മുന്നേറ്റം നേടിയിരുന്നു. പ്രാദേശിക സമയം രാത്രി 9.48 ഓടെ എൽ-സയേദിന് 4,90,679 വോട്ടുകളും (54.4 ശതമാനം), മൈക്ക് റോജേഴ്സിന് 3,96,428 വോട്ടുകളും (43.9 ശതമാനം) ലഭിച്ചു. ഇതോടെ ജയം ഉറപ്പിച്ചു. 1994-ന് ശേഷം മിഷിഗണിൽനിന്ന് റിപ്പബ്ലിക്കൻ സ്ഥാനാർഥികളാരും യു.എസ് സെനറ്റിലേക്ക് ജയിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

വെയ്ൻ കൗണ്ടി മുൻ ഹെൽത്ത് ഡയറക്ടറായിരുന്ന പ്രോഗ്രസീവ് നേതാവാണ് എൽ-സയേദ്. ഓഗസ്റ്റിൽ നടന്ന ഡെമോക്രാറ്റിക് പ്രൈമറിയിൽ കോൺഗ്രസ് അംഗം ഹേലി സ്റ്റീവൻസിനെ പരാജയപ്പെടുത്തിയാണ് എൽ-സയേദ് സ്ഥാനാർഥിത്വം ഉറപ്പിച്ചത്. എന്നാൽ പ്രചാരണത്തിന്റെ അവസാന ഘട്ടത്തിൽ ഹേലി സ്റ്റീവൻസ് റിപ്പബ്ലിക്കൻ സ്ഥാനാർഥി റോജേഴ്സിന് പിന്തുണ പ്രഖ്യാപിച്ചത് പാർട്ടിയിൽ ഭിന്നത ഉണ്ടാക്കുകയും റിപ്പബ്ലിക്കൻമാർക്ക് മുൻതൂക്കം നൽകുകയും ചെയ്തിരുന്നു. എൽ- സയേദ് മുസ്ലിമാണെന്നതും ഇസ്രയേലിനുള്ള പിന്തുണയും എതിരാളികൾ വിവാദമാക്കാൻ ശ്രമിച്ചിരുന്നു.