സമൂഹത്തില്‍ വിവേചനമോ വേര്‍തിരിവോ നടക്കുമ്പോള്‍ അസാധാരണമായ എന്തോ ആണ് ചുറ്റും നടക്കുന്നതെന്ന തോന്നല്‍ കുഞ്ഞു മാധവനെ അസ്വസ്ഥനാക്കിയിരുന്നു. അത് ജാതിവ്യവസ്ഥയെ കുറിച്ചോ വംശീയ വിവേചനത്തെക്കുറിച്ചോ ഒന്നും അറിഞ്ഞിട്ടല്ല. മറിച്ച് അനീതിക്കെതിരെ പൊരുതാനുള്ള ആര്‍ജ്ജവം ആ മനസ്സില്‍ എവിടെയോ ഉള്ളതുകൊണ്ടായിരുന്നു. അതാണ് ടി.കെ. മാധവന് എന്ന കേരളം കണ്ട എക്കാലത്തെയും മികച്ച സാമൂഹിക പരിഷ്കര്ത്താവിലേക്കുള്ള ദൂരം കുറച്ചതും വൈക്കം ക്ഷേത്രത്തിലെ അയിത്തോച്ചാടനത്തില്‍ നിര്‍ണായകമായതും.
വലിയ ജാതി അഭിമാനിയായിരുന്ന നരിയഞ്ചിലാശാന്റെ കുടിപ്പള്ളിക്കൂടമായിരുന്നു മാധവന്റെ ആദ്യാക്ഷര കളരി. പക്ഷേ, നിലത്തെഴുത്തും എഞ്ചുവടിയും പഠിക്കേണ്ട സമയം, അവിടുത്തെ കുട്ടികളോടുള്ള ആശാന്റെ പെരുമാറ്റം മാധവന്റെ മനസ്സില്‍ തീക്കനല്‍ കോരിയിടുകയാണ് ചെയ്തത്. സവര്‍ണരായ കുട്ടികളെ വടികൊണ്ട് അടിച്ചിരുന്ന ആശാന് അതല്ലാത്തവരെ ദൂരെനിന്ന് വടികൊണ്ട് എറിയുകയായിരുന്നു പതിവ്. തന്റെ കളിക്കൂട്ടുകാരനായ ഗോവിന്ദനെ വടികൊണ്ട് തൊട്ടടിച്ച് നരിഞ്ചലാശാന് തനിക്ക് നേരെ വടിയെറിഞ്ഞപ്പോഴുണ്ടായ പ്രതിഷേധമായിരുന്നു നീതി നിഷേധങ്ങള്‍ക്കും അവകാശലംഘനങ്ങള്ക്കുംവേണ്ടി പൊരുതാനുള്ള മാധവന്റെ ആദ്യ പ്രചോദനം.
'ആശാന്റെ എഴുത്തങ്ങെടുത്തോ എന്റെ ഓല ഇങ്ങു തന്നേക്ക്' എന്നു ആശാനോട് തട്ടിക്കയറി ഗുരുകുലം വിട്ട മാധവന് നടന്നു കയറിയത് ഉച്ചനീചത്വങ്ങളുടെ പേരില്‍ സവര്‍ണ മേധാവിത്വം കീഴാളര്‍ക്ക് മുന്നില്‍ കൊട്ടിയടച്ച വഴിയിലേക്കാണ്. ആ വിപ്ലവവീര്യമാണ് അയിത്തോച്ചാടനം ഉള്‍പ്പെടെയുള്ള കേരളത്തിലെ പ്രാദേശിക സാമൂഹിക പരിഷ്കരണ സമരങ്ങള്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സഹായത്തോടെ ദേശീയ പ്രക്ഷോഭമായി വളര്‍ത്തിയെടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത്. ശ്രീനാരായണ ഗുരുദേവന്റെ സന്ദേശങ്ങള്‍ മുറുകെ പിടിച്ചുകൊണ്ട് ഈഴവരെ മാത്രമല്ല, കേരളത്തിലെ പാര്‍ശ്വവത്ക്കരിക്കപ്പെട്ടതും അധഃസ്ഥിതരുമായ മുഴുവന്‍ ജനവിഭാഗത്തിന്റെയും അവകാശ പോരാട്ടങ്ങള്‍ക്ക് മാധവന് ചുക്കാന്‍ പിടിക്കുകയായിരുന്നു.
