വൈക്കം (കോട്ടയം): ത്യാ​ഗോജ്വലമായ ജീവിതമാണ് തന്തൈ പെരിയാറിന്റേതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വൈക്കത്ത് തന്തൈ പെരിയാർ സ്മാരകത്തിന്റെയും പെരിയാർ ​ഗ്രന്ഥശാലയുടേയും ഉദ്ഘാടനച്ചടങ്ങിൽ അധ്യക്ഷ പ്രസം​ഗം നടത്തുകയായിരുന്നു അദ്ദേഹം. വൈക്കം സത്യാ​ഗ്രഹത്തിൽ തന്തൈ പെരിയാർ പങ്കെടുത്തതിന്റെ ശതാബ്ദി വർഷ സമാപന ആഘോഷത്തിന്റെ ഭാ​ഗമായാണ് ചടങ്ങ് സംഘടിപ്പിച്ചത്. വൈക്കം സത്യാ​ഗ്രഹത്തിൽ തുടങ്ങിയ സഹവർത്തിത്വമാണ് കേരളവും തമിഴ്നാടും ഇന്നും തുടരുന്നതെന്നും പിണറായി വിജയൻ പറഞ്ഞു.

To advertise here,

കോൺ​ഗ്രസ് നേതാക്കൾ പലരും പുരോ​ഗമന ചിന്താ​ഗതിയല്ല, അധോ​ഗമന ചിന്തയാണ് വെച്ചുപുലർത്തുന്നതെന്നായിരുന്നു പെരിയാറിന്റെ പക്ഷമെന്ന് അധ്യക്ഷ പ്രസം​ഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 1952-ൽ തമിഴ്നാട്ടിൽ കമ്മ്യൂണിസ്റ്റ് പാർട്ടിക്കുണ്ടായ മികച്ച വിജയത്തിൽ തന്നിലുൾപ്പെടെ പെരിയാറിന്റെ സ്വാധീനം പ്രകടമായിരുന്നുവെന്നും അദ്ദേഹം ഓർമിച്ചു. ദൈവത്തിന്റെയും മതത്തിന്റെയും പേരിൽ ഇന്ത്യയിലെ ജനങ്ങൾക്ക് അറിവും വിദ്യാഭ്യാസവും ലോകപരമായ ജ്ഞാനവും സ്വാഭിമാനവുമെല്ലാം ആർജിക്കുന്നതിനുള്ള വഴികൾ തടയാനും, അങ്ങനെയവരെ പ്രാകൃതമായ അവസ്ഥയിൽ നിലനിർത്താനും ​ഗൂഢാലോചനക്കാർ പ്രത്യേക ശ്രദ്ധ ചെലുത്തിയിരുന്നെന്ന പെരിയാറിന്റെ വാക്കുകൾ പ്രത്യേകം ശ്രദ്ധിക്കണം.

പ്രത്യയശാസ്ത്രങ്ങളും നിയമവും ധർമവുമെല്ലാം കാലത്തിനനുസൃതമായി നവീകരിക്കപ്പെടണം എന്ന കാഴ്ചപ്പാടായിരുന്നു പെരിയാറിനുണ്ടായിരുന്നത്. ഇന്നത്തെ ധർമം നാളത്തെ അധർമമായിരിക്കും എന്ന് പെരിയാർ കുടിയരസുവിൽ എഴുതിയിട്ടുണ്ട്. അതുകൊണ്ടുതന്നെ പെരിയാർ മുന്നോട്ടുവെച്ച കാഴ്ചപ്പാട് സമധർമം എന്നതായിരുന്നു. ധർമത്തിന്റെ കാലാനുസൃതമായ നവീകരണത്തിന്റെ ഉപാധിയായാണ് പെരിയാർ സമധർമമെന്ന കാഴ്ചപ്പാടിനെ വിവക്ഷിച്ചത്. അതിൻപ്രകാരം സ്വാഭിമാനവും സ്വാതന്ത്ര്യവും സമത്വവുമെല്ലാം ജാതി നിരപേക്ഷമായി ഓരോ വ്യക്തിക്കും അവകാശപ്പെട്ടതായിരുന്നു. സാമൂഹ്യ നീതിയായിരുന്നു അതിന്റെ കേന്ദ്രബിന്ദു.

