ജാതിവിവേചനത്തിനും സാമൂഹിക അസമത്വത്തിനുമെതിരേ ഒരു ജനതയാകെ നടത്തിയ മുന്നേറ്റമായിരുന്നു, വൈക്കം സത്യാഗ്രഹം. ജാതിഭ്രാന്തിന്റെ കൂത്തരങ്ങായിരുന്ന തിരുവിതാംകൂറിൽ അസ്‌പൃശ്യരായിരുന്ന തൊഴിലാളിവർഗം നരകതുല്യമായ ജീവിതം നയിച്ചു. സുഖലോലുപരായ വരേണ്യവർഗം തടിച്ചുകൊഴുത്തു. സാമൂഹിക പരിഷ്കർത്താക്കളും കവികളും നടത്തിയ ഇടപെടലുകൾ ചരിത്രപോരാട്ടത്തിനിറങ്ങാൻ ജനങ്ങൾക്ക് കരുത്തുനൽകി. അതിന്റെ ഫലമായിരുന്നു വൈക്കം സത്യാഗ്രഹം.

To advertise here,

സവർണ മേധാവികളും പോലീസും ക്രൂരമായ മർദനമുറകൾ അഴിച്ചുവിട്ടപ്പോൾ സമരത്തിന്റെ ശക്തിയും ആവേശവും കൂട്ടിക്കൊണ്ട് നാടിന്റെ വിവിധഭാഗങ്ങളിൽനിന്നായി പ്രമുഖനേതാൾ വൈക്കത്തേക്ക് ഓടിയെത്തി. മഹാരഥന്മാർ സത്യാഗ്രഹത്തിൽ പങ്കെടുത്ത് അറസ്റ്റ് വരിച്ചു. ശ്രീനാരായണഗുരുവും മഹാത്മാഗാന്ധിയും നേരിട്ടെത്തി സമരത്തിന് പിന്തുണയും ആവേശവും പകർന്നു.

സത്യാഗ്രഹത്തെ എതിർത്ത സവർണചേരിയുടെ നേതൃത്വം ഇണ്ടംതുരത്തിമനയിലെ കാരണവർ ദേവൻ നീലകണ്ഠൻ നമ്പ്യാതിരിക്കായിരുന്നു. വൈക്കത്തെത്തിയ മഹാത്മജി നീലകണ്ഠൻ നമ്പ്യാതിരിയെ കണ്ട് സംസാരിക്കാൻ മനയിലെത്തി. അബ്രാഹ്മണനായ മഹാത്മജിക്ക് അകത്തേക്ക് പ്രവേശനം നിഷേധിച്ച നമ്പ്യാതിരി മഹാത്മജിക്കും സംഘത്തിനും ഇരിപ്പിടം ഒരുക്കിയത് താത്‌കാലിക പൂമുഖത്തായിരുന്നു. അനാചാരങ്ങൾ അവസാനിപ്പിക്കണമെന്ന ഗാന്ധിജിയുടെ അഭ്യർഥന നിരസിച്ച നമ്പ്യാതിരി, മഹാത്മജി മടങ്ങിയ ഉടനെ മനയും പരിസരങ്ങളും ശുദ്ധികലശം നടത്താനും മറന്നില്ല.

1925 നവംബർ 23-ന് വൈക്കം സത്യാഗ്രഹം വിജയകരമായി പര്യവസാനിച്ചു. 1936-ൽ ക്ഷേത്രപ്രവേശനവിളംബരം വന്നതോട താഴ്ന്ന ജാതിയിൽപ്പെട്ട ഹിന്ദുക്കൾക്കും ക്ഷേത്രങ്ങളിൽ പ്രവേശിക്കാൻ അനുമതിയായി.

ജന്മി-നാടുവാഴിത്തം അവസാനിച്ചതോടെ ഇണ്ടംതുരുത്തിമനയിലെ പ്രതാപവും ക്ഷയിച്ചു. നീലകണ്ഠൻ നമ്പ്യാതിരിയുടെ ചെറുമകളുടെ വിവാഹത്തിന് സാമ്പത്തികപ്രതിസന്ധിമൂലം മന വിൽക്കുകയല്ലാതെ മറ്റുമാർഗമില്ലാതായി. 1964 േമയ് മാസം വൈക്കം താലൂക്ക് ചെത്തുതൊഴിലാളി യൂണിയന് (എ.ഐ.ടി.യു.സി.) വേണ്ടി പ്രസിഡന്റ് സി.കെ.വിശ്വനാഥൻ, ഇണ്ടംതുരുത്തിമനയും രണ്ടേക്കർ സ്ഥലവും വിലകൊടുത്ത്‌ സ്വന്തമാക്കി.

കേരളീയ സമൂഹത്തെ അടിമുടി മാറ്റിയ വൈക്കം സത്യാഗ്രഹത്തിന്റെ പൈതൃകം പുതുതലമുറയിലേക്ക് പകരുന്നതിനുതകുന്ന ഒരു സ്മാരകമായി ഇണ്ടംതുരുത്തിമന ചെത്തുതൊഴിലാളി യൂണിയൻ സംരക്ഷിക്കുന്നു.