മാധവനും മഹാത്മാഗാന്ധിയും
തിരുവിതാംകൂറിലെ പ്രധാന ക്ഷേത്രമായ വൈക്കം മഹാദേവക്ഷേത്രത്തിന് ചുറ്റുമുള്ള വഴികളില്‍ അവര്‍ണ്ണരായ ഹിന്ദുക്കള്‍ക്ക് പ്രവേശനം ഉണ്ടായിരുന്നില്ല. മഹാത്മാഗാന്ധിയുടെ ആശീര്‍വാദത്തോടുകൂടി മാധവന്റെ നേതൃത്വത്തില്‍ ഈ സഞ്ചാരസ്വാതന്ത്ര്യ നിഷേധത്തിനെതിരെയുള്ള ഐതിഹാസിക ചെറുത്തുനില്‍പ്പായിരുന്നു വൈക്കം സത്യാഗ്രഹം. രാഷ്ട്രീയ മുന്നേറ്റത്തേക്കാള്‍ ഹൈന്ദവ സമുദായത്തെ മാലിന്യങ്ങളില്‍നിന്നു മോചിപ്പിക്കാനുള്ള ടി.കെ. മാധവന്റെ ശ്രമമാണ് വൈക്കം സത്യാഗ്രഹത്തിന്റെ വിജയത്തില്‍ നിര്‍ണായകമായത്. പക്ഷേ, പലയിടങ്ങളിലും ടി.കെ. മാധവന്റെ പങ്ക് ചരിത്രകാരന്മാര് വിസ്മരിക്കുകയാണ് ചെയ്തത്. 1924 മാര്‍ച്ച് 30-ന് ആരംഭിച്ച വൈക്കം സത്യാഗ്രഹം 603 ദിവസങ്ങള്‍ നീണ്ടുനിന്ന് 1925 നവംബര്‍ 23-നാണ് അവസാനിച്ചത്. ജാതീയതയുടെ അതിര്‍വരമ്പുകളെ ഭേദിച്ച് തൊട്ടുകൂടായ്മയുടെയും തീണ്ടികൂടായ്മയുടെയും വേരറുത്ത സമരം ശതാബ്ദിയിലെത്തി നില്‍ക്കുകയാണ്.
സത്യഗ്രഹത്തിലേക്ക് വഴിവെച്ചത്
1917 മുതല്ക്കേ ശ്രീനാരായണ ഗുരു ധര്‍മ്മപരിപാലനയോഗം വഴി ടി.കെ. മാധവന്റെയും കുമാരനാശാന്റെയും ഒക്കെ നേതൃത്വത്തില്‍ അയിത്തോച്ചാടനത്തിനുള്ള കര്‍മ്മപരിപാടികള്‍ നടപ്പിലാക്കിയിരുന്നു. 1921 സെപ്റ്റംബര്‍ മൂന്നിന് തിരുനെല്‍വേലിയില്‍വെച്ച് ടി.കെ. മാധവന് മഹാത്മാഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയാണ് പിന്നീട് വൈക്കം സത്യാഗ്രഹത്തില്‍ നിര്‍ണായകമായത്. തിരുവിതാംകൂറിലെ മിശ്രവിവാഹത്തെക്കുറിച്ചും ക്ഷേത്രങ്ങളിലെ അയിത്തോച്ചാടനത്തെക്കുറിച്ചും ഗാന്ധിയോട് മാധവന് സംസാരിക്കുന്നു. എന്നാല്‍, ക്ഷേത്രപ്രവേശനത്തേക്കാളുപരി അവര്‍ണര്‍ക്ക് കിണറുകളുപയോഗിക്കാനും സ്കൂള്‍ പ്രവേശനത്തിനുമുള്ള അവസരം ഒരുക്കുന്നതിന് കൂടുതല്‍ പ്രാധാന്യം നല്‍കൂവെന്നാണ് ഗാന്ധി ഉപദേശിക്കുന്നത്. (ജാതിപരിഷ്കരണങ്ങളില് ഗാന്ധിജിയെക്കാള്‍ ഒരു പടി മുന്നിലായിരുന്നു കേരളത്തിലെ ഈഴവരായ സാമൂഹ്യ പരിഷ്കര്‍ത്താക്കളെന്ന് രാമചന്ദ്രഗുഹ 'ഗാന്ധി' എന്ന പുസ്തകത്തില്‍ പറയുന്നുണ്ട്).
ശ്രീമൂലം പ്രജാസഭയില്‍ ക്ഷേത്രപ്രവേശനവുമായി ബന്ധപ്പെട്ട വിഷയം അവതരിപ്പിക്കാന്‍ അനുമതി നിഷേധിക്കപ്പെട്ട കാര്യവും മാധവന് ഗാന്ധിയുമായി ചര്‍ച്ച ചെയ്തു. തിരുവിതാംകൂറിലെ അവര്‍ണരായ ഹിന്ദുക്കള്‍ക്ക് ക്ഷേത്രപ്രവേശനം ലഭിക്കണമെന്ന പ്രമേയത്തിന്റെ ഭാഗമായി പ്രക്ഷോഭം സംഘടിപ്പിക്കാന്‍ പോവുകയാണെന്ന് മാധവന് വിശദീകരിക്കുന്നു. ഈ ചര്‍ച്ചയ്ക്ക് ശേഷമാണ് ആദ്യം ശ്രദ്ധ ചെലുത്തേണ്ട വിഷയം, വൈക്കം ക്ഷേത്രത്തിലേക്കുള്ള നായര്‍ക്കും നമ്പൂതിരിമാര്‍ക്കും മാത്രം പ്രവേശനമുള്ള പൊതുവഴി എല്ലാവര്ക്കും തുറന്നു കൊടുക്കുക എന്നതാണെന്ന് 1923-ല്‍ മാധവന് തീരുമാനിച്ചുറപ്പിക്കുന്നത്. അത് നേടിയെടുക്കുംവരെ സഹനസമരം നടത്തുമെന്ന് മാധവന് നിശ്ചയിക്കുന്നു.