വൈക്കം മഹാദേവ ക്ഷേത്രത്തിന് ചുറ്റുമുള്ള വഴികളിലൂടെ അവർണർക്ക് നടക്കുന്നതിനുള്ള അവകാശത്തിനായ് നടന്ന സത്യാ​ഗ്രഹത്തിൽ സുപ്രധാന പങ്കുവഹിച്ച വ്യക്തിയായിരുന്നു പെരിയാർ. തങ്ങളെല്ലാവരും ജയിലിലാണെന്നും വൈക്കത്തുവന്ന് സത്യാ​ഗ്രഹം നയിക്കണമെന്നും ബാരിസ്റ്റർ ജോർജ് ജോസഫും കേശവമേനോനും പെരിയാർക്കെഴുതിയ കത്തിൽ രേഖപ്പെടുത്തിയിരുന്നു. അങ്ങനെയാണ് 1924 ഏപ്രിൽ മൂന്നിന് പെരിയാർ വൈക്കം സത്യാ​ഗ്രഹത്തിന്റെ നേതൃത്വം ഏറ്റെടുക്കുന്നത്. പെരിയാറിന്റെ അത്തരം ഇടപെടലുകളിലെല്ലാം തുല്യ പങ്കാളിയായിരുന്നു അദ്ദേഹത്തിന്റെ ഭാര്യ നാ​ഗമ്മ. ആ പങ്കാളിത്തം വൈക്കത്തും നമുക്ക് കാണാനാവും. 

ജയിൽവാസത്തിനുശേഷം മോചിതനായ പെരിയാർ വീണ്ടും സത്യാ​ഗ്രഹത്തിൽ പങ്കെടുത്തതോടെ ഭരണകൂടം അദ്ദേഹത്തിന് ദേശഭ്രഷ്ട് കല്പിച്ചു. ഈ ഉത്തരവ് അദ്ദേഹം ലംഘിച്ചു. ഇതോടെ തിരുവിതാംകൂർ ഭരണകൂടം അദ്ദേഹത്തെ വീണ്ടും ജയിലിലടച്ചു. ഈ വിധത്തിൽ ത്യാ​ഗോജ്വലമായ ജീവിതമാണ് പെരിയാർ വൈക്കം സത്യാ​ഗ്രഹത്തിന് നൽകിയത്. വൈക്കം ക്ഷേത്രത്തിന് ചുറ്റുമുള്ള വഴിയിലൂടെ നടക്കാൻ അവകാശമില്ലാതിരുന്നത് ഇന്നാട്ടുകാരായ മലയാളികൾക്കായിരുന്നു. ഈ പ്രശ്നത്തെ കേവലം മലയാളികളുടെയോ തിരുവിതാംകൂറിന്റെയോ ഒക്കെ പ്രശ്നമായി ചുരുക്കിക്കാണുകയല്ല പെരിയാറും മറ്റ് സമരനേതാക്കളും കണ്ടത്. രാജ്യത്തിലെ ജനങ്ങളുടെയാകെ പ്രശ്നമായാണ് അവർ കണ്ടത്. അതുകൊണ്ടാണ് ദേശീയ നേതാക്കൾതന്നെ അതിന്റെ ഭാ​ഗമായതും സിഖുകാർ ഉൾപ്പെടെ സഹായവുമായി എത്തിയതും. ആ നിലയ്ക്ക് അതിർവരമ്പുകൾക്കതീതമായ സഹവർത്തിത്വവും സഹകരണവുമാണ് വൈക്കം സത്യാ​ഗ്രഹത്തിൽ നമുക്ക് കാണാൻ കഴിയുന്നത്. ആ സഹവർത്തിത്വവും സഹകരണവും തുടർന്നുകൊണ്ടുപോവുകയാണ് കേരളവും തമിഴ്നാടുമെന്നും പിണറായി വിജയൻ ചൂണ്ടിക്കാട്ടി.