1923-ല്‍ കാക്കിനടവെച്ച് നടത്തിയ കോണ്‍ഗ്രസ് സമ്മേളനത്തില്‍ തൊട്ടുകൂടായ്മ സംബന്ധിച്ച പ്രമേയം പാസാക്കണമെന്ന നിര്‍ദ്ദേശം ടി.കെ. മാധവന് മുന്നോട്ടുവയ്ക്കുന്നു. 1924 ജനുവരിയോടെ ടി.കെ. മാധവനും കെ.പി. കേശവമേനോനും ചേര്‍ന്ന് വൈക്കത്ത് 'തൊട്ടുകൂടായ്മ വിരുദ്ധ കമ്മിറ്റി' രൂപവത്കരിക്കുന്നു. ജയില്‍ശിക്ഷ അനുഭവിക്കുകയായിരുന്ന ഗാന്ധിജിയെ ആ സമയം സസൂണ്‍ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
ഈ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വൈക്കത്ത് വമ്പിച്ച പൊതുയോഗം സംഘടിപ്പിക്കുന്നു. വൈക്കം ക്ഷേത്രത്തിലേക്കുള്ള പാത അവര്‍ണര്‍ക്ക് തുറന്നു കൊടുക്കുന്നതുവരെ ഒരുകൂട്ടം സത്യഗ്രഹികള്‍ സമരരംഗത്തിറങ്ങുമെന്ന് യോഗം പ്രഖ്യാപിക്കുന്നു. വൈക്കം സത്യാഗ്രഹം ആരംഭിക്കാനുള്ള തീയതിയായി മാര്‍ച്ച് 30 നിശ്ചയിക്കുന്നു. മാത്രമല്ല, ഇതിനുമുന്നോടിയായി പിറ്റേ ദിവസം സവര്‍ണ ഹിന്ദുക്കളും തീണ്ടല്‍ജാതിക്കാരും ഒരുമിച്ചൊരു ഘോഷയാത്ര നടത്തുന്നതിനെ പറ്റി യോഗത്തില്‍ പറയുകയും അതിലേക്ക് എല്ലാവരെയും ക്ഷണിക്കുകയും ചെയ്യുന്നു. അയിത്തം ഉന്മൂലനം ചെയ്യേണ്ടതിനെ പറ്റി വാതോരാതെ സംസാരിച്ച പല സവര്‍ണ്ണരും ഘോഷയാത്രയെ പറ്റി കേട്ടപ്പോള്‍ നെറ്റി ചുളിച്ചു. എന്നാല്‍, പിന്നീട് തഹസില്‍ദാര്‍, മജിസ്ട്രേറ്റ്, പോലീസ് ഇന്‍സ്പെക്ടര്‍ തുടങ്ങിയ ഉദ്യോഗസ്ഥര്‍ എത്തി നേതാക്കളുമായി ചര്‍ച്ച നടത്തി. ഘോഷയാത്ര നായന്മാരും ഈഴവരും തമ്മിലുള്ള വന്ലഹളക്ക് കാരണമാകുമെന്നും സവര്‍ണ ഹിന്ദുക്കളില്‍ വിരോധമുണ്ടാക്കുമെന്നും അവര്‍ മുന്നറിയിപ്പ് നല്കി. ചില സമുദായ പ്രമാണിമാരും അതിനെ എതിര്‍ത്തു. അങ്ങനെ ഒരുമാസം നീട്ടി ഘോഷയാത്ര സംഘടിപ്പിക്കുവാന്‍ തീരുമാനിച്ചു.
ഘോഷയാത്രയ്ക്ക് വേണ്ട പ്രചാരണവേലകള്‍ ചെയ്യല്‍ ആയിരുന്നു നേതാക്കളുടെ പിന്നീടത്തെ പ്രധാന ജോലി. യോഗങ്ങള്‍, പ്രസംഗങ്ങള്‍, ലഘുലേഖ വിതരണം, വളണ്ടിയര്‍മാരെ ചേര്‍ക്കുക, പണം പിരിക്കല്‍ തുടങ്ങിയവ. വളണ്ടിയര്‍ ഡിപ്പാര്‍ട്ട്മെന്റ് സംബന്ധിച്ച സകല ചുമതലകളും ടി.കെ. മാധവന്റേതായിരുന്നു. കെ. മാധവന് നായരുടെ അധ്യക്ഷതയില്‍ കോഴിക്കോട് ടൗണ്‍ഹാളിലും പിന്നീട് പറവൂര്‍, ചെമ്പ്, ഇത്തിക്കര എന്നിവിടങ്ങളിളും വൈക്കത്തെ അയിത്തോച്ചാടനവുമായി ബന്ധപ്പെട്ടു നടന്ന യോഗങ്ങളില്‍ ടി.കെ. മാധവന് പ്രസംഗിച്ചു. ആലുവ, പൂത്തോട്ട, ആലപ്പുഴ, കൊല്ലം എന്നിവിടങ്ങളില്‍ ടി.കെ.മാധവന് പ്രചാരണത്തിനായി നേരിട്ടെത്തി, കെ.എം. പണിക്കര്‍, എം.കെ. രാമന്, സി. കൃഷ്ണന്, കെ.പി. കറുപ്പന്, എന്‍. കുമാരന്, സി.വി. കുഞ്ഞിരാമന്, സത്യവ്രതസ്വാമികള്‍ തുടങ്ങിയ ഒട്ടനേകം സമുദായ പ്രമാണിമാരുടെ പിന്തുണ തേടുകയും ചെയ്തു. പലരും ഘോഷയാത്ര മാറ്റിവയ്ക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍, നിശ്ചയിച്ച തീയതിയില്‍തന്നെ അത് നടത്തുമെന്ന് കോഴിക്കോട് വെച്ച് നടത്തിയ അന്തിമയോഗത്തില്‍ തീരുമാനമായി. ക്ഷേത്രറോഡുകളില്‍ അയിത്ത ജാതിക്കാരെ ഉള്‍പ്പെടുത്തി നടത്തുന്ന ഘോഷയാത്ര നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ച് ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് നിരോധന ഉത്തരവ് പുറപ്പെടുവിച്ചു. ഇതിന്റെ ഒരു പ്രതി ടി.കെ. മാധവന് ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് ലഭിച്ചു. ഈ സമയം, നാനാഭാഗത്തുനിന്നും തീവണ്ടിയിലും ബോട്ടിലുമായി പ്രവര്‍ത്തകരും വളണ്ടിയര്‍മാരും വൈക്കത്ത് എത്തിത്തുടങ്ങിയിരുന്നു. ഇവര്‍ക്ക് താമസമൊരുക്കാന്‍ പോലും നേതാക്കള്‍ നന്നേ പ്രയാസപ്പെട്ടു.
നിരോധനാജ്ഞമൂലം ഘോഷയാത്ര നടന്നില്ല. പകരം നിരോധിക്കപ്പെട്ട പൊതുവഴിയിലൂടെ മൂന്നോ നാലോ ആളുകള്‍ സംഘം ചേര്‍ന്ന് നടന്നുകൊണ്ട് നിയമലംഘനം നടത്താന്‍ അയിത്തോച്ചാടന കമ്മിറ്റി തീരുമാനിച്ചു. പണത്തിന് നന്നേ ബുദ്ധിമുട്ട് നേരിട്ടപ്പോള്‍ കൊച്ചിയില്‍ ഒറ്റയ്ക്കെത്തി ഒരുദിവസം കൊണ്ട് 100 രൂപ ടി.കെ. മാധവന് പിരിച്ചെടുത്തു. വൈക്കം സത്യഗ്രഹവുമായി ബന്ധപ്പെട്ട് കേരളത്തിലെ പ്രധാന പത്രങ്ങളിലെല്ലാം ലേഖനങ്ങളും മുഖപ്രസംഗങ്ങളും പരസ്യം ചെയ്യുന്നതിന് വേണ്ടിയായിരുന്നു അത്.
എതിര്‍പ്പുകള്‍ അവഗണിച്ച്
പൊതുജനങ്ങളില്‍ വലിയൊരു വിഭാഗത്തിന് കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന സത്യഗ്രഹത്തില്‍ വിശ്വാസം ഉണ്ടായിരുന്നു. എന്നാല്‍, തുടക്കത്തില്‍ സമരത്തോട് വലിയ ആഭിമുഖ്യം ഇല്ലായിരുന്നു. കോണ്‍ഗ്രസ് പ്രവര്ത്തകര്ക്കുമേലുള്ള അവിശ്വാസം, സമരത്തിന്റെ വിജയത്തിനുമേലുള്ള സംശയം, സര്‍ക്കാരിനെതിരേയുള്ള സമരത്തില്‍ സമുദായത്തിന് നേരിടേണ്ടിവരുന്ന ദോഷഫലങ്ങള്‍ എന്നിവ അവരെ പിറകോട്ടടിപ്പിച്ചു. പല നേതാക്കളും മാധവനെ സത്യഗ്രഹത്തില്‍ നിന്ന് പിന്തിരിപ്പിക്കാന് നോക്കി. എന്നാല്‍ അവരുടെ അഭിപ്രായങ്ങളെ അവഗണിച്ച്, ഭവിഷ്യത്തുകളെ തൃണവല്‍ഗണിച്ചുകൊണ്ട് മാധവന് സധൈര്യം അയിത്തത്തിനെതിരേയുള്ള യുദ്ധത്തിന് ഇറങ്ങി പുറപ്പെടുകയാണ് ചെയ്തത്.
മുന്നൊരുക്കങ്ങള്‍
മാര്‍ച്ച് 12-ന് ഗാന്ധിജിക്ക് അയച്ച കത്തില്‍ സത്യഗ്രഹവുമായി ബന്ധപ്പെട്ട് എടുത്ത യോഗതീരുമാനങ്ങള്‍ കേശവമേനോന് വിശദീകരിക്കുന്നു. 'അങ്ങയില്‍നിന്ന് പകര്‍ന്ന് കിട്ടിയ സന്ദേശം ഞങ്ങളില്‍ പുതിയ പോരാട്ടവീര്യം പകര്‍ന്നു' എന്ന് കേശവമേനോന് കത്തില്‍ പറയുന്നുണ്ട്. മൂന്നു വര്‍ഷം മുന്‍പ് അവര്‍ണരുടെ ക്ഷേത്രപ്രവേശനവുമായി ബന്ധപ്പെട്ട് ടി.കെ. മാധവനുമായി നടത്തിയ ചര്‍ച്ച അത്ര ഗൗരവത്തിലെടുക്കാത്ത ഗാന്ധിജി സത്യഗ്രഹ തീയതി തീരുമാനിച്ചതോടെ എല്ലാ പിന്തുണയും അറിയിക്കുന്നു.
അഹിംസ കൈവെടിയരുതെന്നും ഒരു സമയത്ത് കുറച്ചുപേര്‍ മാത്രമേ ക്ഷേത്രവഴിയില്‍ പ്രവേശിക്കാവൂ എന്നും എല്ലാവരും വിനയ സ്വാഭാവികള്‍ ആയിരിക്കണമെന്നും ആക്രമണത്തിലേക്ക് തിരിയുകയാണെങ്കില്‍ സമരം നിര്‍ത്തിവയ്ക്കണമെന്നും ആവശ്യപ്പെട്ട് ഗാന്ധിജി കേശവമേനോന് മറുപടി കത്തയയ്ക്കുന്നു. അതില്‍ ഗാന്ധിജി നേതാക്കള്‍ക്ക് പൂര്‍ണ്ണ വിജയം ആശംസിക്കുന്നു. ഗാന്ധിജിയുടെ ആഹ്വാനത്തിന് മുമ്പുതന്നെ ഏതു കാര്യാര്ത്ഥവും സത്യഗ്രഹം അനുവര്‍ത്തിക്കേണ്ടതാണെന്ന് മാധവന് ശക്തമായി വാദിക്കുകയും പ്രചാരണം നടത്തുകയും ചെയ്തിരുന്നു. ഇതിന്റെ ഭാഗമായിരുന്നു കൊല്ലവര്‍ഷം 1094- ല്‍ കോഴിക്കോട്വെച്ച് നടത്തിയ തിയ്യ മഹായോഗത്തിലെ മാധവന്റെ പ്രസംഗം.
അയിത്തകാര്യത്തില് തീയര് സത്യഗ്രഹനയം സ്വീകരിക്കണമെന്ന മാധവന്റെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് 'തിയ്യ സഹനസമര സമിതി' രൂപവത്ക്കരിക്കുന്നത്. മാധവന് ഗാന്ധിജിയെ സന്ദര്‍ശിച്ച് തിരിച്ചെത്തിയ ശേഷം, കുമാരനാശാന്റെ അധ്യക്ഷതയില്‍ കൊല്ലത്ത്വെച്ച് നടത്തിയ എസ്എന്‍ഡിപി യോഗത്തിന്റെ വാര്‍ഷികയോഗത്തില്‍ അയിത്തോച്ചാടനവുമായി ബന്ധപ്പെട്ട ഒരു പ്രമേയം പാസാക്കിയിരുന്നു. 'മഹാരാജാവ് കല്‍പ്പിച്ച് നല്കിയ ശാസനങ്ങളിലോ ഗവണ്മെന്റ് പ്രസിദ്ധംചെയ്ത, റദ്ദ് ചെയ്തിട്ടില്ലാത്ത നിയമങ്ങളിലോ വ്യവസ്ഥപ്പെടുത്തിയിട്ടില്ലാത്ത പൈശാചികമായ ദുരാചാരമാണ് അയിത്തം. അതിന്റെ ലംഘനം രാജ്യത്തെ പൊതുക്ഷേമത്തിന് ആവശ്യമാണെന്ന് സര്‍ക്കാര്‍ തന്നെ പ്രവര്‍ത്തികളിലൂടെ വെളിപ്പെടുത്തിയിട്ടുള്ളത് ആകയാല്‍ നാമത് ആദരിക്കുകയോ ആചരിക്കുകയോ ചെയ്യേണ്ടതില്ല. എല്ലാ പൊതുവിടങ്ങളിലും ഈഴവര്‍ക്ക് പ്രവേശിക്കാനുള്ള അവകാശത്തെ അവര്‍ നിര്‍ഭയം ഉപയോഗപ്പെടുത്തേണ്ടതാണ്' എന്നതായിരുന്നു ആ പ്രമേയം. ടി.കെ. മാധവന്റെ നേതൃത്വത്തില്‍ നടന്ന സത്യഗ്രഹ ബീജം ഉള്‍ക്കൊള്ളുന്ന ഈ അയിത്തോച്ചാടന കാര്യപരിപാടിയാണ് പിന്നീട് വൈക്കം സത്യാഗ്രഹമായി രൂപാന്തരപ്പെട്ടത്.
മുന്‍പത്തെ നിയമലംഘനം
വൈക്കം ക്ഷേത്രത്തില്‍ അവര്‍ണര്‍ക്കു പ്രവേശനമില്ലെന്ന് സ്ഥാപിച്ച തീണ്ടല് ബോര്‍ഡു കടന്ന് ടി.കെ. മാധവന് ക്ഷേത്രസന്നിധിയില്‍ മുമ്പും പ്രവേശിച്ചിട്ടുണ്ട്. 1096 വൃശ്ചികം 14 ന് പടിഞ്ഞാറെ ഗോപുര വാതില്‍ക്കല്‍നിന്നും ബോട്ടുകടവിലേക്കുള്ള പൊതുവഴിയില്‍ സ്ഥാപിച്ച 'തീണ്ടല് ബോര്‍ഡ് '( ഇവിടം മുതല്‍ ക്ഷേത്ര സങ്കേതം ആകയാല്‍ പൊതുജനപ്രവേശം നിരോധിച്ചിരിക്കുന്നു) കടന്ന് ക്ഷേത്രസന്നിധിയില്‍ എത്തുകയും ഈ വിവരം തപാല്‍ വഴി കോട്ടയം ഡിസ്ട്രിക്ട് മജിസ്ട്രേറ്റിനെ അറിയിക്കുകയും ചെയ്തു. പത്രങ്ങളില്‍ പരസ്യപ്പെടുത്തി. ഇതിനു പിറ്റേദിവസവും സത്യവ്രത സ്വാമികള്‍, കെ. അയ്യപ്പന്, കെ.കെ. മാധവന് എന്നിവരോടൊപ്പം ടി. കെ. മാധവന് വീണ്ടും ഈ വഴി കടന്നുപോയി. ഇതും അധികാരികളെ അറിയിച്ചു. എന്നാല്‍, ഇതിന്റെ പേരില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് മാധവനെതിരേ നടപടി ഒന്നും ഉണ്ടായില്ല. സംഭവത്തെക്കുറിച്ച് വൈക്കം പോലീസ് ഇന്‍സ്പെക്ടറോട് അന്വേഷണം നടത്താന്‍ ഉത്തരവിടുകയാണ് തിരുവിതാംകൂര്‍ ഭരണകൂടം ചെയ്തത്. രണ്ടുതവണ നടത്തിയ അന്വേഷണത്തിലും സംഭവം വാസ്തവമാണെന്ന് പോലീസ് ഇന്‍സ്പെക്ടര്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, ക്ഷേത്രത്തിന്റെ ശുദ്ധി സംരക്ഷിക്കുവാന്‍ വേണ്ടി മാധവന്റെ നേതൃത്വത്തില്‍ ഇത്തരത്തില്‍ ഒരു സംഭവമേ നടന്നിട്ടില്ലെന്ന തിരുത്തല്‍ റിപ്പോര്‍ട്ട് നല്കുവാന് ഭരണകൂടം ഇന്‍സ്പെക്ടറോട് വീണ്ടും ആവശ്യപ്പെട്ടെന്ന ഒരുപൂര്‍വ ചരിത്രവും വൈക്കം സത്യഗ്രഹത്തിനുണ്ട്.
കൂടാതെ പൂത്തോട്ട ശിവക്ഷേത്രത്തില്‍ മാധവനും കൂട്ടാളികളും നിയമലംഘനം നടത്തിയിരുന്നു. ഇവിടെ നടന്ന ക്ഷേത്രപ്രവേശന പ്രക്ഷോഭത്തിന്റെ ഭാഗമായി രാമന് ഇളയത്, ആമ ചാടി തേവര് എന്നിവരുടെ കണ്ണില്‍ സവര്‍ണ്ണ ഗുണ്ടകള്‍ ചുണ്ണാമ്പു തേച്ചു. മാധവനൊപ്പം അറസ്റ്റ് വരിച്ച തേവന്റെ കാഴ്ച നഷ്ടപ്പെട്ടു. ഇദ്ദേഹത്തിന് പിന്നീട് ഗാന്ധിജി മരുന്ന് അയച്ചു കൊടുത്തിരുന്നു.
മാര്‍ച്ച് 30-ന്റെ സത്യാഗ്രഹം
ഒരു വിശേഷ ദിവസം എന്നപോലെ പുലര്‍ച്ചെ മുതല്‍ കോണ്‍ഗ്രസ് ക്യാമ്പില്‍ ഉത്സാഹമായിരുന്നു. ടി.കെ. മാധവന് നേതൃത്വം നല്കിയ സമരത്തെ കെ.പി. കേശവമേനോനും ബാരിസ്റ്റര്‍ എ.പി. പിള്ളയും കെ. കേളപ്പനും മുന്നില്‍നിന്ന് നയിച്ചു. വൈക്കം ക്ഷേത്രത്തിന്റെ പടിഞ്ഞാറെ റോഡില്‍ ബോട്ട് ജെട്ടി കടവില്‍ ആയിരുന്നു സത്യാഗ്രഹവേദി. കുഞ്ഞാപ്പി എന്ന ഒരു പുലയനും ബാഹുലേയന് എന്ന ഒരു ഈഴവനും ഗോവിന്ദപണിക്കര്‍ എന്ന ഒരു നായരും ആയിരുന്നു സത്യാഗ്രഹത്തിന് ആദ്യം പുറപ്പെട്ടത്. മഹാത്മജിയുടെ സന്ദേശം പ്രവര്‍ത്തകരെ വായിച്ചു കേള്‍പ്പിച്ചു. പുറത്ത് ആയിരങ്ങള്‍ കാത്തു നിന്നു. ഒരുവശത്ത് പോലീസും തമ്പടിച്ചു. ക്ഷേത്രത്തിന് 100 വാര അകലെയുള്ള തീണ്ടല് ബോര്‍ഡിനടുത്ത് എത്തിയപ്പോള്‍ പോലീസ് ഇവരെ തടഞ്ഞു. മൂന്നു പേരുടെയും ജാതി ചോദിച്ചു. നായരായ ഗോവിന്ദപണിക്കര്ക്ക് മാത്രം പ്രവേശിക്കാമെന്നായി പോലീസ്. ഇരുവരുമില്ലാതെ പോകില്ലെന്ന് പണിക്കരും പ്രഖ്യാപിച്ചു. പിന്നീടവിടെ കുത്തിയിരുന്നു പ്രതിഷേധിച്ചു. മൂന്നു പേരെയും കടത്തിവിടണം അല്ലെങ്കില്‍ അറസ്റ്റ് ചെയ്തു നീക്കണമെന്ന് സത്യഗ്രഹികള്‍ ആവശ്യപ്പെട്ടു. മൂവരെയും പോലീസ് അറസ്റ്റ് ചെയ്ത് ആറു മാസത്തേക്ക് ശിക്ഷിച്ചു. പിറ്റേ ദിവസവും സത്യഗ്രഹത്തിന് പോയ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. രണ്ടു ദിവസത്തെ സത്യാഗ്രഹവും വിജയമാണെന്ന് ശ്രുതി പരന്നതോടെ നാനാഭാഗത്തുനിന്നും ആളുകള്‍ വൈക്കത്തേക്ക് ഒഴുകി.
പരിഭ്രമത്തിലായ സവര്‍ണ മേധാവികള്‍ ഈഴവരും നായന്മാരും തമ്മില്‍ ലഹളയുണ്ടാകും എന്ന് പ്രചരിപ്പിച്ചു. ഈ അഭിപ്രായം കോണ്‍ഗ്രസ് കമ്മിറ്റിയിലും ഉയര്‍ന്നതിനാല്‍ രണ്ടു ദിവസത്തേക്ക് സത്യഗ്രഹം നിര്‍ത്തിവെക്കുന്നു. കെ.പി. കേശവമേനോന്റെ നേതൃത്വത്തില്‍ സവര്‍ണ്ണ ഹിന്ദുക്കളെ കാര്യങ്ങള്‍ പറഞ്ഞു ബോധ്യപ്പെടുത്താന്‍ ശ്രമം നടന്നു. മന്നത്ത് പത്മനാഭപിള്ളയും എം. രാമകൃഷ്ണപിള്ളയും വി. അച്യുതമേനോനും എം.എന്‍. നായരും ഇതിനു വേണ്ടി അക്ഷീണം പ്രയത്നിച്ചു. ഏപ്രില്‍ ഏഴിന് സത്യഗ്രഹം വീണ്ടും തുടങ്ങാന്‍ തീരുമാനിച്ചു. സത്യഗ്രഹം രണ്ടാമതും ആരംഭിക്കാതിരിക്കാന്‍ വേണ്ടി അതേദിവസം കോട്ടയത്തെ ജില്ലാ മജിസ്ട്രേറ്റിനു മുമ്പില്‍ ഹാജരാകാന്‍ മാധവനും കേശവമേനോനും ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് നോട്ടീസ് ലഭിക്കുന്നു. നിരോധനാജ്ഞ ലംഘിക്കാന്‍ ജനങ്ങളെ പ്രേരിപ്പിച്ചു എന്നതായിരുന്നു കുറ്റം. വൈക്കത്ത് സത്യാഗ്രഹം നടക്കുമ്പോള്‍ കോട്ടയത്ത് ഹാജരാകാന്‍ ആവശ്യപ്പെട്ടത് നേതാക്കളെ സംഭവസ്ഥലത്തുനിന്ന് മാറ്റുക എന്ന ലക്ഷ്യത്തോടെയാണ്. ഹാജരാകില്ലെന്ന് മാധവന് ഉള്‍പ്പെടെയുള്ള നേതാക്കള്‍ അറിയിക്കുന്നു. മാത്രമല്ല സത്യഗ്രഹത്തിന് പൂര്‍വാധികം ശക്തി ലഭിക്കണമെങ്കില്‍ മാധവന് ഉള്‍പ്പെടെയുള്ള നേതാക്കള്‍ തന്നെ മുന്നിട്ടിറങ്ങണമെന്ന് കോണ്‍ഗ്രസ് കമ്മിറ്റി തീരുമാനിക്കുന്നു. ഇതുപ്രകാരം മാധവനും കേശവമേനോനും സത്യഗ്രഹത്തിനായി ഇറങ്ങുന്നു. തുടര്‍ന്ന് 15 മിനിറ്റോളം പോലീസുമായി വാദപ്രതിവാദം ഉണ്ടായി.
തീണ്ടല് ജാതിക്കാര്‍ ഈ വഴി പോകാന്‍ പാടില്ലെന്ന് ഡിസ്ട്രിക്ട് മജിസ്ട്രേറ്റിന്റെ കല്‍പ്പനയുണ്ടെന്ന് പൊലീസ് ഇന്‍സ്പെക്ടര്‍ അറിയിക്കുന്നു. ബലം പ്രയോഗിച്ച് ഞങ്ങളെ നിര്‍ത്താത്തപക്ഷം ആ കല്പനയെ ലംഘിച്ച് ഇതിലെ പോകാനാണ് ഞങ്ങള്‍ ഉദ്ദേശിക്കുന്നതെന്ന് കേശവമേനോന് മറുപടി പറയുന്നു. സമരം തുടങ്ങുന്നതിന്മുമ്പായി നിയമസഭ വഴി വല്ല നിവൃത്തിയും കിട്ടുമോയെന്ന് അന്വേഷിക്കാമായിരുന്നില്ലേ എന്ന് ഇന്‍സ്പെക്ടര്‍ വീണ്ടും ചോദിക്കുന്നു. ദീര്‍ഘകാലമായി ഹര്‍ജിയും അപേക്ഷയുമായി ഞങ്ങള്‍ പരീക്ഷിച്ചു നോക്കി. ഒടുവിലാണ് ഇതിന് ഇറങ്ങിത്തിരിച്ചിരിക്കുന്നത് എന്ന് മാധവന് മറുപടി പറയുന്നു. പിന്നാലെ ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തു.
അറസ്റ്റ് വരിച്ചെങ്കിലും സത്യഗ്രഹംനിന്നു പോകാതിരിക്കാന്‍ പൊതുജനങ്ങള്‍ക്കുള്ള ആഹ്വാനമെന്നോണം മാധവന് തന്റെ സന്ദേശം പത്രങ്ങള്‍ക്ക് അയച്ചുകൊടുക്കുന്നു
'ഭാരതത്തിന്റെ അധഃപതനത്തിന് പ്രധാന കാരണമായുള്ള അയിത്ത പിശാചിനെ നശിപ്പിക്കാനായി നടത്തുന്ന ഈ ശ്രമത്തെ സഹായിക്കേണ്ട തിരുവിതാംകൂറിലെ ധര്‍മ്മരാജ്യ സര്‍ക്കാര്‍ അതിനെ മുളയില്‍ തന്നെ നുള്ളി നശിപ്പിക്കാന്‍ വേണ്ടതെല്ലാം ചെയ്തു. അയിത്തോച്ചാടന കമ്മിറ്റി അതുകൊണ്ടൊന്നും പിന്മാറാതെ അവരുടെ ശ്രമങ്ങള്‍ സമാധാനപരമായും വിജയകരമായും തുടര്‍ന്നു. അവരെ അനുകൂലിക്കേണ്ട ഗവണ്മെന്റ് ഇപ്പോള്‍ മര്‍ദ്ദനനയം സ്വീകരിച്ചിരിക്കുന്നു. മുന്നണി പോരാളികളെയെല്ലാം ബന്ധനസ്ഥനാക്കുന്നതിന് വേണ്ടിയുള്ള നടപടികള്‍ ഗവണ്മെന്റ് സ്വീകരിച്ചു. തിരുവിതാംകൂര്‍ ഗവണ്മെന്റ് അസത്യത്തിന്റെയും അധര്‍മത്തിന്റെയും ഭാഗത്ത് ചേര്‍ന്ന് നിന്ന് ധര്‍മ്മത്തിന്റെയും സത്യത്തെയും ഭടന്മാരുടെ നേര്‍ക്ക് വാളെടുത്തിരിക്കുകയാണ്. അസ്വാതന്ത്ര്യ നരകത്തില്‍നിന്ന് ലോകരെ കരകയറ്റുന്ന പാവനധര്മ്മത്തിനായി രാവും പകലും ഉഴിഞ്ഞുവെച്ച് ശ്രമിക്കുവിന്‍ സോദരെ..'
മാധവന് അറസ്റ്റ് വരിച്ചെങ്കിലും ഭാരത ചരിത്രത്തില്‍ അയിത്തം ഉന്മൂലനം ചെയ്യാനുള്ള മുന്നണി പോരാട്ടത്തില്‍ വൈക്കം സത്യഗ്രഹമെന്ന ഏടും ടി കെ മാധവന്റെ ഐതിഹാസിക പോരാട്ടവും കാലാതീതമായി ഓര്‍മിക്കപ്പെടും.
(അവലംബം -'ദേശാഭിമാനി ടി കെ മാധവന്' - പി.കെ. മാധവന് )
Content Highlights: vaikom satyagraha centenary
Published: 03 Apr 2023, 01:50 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented