വൈക്കം സത്യാഗ്രഹം ശതാബ്ദി പിന്നിടുകയാണ്. ഗാന്ധിജി എല്ലാ നിലകളിലും വൈക്കം സത്യാഗ്രഹത്തിന്റെ നേതൃബിംബമാണ്. എന്നാല്‍ ഗാന്ധിമാര്‍ഗത്തോട് കടുത്ത വിയോജിപ്പ് പില്ക്കാലത്ത് സ്വീകരിച്ച അംബേദ്കര്‍ വൈക്കവുമായി ചേര്‍ത്ത് ഗാന്ധിയോട് അഗാധമായി യോജിച്ചിരുന്നു. ഗുരു പങ്കെടുത്ത ഏക സാമൂഹിക പ്രക്ഷോഭവവും വൈക്കം സത്യാഗ്രഹമാണ്. ഇന്നിനെ രൂപപ്പെടുത്താന്‍ കഴിയുന്ന മഹത്തായ മൂവര്‍ സംഗമം കൂടിയായിരുന്നു വൈക്കം സത്യാഗ്രഹം. ശതാബ്ദി വേളയില്‍ വൈക്കം സത്യാഗ്രഹത്തിന്റെ ഓര്മകള്ക്കുള്ള രാഷ്ട്രീയ പ്രസക്തി വിശദീകരിക്കുന്നു.
എല്ലാ ഓര്‍മ്മകളെയും മറവിയുടെ ഇരുട്ട് വലയംചെയ്യുന്നുവെന്ന് ഉംബര്‍ട്ടോ എക്കോ എഴുതിയിട്ടുണ്ട്. ഓര്‍മ്മകളെ വലയംചെയ്യുന്ന മറവിയുടെ ഇരുട്ട് വൈക്കം സത്യാഗ്രഹസ്മരണയിലുമുണ്ട്. ഗാന്ധിയും പെരിയോരും സവര്‍ണജാഥയും അതിന്റെ ഓര്‍മ്മയില്‍ തെളിഞ്ഞുനില്ക്കുന്നു. അംബേദ്കറും ആമചാടി തേവനും വഴിനടപ്പവകാശത്തിനുവേണ്ടിയുള്ള പ്രാദേശികസമരങ്ങളും അതേക്കുറിച്ചുള്ള ഐതിഹ്യങ്ങളും മറവിയിലാണ്ടുപോയിരിക്കുന്നു. തെളിഞ്ഞുകാണുന്നവയെന്നപോലെ മറഞ്ഞുപോയവയെയും നാം അഭിമുഖീകരിക്കേണ്ടതുണ്ട്. അഗംബന്‍ സൂചിപ്പിക്കുന്നതുപോലെ, സമകാലികതയെന്നത് വര്‍ത്തമാനത്തിന്റെ തെളിച്ചം മാത്രമല്ല, അതിലെ ഇരുട്ടും കൂടിയാണ്; ഇടര്‍ച്ചകളും വിച്ഛേദങ്ങളുമാണ്.
വൈക്കം സത്യാഗ്രഹം നമ്മുടെ രാഷ്ട്രീയചരിത്രത്തിലെ വലിയ തെളിച്ചങ്ങളിലൊന്നായിരുന്നു. സാമൂഹികസ്വാതന്ത്ര്യത്തിന്റെയും രാഷ്ട്രീയസ്വാതന്ത്ര്യത്തിന്റെയും ഇരുവഴികള്‍ ദേശീയപ്രസ്ഥാനത്തിന്റെ ചരിത്രഭൂമികയില്‍ കൈകോര്‍ത്തു നിന്നതിന്റെ വെളിച്ചം അതിലുണ്ടായിരുന്നു. അതേസമയം പില്ക്കാലത്തേക്ക് കൈമാറിക്കിട്ടാതെപോയ വലിയൊരു ഐക്യബോധത്തിന്റെ നഷ്ടസ്മൃതിയും അതു പേറുന്നുണ്ട്. ഗാന്ധിയും ഗുരുവും അംബേദ്കറും കൈകോര്‍ക്കുന്ന, രാഷ്ട്രീയവും സാമൂഹികവും നൈതികവുമായ വിമോചനാദര്ശങ്ങളുടെ സംയോജിതമായ പ്രയോഗസ്ഥാനമെന്ന, വൈക്കം സത്യാഗ്രഹത്തിന്റെ പദവിക്ക് പില്ക്കാലചരിത്രത്തില് കാര്യമായ വികാസമോ തുടര്‍ച്ചയോ ഉണ്ടായില്ല. വൈക്കം സത്യാഗ്രഹത്തിന്റെ ശതാബ്ദിവേളയില്‍ നാം ഉയര്‍ത്തിപ്പിടിക്കേണ്ടത് ആ നഷ്ടസ്മൃതിയെക്കൂടിയാണ്.
നവോത്ഥാനത്തിന്റെയും കീഴാളവിമോചനത്തിന്റെയും ദേശീയപ്രസ്ഥാനത്തിന്റെയും ആശയാവലികളും പ്രയോഗമാതൃകകളും തമ്മിലുള്ള ഒത്തിണക്കമായിരുന്നു വൈക്കം സത്യാഗ്രഹം. അക്കാലംവരെ പല ധാരകളായി, വ്യത്യസ്തവഴികളിലൂടെ ഒഴുകിപ്പോന്ന പ്രയോഗപാരമ്പര്യങ്ങളായിരുന്നു അവ. വൈക്കം സത്യാഗ്രഹം അവയെ ചേര്‍ത്തുനിര്‍ത്തി. ആ ചേര്‍ച്ചയ്ക്ക് പില്ക്കാലത്ത് വലിയ തുടര്‍ച്ചകളുണ്ടായില്ല. എന്നുതന്നെയല്ല, അവയില്‍ ചിലതെല്ലാം പില്ക്കാലത്ത് പ്രത്യേക കൈവഴികളായി തിരിയുകയും പലപ്പോഴും തമ്മില്‍ പൊരുതുകയും ചെയ്തു. അത്തരമൊരു വിഭജനവും വഴിമാറലും ഇല്ലായിരുന്നുവെങ്കില്‍ ദേശീയസ്വാതന്ത്ര്യത്തിന്റെ കഥ ഇന്ത്യയിലെ ദളിത് വിമോചനത്തിന്റെ കഥകൂടിയായി പരിണമിക്കുമായിരുന്നു. ഹൈന്ദവവര്‍ഗീയത ഇന്ത്യന്‍ ജീവിതത്തില്‍ വേരുപടര്‍ത്തുകയും രാഷ്ട്രശരീരത്തെ വിഴുങ്ങുകയും ചെയ്യുന്നതിനെ എന്നേക്കുമായി പ്രതിരോധിക്കാന്‍പോന്ന ഒരു വിമോചനാദര്ശത്തിന്റെയും പ്രയോഗമാതൃകയുടെയും പ്രാരംഭമായി വൈക്കം സത്യാഗ്രഹം മാറിത്തീരുമായിരുന്നു. നിര്‍ഭാഗ്യവശാല്‍ ദേശീയപ്രസ്ഥാനത്തിന്റെയും ആധുനിക ഇന്ത്യയുടെയും പില്ക്കാലചരിത്രം ബാക്കിവെച്ചത് അത്തരമൊരു യോജിപ്പിന്റെ ചിത്രമല്ല. (ഇന്ത്യയിലെ ഹിന്ദുത്വത്തിന്റെ ഏറ്റവും മികച്ച നിശ്ശബ്ദപങ്കാളിയായി ബഹുജന്‍ സമാജ് പാര്‍ട്ടി മാറിത്തീരുന്നതിന്റെയും, മുഴുവന്‍ പ്രതിപക്ഷപാര്‍ട്ടികളും ഒരുമിച്ചുചേര്ന്നെതിര്ത്ത പുതിയ പാര്‍ലമെന്റ് മന്ദിരോദ്ഘാടനപ്രശ്നങ്ങളില് ബി.ജെ.പി. നിലപാടിന്റെ വക്താക്കളായി അവര്‍ പരിണമിക്കുന്നതിന്റെയും ചിത്രംവരെ നമുക്കുമുന്നിലുണ്ടല്ലോ!)
വൈക്കം സത്യാഗ്രഹം അരങ്ങേറിക്കൊണ്ടിരുന്ന കാലത്ത് അംബേദ്കര്‍ അതിനെ ശ്രദ്ധാപൂര്‍വം നിരീക്ഷിക്കുന്നുണ്ടായിരുന്നു. 1925 ഏപ്രില്‍മാസം ബെല്‍ഗാമിലെ നിപാനിയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ സംസാരിക്കുമ്പോള്‍, വൈക്കം സത്യാഗ്രഹത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും, ഗാന്ധിയുടെ ഇടപെടലിന്റെ സാംഗത്യത്തെക്കുറിച്ചും അംബേദ്കര്‍ ശ്രദ്ധേയമായ ചില നിരീക്ഷണങ്ങള്‍ അവതരിപ്പിക്കുകയുംചെയ്തു:
''നമ്മെ സംബന്ധിച്ചിടത്തോളം ഇന്നു രാജ്യത്തുനടക്കുന്ന ഏറ്റവും ശ്രദ്ധേയമായ സംഭവം വൈക്കത്തുനടക്കുന്ന സത്യാഗ്രഹമാണ്. മനുഷ്യരും മൃഗങ്ങളും ഉപയോഗിക്കുന്ന ഒരു വഴി തങ്ങള്‍ക്കും ഉപയോഗിക്കാന്‍ കഴിയണമെന്ന് വൈക്കത്തെ അസ്പൃശ്യര്‍ നിര്‍ബന്ധപൂര്‍വം ആവശ്യപ്പെടുന്നു... ഓര്‍മ്മിക്കേണ്ട ഒരു കാര്യം ഇതാണ്: ഒരുവര്‍ഷത്തെ സമരങ്ങള്‍ക്കുശേഷവും അതിന് ഫലമൊന്നുമുണ്ടായിട്ടില്ല. മഹാത്മാഗാന്ധിക്കുമുന്പ് ഇന്ത്യയിലെ ഒരു രാഷ്ട്രീയക്കാരനും, സംഘര്‍ഷങ്ങളും വൈരുധ്യങ്ങളും ഇല്ലാതാക്കണമെങ്കില്‍ അനിവാര്യമായും സാമൂഹികാനീതികള്‍ ഇല്ലാതാക്കണമെന്ന നിലപാട് കൈക്കൊണ്ടിട്ടില്ല. അതിനായി ശ്രമിക്കേണ്ടത് തങ്ങളുടെ പാവനമായ ഉത്തരവാദിത്വമാണെന്ന് മറ്റാരും പറഞ്ഞിട്ടില്ല. മഹാത്മാഗാന്ധിയെ സംബന്ധിച്ചിടത്തോളം സാമൂഹികവും രാഷ്ട്രീയവുമായ കാരണങ്ങള്‍ രണ്ടല്ല. മറിച്ച് അവ ഒന്നുതന്നെയാണ്... എന്നിരുന്നാലും ഖദറിന്റെ പ്രചാരണത്തിലും ഹിന്ദു-മുസ്ലിം ഐക്യത്തിലും പുലര്‍ത്തുന്ന അതേ നിര്‍ബന്ധം അയിത്തോച്ചാടനത്തിന്റെ കാര്യത്തില്‍ അദ്ദേഹം പുലര്‍ത്തുന്നില്ല. അങ്ങനെചെയ്തിരുന്നുവെങ്കില്, ചര്‍ക്കയില്‍ നൂല്നൂല്ക്കുന്നത് കോണ്‍ഗ്രസ് പാര്‍ട്ടിയിലെ വോട്ടവകാശത്തിനുള്ള മുന്നുപാധിയാക്കിയതുപോലെ അയിത്താചരണനിരോധനത്തെയും അദ്ദേഹം അതിനുള്ള ഉപാധിയാക്കുമായിരുന്നു. എങ്കില്‍ത്തന്നെയും മറ്റെല്ലാവരും തൊഴിച്ചകറ്റുന്നസമയത്ത് മഹാത്മാഗാന്ധി പ്രകടിപ്പിച്ച സഹാനുഭൂതിക്ക് ഒട്ടും കുറഞ്ഞ പ്രാധാന്യമല്ല ഉള്ളത്'' ധകെ.ആര്. ഖൈര്മോഡെയുടെ ഡോ. ഭീംറാവു രാമോജി അംബേദ്കര്‍ ചരിതം രണ്ടാം വാല്യം പുറം 117-18. ആകാശ്സിങ് റാത്തോഡ് ഉദ്ധരിക്കുന്നത് (2023: 11213)പ. വൈക്കം സത്യാഗ്രഹത്തെ ഒരു പരാജിതസമരമായി വിലയിരുത്തിയപ്പോള്ത്തന്നെ സാമൂഹികസ്വാതന്ത്ര്യത്തെ രാഷ്ട്രീയസ്വാതന്ത്ര്യത്തിനു പിന്നില്‍ നിര്‍ത്തിക്കൊണ്ടുള്ള ഒരു രാഷ്ട്രീയകാര്യപരിപാടിയും അര്ഥപൂര്ണമാവില്ല എന്നു വ്യക്തമാക്കാന്‍ അതിനു കഴിഞ്ഞതായി അംബേദ്കര്‍ കരുതി. ആരുടെയെങ്കിലും സ്വേച്ഛയ്ക്കനുസരിച്ച് മാറ്റിവെയ്ക്കാവുന്ന ഒന്നല്ല സാമൂഹികസ്വാതന്ത്ര്യത്തിന്റെ പ്രശ്നമെന്ന് വൈക്കം സത്യാഗ്രഹം സമര്ഥിക്കുന്നതായും അദ്ദേഹം വിലയിരുത്തി.
ഗാന്ധിയുടെ സമരമാര്‍ഗങ്ങളോടും രാഷ്ട്രീയാശയങ്ങളോടും അംബേദ്കര്‍ പ്രകടിപ്പിക്കുന്ന ഈ സംവാദാത്മകഭാവം കുറച്ചുകാലംകൂടി മുന്നോട്ടുപോവുകയുണ്ടായി. 1927-ഡിസംബര്‍ 25-ന് മനുസ്മൃതി കത്തിക്കുന്ന വേളയില്‍ അതിനായി തയ്യാറാക്കിയ പന്തലില്‍ ആ പ്രക്ഷോഭത്തിന്റെ പ്രചോദനമെന്നപോലെ ഗാന്ധിയുടെ ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. 1927 ഡിസംബര്‍ 26, 27 തീയതികളില്‍ ചേര്‍ന്ന രണ്ടാം മഹദ് സമ്മേളനവേദിയില്‍ ഫ്രെയിംചെയ്ത ആ ഛായാചിത്രമേ ഉണ്ടായിരുന്നുള്ളൂവെന്ന് അശോക് ഗോപാല്‍ എഴുതുന്നു (2023: 22728 പുറങ്ങള്‍). വൈക്കം സത്യാഗ്രഹത്തെ മുന്‍നിര്‍ത്തി വികസിച്ചുവന്ന ഈ സഹഭാവവും സംവാദാത്മകതയും പിന്നീട് വളരുകയുണ്ടായില്ല. രണ്ടാം വട്ടമേശസമ്മേളനത്തിന്റെയും പൂനാ ഉടമ്പടിയുടെയും പശ്ചാത്തലത്തില്‍ അംബേദ്കറുടെയും ഗാന്ധിയുടെയും വഴികള്‍ പരസ്പരവിരുദ്ധമായിമാറി. ദേശീയസ്വാതന്ത്ര്യത്തിന്റെ രാഷ്ട്രീയ ഉള്ളടക്കത്തിലേക്ക് സാമൂഹികസ്വാതന്ത്ര്യത്തിന്റെ നൈതികമാനത്തെ ആഴത്തില്‍ സന്നിവേശിപ്പിക്കാന്‍ കഴിയുമായിരുന്ന വലിയൊരു സന്ദര്‍ഭം അതോടെ സ്വാതന്ത്ര്യപ്രസ്ഥാനത്തിന് കൈമോശംവന്നു. ഇന്ന് തിരിഞ്ഞുനോക്കുമ്പോള്‍ ആധുനിക ഇന്ത്യയുടെ ചരിത്രത്തില്‍ ഏറ്റവുമധികം വിലകൊടുക്കേണ്ടിവന്ന വഴിപിരിയലുകളിലൊന്ന് അതായിരുന്നുവെന്ന് കാണാനാകും.
രണ്ട്
സ്വാതന്ത്ര്യസമരത്തിന്റെ അലകള്‍ കേരളത്തിലും അലയടിച്ചുതുടങ്ങിയ കാലത്താണ് നാരായണഗുരു ജീവിച്ചിരുന്നത്. നിസ്സഹകരണപ്രസ്ഥാനവും മലബാര്‍ കലാപവും മുതല്‍ ദേശീയസ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി അരങ്ങേറിയ ചെറുതും വലുതുമായ നിരവധി സമരങ്ങള്‍ക്കുവരെ അദ്ദേഹം സാക്ഷിയായിരുന്നു. എങ്കിലും അവയിലൊന്നും അദ്ദേഹം പ്രത്യക്ഷമായോ പരോക്ഷമായോ പങ്കുചേര്‍ന്നില്ല.
സാമൂഹികനീതിക്കും സാമൂഹികസ്വാതന്ത്ര്യത്തിനുമായുള്ള നിരവധി സമരങ്ങളുടെ പ്രഭവവും പ്രചോദനവുമായി നിലകൊണ്ടപ്പോഴും പ്രത്യക്ഷസമരങ്ങള്‍ ഗുരുവിന്റെ വഴിയിലുണ്ടായിരുന്നില്ല. എന്നാല്‍ ഗുരു നേരിട്ട് പങ്കുചേര്‍ന്ന സമരമായിരുന്നു വൈക്കം സത്യാഗ്രഹം. ഗുരു സ്ഥാപിച്ച വേലൂര്മഠമാണ് സത്യാഗ്രഹികളുടെ ഓഫീസായി ഉപയോഗപ്പെടുത്തിയത് (വൈക്കം ക്ഷേത്രത്തിന് സമീപത്തെ വഴികളിലൂടെ സഞ്ചരിക്കുന്നതില്‍നിന്ന് സവര്‍ണപ്രമാണിമാര്‍ ഗുരുവിനെയും അയ്യന്‍കാളിയെയും വിലക്കിയതായി ചരിത്രപഠിതാക്കള്‍ സൂചിപ്പിക്കുന്നുണ്ട്). സത്യാഗ്രഹസമരം ഇരമ്പിനില്ക്കുമ്പോള് 1924 സെപ്റ്റംബര്‍ 27-ന് (1110 കന്നി 12) ഗുരു സത്യാഗ്രഹാശ്രമം സന്ദര്‍ശിച്ചു. സത്യാഗ്രഹികളെ ഗുരു ആശീര്‍വദിക്കുകയും സമരഫണ്ടിലേക്ക് ആയിരം രൂപ സംഭാവന നല്‍കുകയും ചെയ്തു. സെപ്റ്റംബര്‍ 28-ന് ആലുവ അദ്വൈതാശ്രമത്തില്‍നിന്ന് സത്യവ്രതസ്വാമികള്‍ വൈക്കത്തെത്തി. സത്യാഗ്രഹപരിപാടികള് ഏകോപിപ്പിക്കുന്നതിന് ഗുരു സത്യവ്രതസ്വാമികളെയും കോട്ടുകോയിക്കല്‍ വേലായുധനെയും ചുമതലപ്പെടുത്തുകയും ചെയ്തു. 1924 ഒക്ടോബര്‍ 11-ന് ടി.കെ. മാധവന്റെ ദേശാഭിമാനി പത്രം ഗുരുവിന്റെ ഇടപെടലുകള്‍ക്ക് അഭിവാദനങ്ങളര്പ്പിച്ച് മുഖപ്രസംഗമെഴുതി: ''ശ്രീനാരായണഗുരുസ്വാമിതൃപ്പാദങ്ങള് വൈക്കത്തെത്തി ഏതാനും ദിവസം സത്യാഗ്രഹാശ്രമത്തില്‍ താമസിച്ച് അവിടത്തെ നടപടികള്‍ നിരീക്ഷിച്ചു തൃപ്തിപ്പെട്ടു മടങ്ങിയിരിക്കുന്നു. സ്വാമികള്‍ ആശ്രമത്തില്‍ സാന്നിധ്യംചെയ്തിരുന്ന സന്ദര്‍ഭത്തില്‍ അവിടത്തെ ഓരോ ഏര്‍പ്പാടുകളും പ്രത്യേകം ശ്രദ്ധിച്ചുമനസ്സിലാക്കുകയും ആവശ്യമെന്നുകണ്ട് കൂടുതല്‍ ഉപദേശങ്ങള്‍ നല്‍കുകയും ചെയ്തിരുന്നു.
കോണ്‍ഗ്രസ് അയിത്തോച്ചാടനകമ്മിറ്റി ആരംഭിച്ചിരിക്കുന്ന വൈക്കം സത്യാഗ്രഹത്തിന്റെ വിജയത്തില്‍ ആരും അവിശ്വസിച്ചിട്ട് ആവശ്യമില്ലെന്നും അത്രമാത്രം സത്യധര്‍മങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ഈ പ്രസ്ഥാനം നയിക്കുന്നതെന്നുംതന്നെയാണ് സ്വാമികളുടെയും അഭിപ്രായം. ചര്‍ക്കയിലും നൂല്‍നൂല്‍പ്പിലും സ്വാമികള്‍ക്കുള്ള താത്പര്യവും തൃപ്തിയും ദേവപ്രതിഷ്ഠചെയ്യുന്ന അദ്ദേഹത്തിന്റെ പരിപാവനമായ കരങ്ങളെക്കൊണ്ട് അതു ചെയ്യാന്കൂടെ സന്നദ്ധനായതില്നിന്നും പ്രത്യക്ഷപ്പെടുന്നുണ്ട്. ഉടുപ്പും തൊപ്പിയും ധരിക്കുന്നത് തനിക്കിഷ്ടമില്ലെങ്കിലും തത്കാലത്തേക്ക് അതു ധരിച്ച് ഒരു വാളണ്ടിയറായി പോയി സത്യാഗ്രഹമനുഷ്ഠിക്കുന്നതിന് താന്‍ സന്നദ്ധനാണെന്നും തൃപ്പാദങ്ങള്‍ പ്രസ്താവിക്കുകയുണ്ടായി. മഹാത്മാഗാന്ധിയുടെ ആരോഗ്യത്തിനു പ്രാര്‍ഥിക്കാന്‍ സ്വാമികളുടെ അധ്യക്ഷതയില്‍ കൂടിയ ഒരു സഭയില്‍, സ്വാമികളും ഈ പ്രാര്‍ഥനയില്‍ പങ്കുകൊള്ളാനിടയായത് നമ്മുടെ മഹാഭാഗ്യമെന്നു സത്യവ്രതസ്വാമികള്‍ പ്രസംഗിച്ചപ്പോള്‍ 'പങ്കുകൊള്ളാനല്ല, പ്രാര്‍ഥിക്കാനാണ് പ്രധാനമായി തുടങ്ങുന്നത്' എന്നു കല്പിക്കുകയും എഴുന്നേറ്റുനിന്ന് ഏതാനും മിനിറ്റുനേരം ധ്യാനിക്കുകയും ചെയ്തു. സ്വാമിപാദങ്ങള്‍ ആള്‍ക്കൂട്ടത്തില്‍ പരസ്യമായി ഒരു സ്ഥലത്തുവെച്ച് ധ്യാനം നടത്തുന്നത് ഇതാദ്യമായിട്ടാണെന്നു തോന്നുന്നു. വെറുമൊരു സന്ദര്‍ശകന്റെ നിലയിലല്ല, സത്യാഗ്രഹനേതാവായ ഒരു ഉപദേഷ്ടകന്റെ സ്ഥാനമാണ് സ്വാമികളുടെ സാന്നിധ്യംമൂലം വൈക്കം സത്യാഗ്രഹികള്‍ക്ക് അനുഭവമായിത്തീര്‍ന്നിരിക്കുന്നത്. ഈ അനുഭവം അവര്‍ക്കൊരു നവജീവനുണ്ടാക്കിയിരിക്കുമെന്നുള്ളതിനു സംശയമില്ല. മഹാത്മാഗാന്ധി വൈക്കം സത്യാഗ്രഹത്തിന്റെ പൂര്‍ണചുമതല കൈയേറ്റതും ശ്രീനാരായണസ്വാമികള് വൈക്കത്തെത്തി ഈ പ്രസ്ഥാനത്തോട് അദ്ദേഹത്തിനുള്ള സമ്പൂര്‍ണമായ ആനുകൂല്യം പ്രത്യക്ഷപ്പെടുത്തിയതും മിക്കവാറും ഏകകാലത്തായിരുന്നു. ഈ 'കാകതാലീയം' വൈക്കം സത്യാഗ്രഹത്തിന്റെ വിജയം ശുഭകരവും ശീഘ്രതരവുമെന്ന് സ്പഷ്ടമാക്കുകയാണ് ചെയ്യുന്നതെന്ന് വിശ്വസിക്കുന്നതില്‍ അശേഷം അബദ്ധമില്ല.''
വൈക്കം സത്യാഗ്രഹത്തെച്ചൊല്ലി ഗാന്ധി ഗുരുവിനോട് ഭിന്നാഭിപ്രായം രേഖപ്പെടുത്തിയ ഒരു സന്ദര്‍ഭവും ഇതിനിടയിലുണ്ടായി. 1924 മേയ് 31-ന് ദേശാഭിമാനി പ്രസിദ്ധീകരിച്ച ഒരഭിമുഖത്തില്‍ ഗുരു, ഗാന്ധിയുടെ വഴികള്‍ അപര്യാപ്തമാണെന്ന് അഭിപ്രായപ്പെട്ടതായുള്ള സൂചനകളുണ്ട്. കെ.എം. കേശവനായിരുന്നു അഭിമുഖകാരന്. അഭിമുഖത്തിലെ ആശയങ്ങള്‍ക്കെതിരേ, ഗാന്ധി 1921 ജൂലായ് ഒന്നിന് യങ് ഇന്ത്യയില്‍ വിമര്‍ശനമുന്നയിച്ചു. ജൂലായ് പത്തിന് ഗുരു നല്കിയ വിശദീകരണത്തോടെയാണ് ആ തര്‍ക്കമവസാനിച്ചത്. 1925 മാര്‍ച്ച് ഒന്‍പതിന് വൈക്കത്തെത്തിയ ഗാന്ധി അവിടെനിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടയില്‍ ഗുരുവിനെ സന്ദര്‍ശിച്ചു. 1925 മാര്‍ച്ച് 12-ന് ഗുരുവും ഗാന്ധിയും തമ്മില്‍ ശിവഗിരിയില്‍വെച്ച് നടന്ന അതിപ്രസിദ്ധമായ സംഭാഷണം ഗാന്ധിയുടെ വീക്ഷണപരമായ പരിമിതികളെ മറികടക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിക്കുന്നതുകൂടിയായിരുന്നു. അന്ന് മര്ദിതജനതയില് ഒട്ടൊക്കെ പ്രബലമായിരുന്ന മതപരിവര്‍ത്തനമെന്ന ആശയത്തോട് ഗുരു യോജിച്ചിരുന്നില്ല. ഗാന്ധിയാകട്ടെ, മതപരിവര്‍ത്തനവാദത്തിന്റെ വിമര്‍ശകനുമായിരുന്നു. എങ്കിലും മതപരിവര്‍ത്തനത്തിന് പിന്നിലെ യഥാര്‍ഥ പ്രേരണകള്‍ ഗുരു ആ സംഭാഷണത്തില്‍ ഗാന്ധിക്ക് മുന്‍പാകെ ഉയര്‍ത്തിക്കാട്ടുന്നുണ്ട്.
മതപരിവര്‍ത്തനത്തെക്കുറിച്ചുള്ള ഗാന്ധിയുടെ ചോദ്യത്തിന് മറുപടിയായി, ''മതപരിവര്‍ത്തനം ചെയ്തവര്‍ക്ക് സ്വാതന്ത്ര്യം ലഭിച്ചുവരുന്നതായി കാണുന്നുണ്ട്. അത് കാണുമ്പോള്‍ ജനങ്ങള്‍ മതപരിവര്‍ത്തനം നല്ലതാണെന്ന് പറയുന്നതില്‍ അവരെ കുറ്റപ്പെടുത്താനാവില്ല'' എന്ന് ഗുരു പറഞ്ഞു. ''ആധ്യാത്മികമായ മോക്ഷത്തിന് ഹിന്ദുമതം മതിയാകുമെന്ന് സ്വാമിജി വിചാരിക്കുന്നുണ്ടോ?'' എന്ന ഗാന്ധിജിയുടെ ചോദ്യത്തോട് ഉണ്ടെന്നോ ഇല്ലെന്നോ ഒറ്റവാക്കില്‍ മറുപടി പറയാതെ, ''അന്യമതങ്ങളിലും മോക്ഷമാര്‍ഗമുണ്ടല്ലോ?'' എന്ന് പ്രതികരിക്കുകയാണ് ഗുരു ചെയ്തത്. ആധ്യാത്മികമായ മോക്ഷത്തെക്കാള്‍, ലൗകികമായ സ്വാതന്ത്ര്യമാണ് ജനങ്ങളാഗ്രഹിക്കുന്നതെന്നും ഗുരു ഗാന്ധിയോട് പറഞ്ഞു. അയിത്താചരണത്തിന്റെയും മറ്റും രൂഢമൂലതയോര്‍ത്താല്‍ ലൗകികസ്വാതന്ത്ര്യത്തിന്റെ പൂര്‍ണഫലപ്രാപ്തിക്ക് ഗാന്ധി വീണ്ടും ജനിക്കേണ്ടിവരുമെന്ന് ഗുരു കൂട്ടിച്ചേര്‍ക്കുകയും ചെയ്തു!
ഗുരുവിന്റെ വാക്കുകള്‍ ഗാന്ധിയുടെ ബോധ്യങ്ങളെ സ്വാധീനിച്ചുവെന്നുവേണം കരുതാന്‍. 1937-ല്‍ ശിവഗിരി സന്ദര്‍ശിച്ച വേളയില്‍ ഗാന്ധി അക്കാര്യം രേഖപ്പെടുത്തുന്നുണ്ട്. ''സ്വാമികളുടെ സംഭാഷണം ഒരു യഥാര്‍ഥ മഹാത്മാവിന്റെ നാവില്‍നിന്ന് വരുന്നതാണെന്ന് ഞാന്‍ നല്ലതുപോലെ മനസ്സിലാക്കി. അവയെ ആദരവോടെ പഠിച്ചു. അവയില്‍ കഴിയുന്നതെല്ലാം ആദരവോടെ ഞാന്‍ അംഗീകരിച്ചിട്ടുമുണ്ട്'' എന്നാണ് ഗാന്ധി തങ്ങളുടെ കൂടിക്കാഴ്ചയെക്കുറിച്ച് പറഞ്ഞത്. ജാതിയില്‍നിന്നുള്ള വിടുതി സ്വാതന്ത്ര്യമെന്നതിനെ സംബന്ധിച്ച് എത്രത്തോളം പരമപ്രധാനമാണെന്ന തിരിച്ചറിവിലേക്ക് ഗാന്ധിയെ നയിക്കുന്നതില്‍ വൈക്കം സത്യാഗ്രഹത്തിന്റെ ചരിത്രാനുഭവങ്ങളെന്നപോലെ, ഗുരുവുമായി നടത്തിയ സംഭാഷണങ്ങളും ഗാന്ധിക്ക് മാര്ഗദര്ശകമായിട്ടുണ്ടാവണം. ഗാന്ധിയുടെ വീക്ഷണങ്ങളില്‍ പില്ക്കാലത്തുണ്ടായ പരിവര്‍ത്തനങ്ങളുടെ വേരുകളിലൊന്നും ഇതായിരിക്കണം. തുടക്കംമുതലേ അയിത്താചരണത്തെ ഹീനമായ കുറ്റകൃത്യമായാണ് ഗാന്ധി പരിഗണിച്ചത്. അതേസമയം ജാതിയെ ഒരു തൊഴില്വിഭജനരൂപമായാണ് ആദ്യകാലങ്ങളില്‍ ഗാന്ധി പരിഗണിച്ചിരുന്നത്. പടിപടിയായി തന്റെ നിലപാടില്‍ അദ്ദേഹം തിരുത്തലുകള്‍ വരുത്തി. 1930-കളുടെ പകുതിയാവുമ്പോഴേക്കും ജാതി പോവാതെ അയിത്തം പോകില്ലെന്ന നിലപാടിലേക്ക് ഗാന്ധി എത്തിച്ചേരുന്നത് കാണാം. 1936-ല്‍ അദ്ദേഹമെഴുതിയ ഒരു ലേഖനത്തിന്റെ ശീര്‍ഷകംതന്നെ ജാതി പോകണം (ഇമേെല വമ െീേ ഏീ) എന്നായിമാറിയത് വീക്ഷണപരമായ ഈ പരിവര്‍ത്തനത്തിന്റെ പരിസമാപ്തിയെന്ന നിലയിലാണ്.
വൈക്കം സത്യാഗ്രഹം വഴിതുറന്നതും അനന്യസാധാരണവുമായ മേല്‍പ്പറഞ്ഞ ഐക്യത്തിന്, നിര്‍ഭാഗ്യവശാല്‍ പില്ക്കാലത്ത് ബലിഷ്ഠമായ തുടര്‍ച്ചകളുണ്ടായില്ല. ഗുരുവും ഗാന്ധിയും അംബേദ്കറും ചേര്ന്നുനില്ക്കുന്നതും സാമൂഹികവും രാഷ്ട്രീയവും നൈതികവുമായ വിമോചനാദര്‍ശങ്ങള്‍ പരസ്പരപൂരകമായി നിലകൊള്ളുന്നതുമായ ഒരു മഹാപ്രസ്ഥാനത്തിലേക്കുള്ള വഴിയായിരുന്നു അത്. ചരിത്രത്തിന്റെ കലങ്ങിമറിയലുകള്‍ ആ വഴിയെ ഏറെയൊന്നും നിലനിര്‍ത്തിയില്ല. പൂനാ ഉടമ്പടിയെത്തുടര്‍ന്ന് ഗാന്ധിയും അംബേദ്കറും പുറമേക്ക് പരസ്പരവിരുദ്ധമെന്ന് പറയാവുന്ന വഴികളിലേക്ക് നീങ്ങി. ഗുരുവിന്റെ വിമോചനാദര്ശങ്ങളിലെ നൈതികമാനം വിപുലമായ ഒരു രാഷ്ട്രീയപ്രയോഗവും പ്രസ്ഥാനവുമായി പടര്‍ന്നില്ല. സാമൂഹികനീതിയെയും സാമൂഹികസ്വാതന്ത്ര്യത്തെയും മുന്‍നിര്‍ത്തിയ ദളിത് രാഷ്ട്രീയ കാര്യപരിപാടികള്‍ ബ്രിട്ടീഷ് വിരുദ്ധസമരത്തിന്റെ പ്രത്യക്ഷവഴികളിലൂടെ ഏറെയൊന്നും സഞ്ചരിച്ചതുമില്ല. സാമൂഹികവും രാഷ്ട്രീയവും നൈതികവുമായ വിമോചനാദര്ശങ്ങളുടെ വിപുലമായ ഐക്യത്തിന് പകരം അവയോരോന്നും അതതിന്റെ സ്വന്തം വഴികളിലൂടെ സഞ്ചരിക്കുന്ന ഒരു ചരിത്രപഥമാണ് പില്ക്കാലത്ത് തെളിഞ്ഞുവന്നത്. ഈ വിഭജിതാവസ്ഥയ്ക്ക് നാം കൊടുക്കേണ്ടിവന്ന വില വളരെ വലുതായിരുന്നു.
മൂന്ന്
ചരിത്രപരമായ അനന്യതകള്കൊണ്ടെന്നപോലെ, ചരിത്രപരമായ വൈരുധ്യങ്ങളാലും പൂരിതമാണ് വൈക്കം സത്യാഗ്രഹം. പരിമിതമായ ലക്ഷ്യങ്ങള്മാത്രമുണ്ടായിരുന്ന ഒരു സമരം അതിവിപുലമായ സാമൂഹികഫലമുളവാക്കിയതിന്റെ ചരിത്രമാണ് വൈക്കം സത്യാഗ്രഹത്തിനുള്ളത്. ക്ഷേത്രപ്രവേശനമെന്ന ആവശ്യംപോലും ആ സമരത്തിന് പിന്നിലുണ്ടായിരുന്നില്ല. വൈക്കം ക്ഷേത്രത്തിന് ചുറ്റുമുള്ള നടവഴികളിലൂടെ സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം അവര്‍ണര്‍ക്കും വേണമെന്ന, താരതമ്യേന ലഘുവായ ഒരാവശ്യമാണ് അതുന്നയിച്ചത്. പരിമിതമായ ആ ലക്ഷ്യംപോലും പൂര്‍ണമായി സാക്ഷാത്കരിക്കാന്‍ സമരത്തിന് കഴിഞ്ഞതുമില്ല. ക്ഷേത്രത്തിന്റെ കിഴക്കേ നടയിലെ വഴി സവര്ണര്ക്കുമാത്രം സഞ്ചരിക്കാവുന്ന ഒന്നായി സത്യാഗ്രഹത്തിനുശേഷവും അവശേഷിച്ചു. അവര്‍ണരുടെ 'തീണ്ടല്' എന്ന ദുരാചാരം അപ്പോഴും അസ്തമിച്ചില്ലെന്നര്ഥം. എങ്കിലും, പരിമിതമായ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി ആരംഭിക്കുകയും അതിലും പരിമിതമായ ഫലപ്രാപ്തിയോടെ അവസാനിക്കുകയും ചെയ്ത ആ സമരം ദേശീയപ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ യുഗനിര്ണായകസന്ദര്ഭങ്ങളിലൊന്നായിമാറി. അതിനെക്കാള്‍ പല മടങ്ങ് തീവ്രവും വിപ്ലവകരവുമായ മുദ്രാവാക്യങ്ങളുയര്‍ത്തിയ നിരവധി സമരങ്ങളെക്കാള്‍ വലിയ സ്വാധീനമുളവാക്കാന്‍ വൈക്കം സത്യാഗ്രഹത്തിന് കഴിഞ്ഞു. മുദ്രാവാക്യങ്ങളുടെ തീവ്രതയോ അവയുടെ ഫലപ്രാപ്തിയുടെ തോതോ അല്ല ചരിത്രത്തില്‍ ഒരു സമരത്തെ അന്തിമമായി നിര്‍ണയിക്കുന്നതെന്ന പാഠംകൂടി അത് നമ്മെ പഠിപ്പിക്കുന്നു.
വൈക്കം സത്യാഗ്രഹത്തിന് കുറച്ച് മുന്‍പുതന്നെ, ദേശീയപ്രസ്ഥാനത്തിന്റെ പരിഗണനയില്‍ ജാതിവിവേചനങ്ങള്‍ക്കെതിരായ നീക്കങ്ങള്‍ പ്രമേയരൂപത്തിലും മറ്റും ഇടംപിടിച്ചിരുന്നു. ആനിബസന്റിന്റെ നേതൃത്വത്തില്‍ കല്‍ക്കത്തയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് സമ്മേളനം ക്ഷേത്രപ്രവേശനവും അയിത്തോച്ചാടനവും കോണ്‍ഗ്രസിന്റെ പ്രധാന കാര്യപരിപാടികളിലൊന്നായി അംഗീകരിച്ചു. എങ്കിലും അവയെ മുന്‍നിര്‍ത്തിയുള്ള സമരങ്ങളൊന്നും അക്കാലത്ത് വികസിച്ചുവരുകയുണ്ടായില്ല. ജാതിവിരുദ്ധവും സാമൂഹികനീതിയെ മുന്‍നിര്‍ത്തുന്നതുമായ സമരങ്ങള്‍ ഹിന്ദുമതത്തിന്റെ ആഭ്യന്തരകാര്യമാണെന്നും ദേശീയപ്രസ്ഥാനം മുഖ്യമായും രാഷ്ട്രീയസ്വാതന്ത്ര്യമെന്ന ആവശ്യമാണ് ഉയര്‍ത്തേണ്ടതെന്നുമുള്ള കാഴ്ചപ്പാടിനാണ് അപ്പോഴും മേല്‍ക്കൈയുണ്ടായിരുന്നത്. നവോത്ഥാനപരമായ ഇടപെടലുകള്‍ ദേശീയസ്വാതന്ത്ര്യസമരത്തെ ദുര്‍ബലപ്പെടുത്തുകയേയുള്ളൂ എന്നതായിരുന്നു തിലകനുള്‍പ്പെടെയുള്ള വലിയ വിഭാഗം നേതാക്കളും കരുതിയിരുന്നത്. 'ആദ്യം രാഷ്ട്രീയസ്വാതന്ത്ര്യം' എന്ന അവരുടെ നിലപാടനുസരിച്ച്, സാമൂഹികനവീകരണം ദേശീയപ്രസ്ഥാനത്തിന്റെ രണ്ടാമത്തെ പരിഗണനയില്മാത്രമേ വരേണ്ടതുള്ളൂ. സവര്‍ണവും മധ്യ-ഉപരിവര്ഗനിഷ്ഠവുമായ സാംസ്കാരിക-ഭൗതിക അടിത്തറയിലാണ് ദേശീയപ്രസ്ഥാനം അപ്പോഴും നിലയുറപ്പിച്ചിരുന്നത്.
1920-കള്‍ ഈ ചരിത്രഗതിയില്‍ വലിയ പരിവര്‍ത്തനങ്ങള്‍ അരങ്ങേറിയ കാലമായിരുന്നു. പ്രൊഫ. ഇര്ഫാന് ഹബീബ് ചൂണ്ടിക്കാണിച്ചതുപോലെ, അമൂര്‍ത്തമായ രാഷ്ട്രീയ മുദ്രാവാക്യങ്ങള്‍ക്കുപകരം മൂര്‍ത്തമായ ഭൗതികപ്രശ്നങ്ങള്‍ ദേശീയ സ്വാതന്ത്ര്യസമരത്തിന്റെ കേന്ദ്രത്തിലേക്ക് പടിപടിയായി കടന്നുവന്നു. ഒപ്പംതന്നെ ജാതിമര്‍ദനത്തിനും ജാതീയമായ വിവേചനങ്ങള്‍ക്കും എതിരായ സമരങ്ങളും ദേശീയപ്രസ്ഥാനത്തിന്റെ പരിഗണനയില്‍ ഇടം പിടിച്ചു. സ്വാതന്ത്ര്യസങ്കല്പത്തിന് സാമൂഹികവും സാമ്പത്തികവുമായ ഉള്ളടക്കം കൈവന്നുതുടങ്ങി.
ഇക്കാലത്തുതന്നെയാണ് ജാതിവിവേചനത്തിനെതിരായ സമരങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ക്ക് ടി.കെ. മാധവന് തിരുവിതാംകൂറില്‍ നേതൃത്വം നല്‍കിയത്. വൈക്കത്തെ വഴിനടപ്പവകാശപ്രശ്നം പ്രജാസഭയില്‍ ഉന്നയിക്കാന്‍ അദ്ദേഹം പലതവണ ശ്രമിച്ചിരുന്നു. അത്തരം പരിശ്രമങ്ങളെ അത് മതപരമായ പ്രശ്നങ്ങളില്‍ കൈകടത്തലാവും എന്ന ന്യായം പറഞ്ഞ് തടയുകയാണ് ദിവാനും അധികാരികളും ചെയ്തത്. പ്രജാസഭാംഗമായിരുന്നകാലത്ത് കുമാരനാശാന്തന്നെ ഈ പ്രശ്നം സഭയുടെ പരിഗണനയില്‍ കൊണ്ടുവരാന്‍ ശ്രമിച്ചിട്ടുണ്ട്. അപ്പോഴും മതപരമായ പ്രശ്നമെന്നപേരില് അക്കാര്യം പരിഗണിക്കപ്പെടാതെപോയി. അവര്‍ണജനത നേരിടുന്ന പൗരാവകാശപ്രശ്നങ്ങള്‍ ഗവണ്മെന്റ് അറിയുന്നുണ്ടോ എന്ന് 1920 ജൂലായ് 20-ന് പ്രജാസഭയില്‍ ആശാന് ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി 'അത്തരം പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നതായി അറിയില്ലെ'ന്ന മറുപടിയാണ് ഉണ്ടായത്! (ജാതീയമായ ദുരാചാരങ്ങളുടെ പേരില്‍ വിവേകാനന്ദന് ഈ നാടിനെ ഭ്രാന്താലയം എന്ന് വിശേഷിപ്പിച്ചത് ഏറെയൊന്നും മുന്പല്ലായിരുന്നു എന്ന കാര്യംകൂടി ഇതോടൊപ്പം ഓര്‍മിക്കണം). തങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുന്നില്ലെങ്കില്‍ അവര്‍ണര്‍ ഈ നാടുവിട്ടുപോവുകയാണോ വേണ്ടത് എന്ന ടി.കെ. മാധവന്റെ ചോദ്യത്തിന് 'അങ്ങനെയായാലും വിരോധമില്ല' എന്ന മറുപടിയാണ് ദിവാന് രാഘവയ്യ നല്‍കിയത്!
1921 സെപ്റ്റംബര്‍ 24-ന് ടി.കെ. മാധവന് അന്ന് തിരുനെല്വേലിയിലുണ്ടായിരുന്ന ഗാന്ധിയെ ചെന്നുകണ്ടു. വൈക്കത്തെ വഴിനടപ്പവകാശം എന്ന പ്രശ്നം ഗാന്ധി മുന്നോട്ടുവയ്ക്കുന്ന അയിത്തോച്ചാടനത്തിന്റെ സ്വാഭാവികമായ തുടര്‍ച്ചയാണെന്ന് ഗാന്ധിയെ ബോധ്യപ്പെടുത്തുന്നതില്‍ ടി.കെ. മാധവന് വിജയിക്കുകയും ചെയ്തു. ക്ഷേത്രപ്രവേശനം എന്നതില്‍ തീണ്ടലിനെതിരായ സമരം സ്ഥൂലരൂപം കൈക്കൊള്ളുകയാണെന്നും അതിനുപകരം പള്ളിക്കൂടപ്രവേശനം, പൊതുകിണറുകളില്നിന്നുള്ള ജലം ഉപയോഗിക്കല്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം എന്നുമാണ് ഗാന്ധി ആദ്യം ടി.കെ. മാധവനോട് പറഞ്ഞത്. തിരുവിതാംകൂറിലെ ക്ഷേത്രങ്ങള്‍ ഏറിയപങ്കും സര്‍ക്കാര്‍ ഫണ്ടുകൊണ്ട് സംരക്ഷിക്കപ്പെടുന്നവയാണെന്ന വസ്തുതയടക്കം ചൂണ്ടിക്കാട്ടിയാണ് ക്ഷേത്രപ്രവേശനം പൗരാവകാശപ്രശ്നമാണെന്ന വാദത്തെ ടി.കെ. മാധവന് സമര്‍ഥിച്ചത്. ഗാന്ധി അതിനോട് യോജിക്കുകയും ചെയ്തു. കോണ്‍ഗ്രസ് ഈ പ്രശ്നം തങ്ങളുടെ കാര്യപരിപാടിയില്‍ ഉള്‍പ്പെടുത്തണമെന്ന് നിര്‍ദേശിക്കുന്ന ഒരു കത്ത് ടി.കെ. മാധവന് ഗാന്ധി നല്കി (വൈക്കം സത്യാഗ്രഹരേഖകള്‍ പുറം 27-32). ഇതിനുപിന്നാലെ 1923-ലെ കാകിനാഡ കോണ്‍ഗ്രസ് സമ്മേളനത്തില്‍ പ്രതിനിധിയായി സംബന്ധിച്ച ടി.കെ. മാധവന് ഇക്കാര്യം അവിടെ ഉന്നയിക്കുകയും പ്രമേയം പാസാക്കുകയും ചെയ്തു. സമ്മേളനധ്യക്ഷനായിരുന്ന മൗലാന മുഹമ്മദലിയെയും സി.ആര്. ദാസ്, രാജഗോപാലാചാരി തുടങ്ങിയവരെയും നേരില്‍ക്കണ്ട് സംസാരിച്ച് അവരുടെയെല്ലാം പിന്തുണ ഉറപ്പാക്കിയതിനുശേഷമാണ് ടി.കെ. മാധവന് കാകിനാഡ സമ്മേളനത്തില്‍ ഇതുസംബന്ധിച്ച പ്രമേയത്തിന് അംഗീകാരം നേടിയെടുത്തത്. ഇക്കാലത്തെല്ലാം തിരുവിതാംകൂറിലെ പൊതുസമൂഹത്തെ ഈ ആവശ്യത്തിലേക്ക് കൂട്ടിക്കൊണ്ടുവരാനുതകുന്ന നിലയില്‍ ക്ഷേത്രപ്രവേശനത്തെക്കുറിച്ച് അദ്ദേഹം നിരന്തരം പറയുകയും എഴുതുകയും ചെയ്തിരുന്നു. ഇങ്ങനെ സാമൂഹികാവബോധത്തെയും രാഷ്ട്രീയപ്രസ്ഥാനത്തെയും പാകപ്പെടുത്തിയതിനുശേഷമാണ് ടി.കെ. മാധവന് വൈക്കം സത്യാഗ്രഹത്തിന്റെ സമരമുഖം തുറന്നത്.
1922 ജനുവരി 24-ന് കൊച്ചിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് സമിതി കൈക്കൊണ്ട തീരുമാനങ്ങളില്‍ മൂന്നാമത്തെയും അഞ്ചാമത്തെയും തീരുമാനങ്ങള്‍ വൈക്കം സത്യാഗ്രഹചരിത്രത്തില് പ്രാധാന്യമുള്ളവയാണ്. കോണ്‍ഗ്രസിന്റെ ചരിത്രകാരന്‍കൂടിയായ ബാരിസ്റ്റര്‍ എ.കെ. പിള്ള തന്റെ ഗ്രന്ഥത്തില്‍ അക്കാര്യം എടുത്തുപറയുന്നുണ്ട്. കോണ്‍ഗ്രസിന്റെ സമരകാര്യപരിപാടികള് വിശദീകരിക്കാനായി കെ.പി. കേശവമേനോനും എ.കെ. പിള്ളയും കുറൂര്‍ നീലകണ്ഠന് നമ്പൂതിരിപ്പാടും ഹസ്സന്‍കോയ മൊല്ലയും ഉള്‍പ്പെടുന്ന ഒരു സംഘം തിരുവിതാംകൂറില്‍ പര്യടനം നടത്തണം എന്നതായിരുന്നു ആദ്യത്തെത്. അയിത്തോച്ചാടനത്തെ പ്രധാന കാര്യപരിപാടിയായി ഏറ്റെടുത്ത് പ്രചാരണവും സമരവും സംഘടിപ്പിക്കണം എന്നത് മറ്റൊന്നും. ഇതിനായി കെ. കേളപ്പന്, ടി.കെ. മാധവന്, കണ്ണന്തോടത്ത് വേലായുധമേനോന്‍ തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന സമിതിക്ക് രൂപം നല്‍കുകയും ചെയ്തു. 1924 ഫെബ്രുവരി 14-ന് കൊല്ലത്തുചേര്‍ന്ന കോണ്‍ഗ്രസ് അയിത്തോച്ചാടനക്കമ്മിറ്റി 'അയിത്തത്തെ കേരളത്തില്‍നിന്ന് അകറ്റാന്‍ ന്യായവും സമാധാനപരവുമായ എല്ലാ മാര്‍ഗങ്ങളില്‍ക്കൂടിയും പരിശ്രമിക്കാന്‍' തീരുമാനിച്ചു. ആദ്യതീരുമാനം അനുസരിച്ച് താനും കേശവമേനോനും മറ്റും ഉള്‍പ്പെടെയുള്ളവര്‍ തിരുവിതാംകൂറിന്റെ പല ഭാഗങ്ങളും സന്ദര്‍ശിച്ചതായും നഗരങ്ങളിലും ഉള്‍നാടുകളിലുമെല്ലാം അതിന് വലിയ സ്വീകരണം ലഭിച്ചതായും എ.കെ. പിള്ള രേഖപ്പെടുത്തുന്നുണ്ട്.
ഈ പര്യടനത്തിന്റെ ഭാഗമായാണ് 1924 ഫെബ്രുവരി 29-ന് വൈക്കത്തുചേര്ന്ന പുലയമഹാസമ്മേളനത്തില്‍ കെ.പി. കേശവമേനോന് എത്തുന്നത്. വൈക്കം ക്ഷേത്രത്തിനുചുറ്റുമുള്ള നടവഴികളില്‍ സ്ഥാപിച്ച തീണ്ടല്പ്പലകകളെക്കുറിച്ചും അതിലൂടെ വഴിനടക്കാന്‍ അവര്‍ണര്‍ക്ക് അവകാശം നിഷേധിക്കപ്പെട്ടതിനെക്കുറിച്ചും മനസ്സിലാക്കിയ കേശവമേനോന് പിറ്റേന്നുതന്നെ വലിയൊരു ജാഥയായി ചെന്ന് ആ വിലക്ക് ലംഘിക്കുമെന്ന് പ്രഖ്യാപിച്ചു. എന്നാല്‍ വിലക്ക് ഔദ്യോഗികമല്ലെന്നും സവര്‍ണരുമായി സംസാരിച്ച് അതില്‍ നീക്കുപോക്കുണ്ടാക്കാമെന്നുമുള്ള ഒത്തുതീര്പ്പുനിര്ദേശത്തെ തുടര്‍ന്ന് ആ സമരം നീട്ടിവയ്ക്കുകയാണുണ്ടായത്. മാര്‍ച്ച് ഒന്നിന് രാവിലെ ചേര്‍ന്ന യോഗത്തില്‍ 1924 മാര്‍ച്ച് 30-ന് (1109 മീനം 17) സത്യാഗ്രഹസമരം ആരംഭിക്കാനുള്ള തീരുമാനമായി. മാര്‍ച്ച് 19-ന് സത്യാഗ്രഹത്തിന് അനുമതി നല്‍കിക്കൊണ്ട് ഗാന്ധി കെ.പി. കേശവമേനോന് കത്തെഴുതി. ഇവിടെ ഇരുന്നുകൊണ്ട് ഉപദേശം തരുന്നത് എളുപ്പമാണെങ്കിലും സത്യാഗ്രഹസമരം പ്രയാസം നിറഞ്ഞതായിരിക്കുമെന്ന് അന്ധേരിയില്‍നിന്ന് കെ.പി. കേശവമേനോന് അയച്ച കത്തില്‍ ഗാന്ധി പറയുന്നുണ്ട്. മാര്‍ച്ച് അവസാനത്തോടെ കേശവമേനോന് വീണ്ടും വൈക്കത്തെത്തി. അതിനുമുന്‍പ് സവര്ണപ്രമാണിമാരുമായി പലതരം ചര്‍ച്ചകള്‍ നടന്നിരുന്നു. ആ ചര്‍ച്ചകളൊന്നും വിജയം കണ്ടില്ല. അതോടെ മാര്‍ച്ച് മുപ്പതിന് സമരമാരംഭിക്കാന്‍ തീരുമാനമായി.
തിരുവിതാംകൂറിലെ പൊതുവഴികളിലൂടെ അവര്‍ണര്‍ക്ക് സഞ്ചാരസ്വാതന്ത്ര്യം അനുവദിച്ചുകൊണ്ട് 1865-ലും 1884-ലും ഉത്തരവുകള്‍ വന്നിരുന്നുവെങ്കിലും അതിന് ഏതെങ്കിലും വിധത്തിലുള്ള ഫലപ്രാപ്തിയുണ്ടായിരുന്നില്ല. വഴിനടപ്പവകാശ ഉത്തരവുകള്‍ നിലവില്‍ വന്നതിനുശേഷമാണ് വൈക്കത്തെ തീണ്ടല്‍പ്പലകകള്‍ സ്ഥാപിതമായത് എന്നതുതന്നെ ആ ഉത്തരവുകളുടെ നിരര്‍ഥകത വ്യക്തമാക്കുന്നുണ്ട്. വൈക്കം ക്ഷേത്രത്തിനുചുറ്റുമുള്ള നടവഴികളില്‍ അവര്‍ണര്‍ക്ക് സഞ്ചാരവിലക്ക് ഏര്‍പ്പെടുത്തിക്കൊണ്ട് 'ഇവിടം മുതല്‍ ക്ഷേത്രസങ്കേതമാകയാല് ഈഴവര്‍, പുലയര്‍ മുതലായ തീണ്ടല്‍ജാതിക്കാര്‍ പ്രവേശിക്കാന്‍ പാടില്ല' എന്ന് പ്രസ്താവിക്കുന്ന തീണ്ടല് പലകകള്‍ സ്ഥാപിക്കപ്പെട്ടത് 1905-ലാണ്. കോട്ടയം പേഷ്കാറായിരുന്ന കെ.പി. ശങ്കരമേനോനാണ് ഇത് സ്ഥാപിച്ചതെന്ന് ഡോ. എസ്.കെ. വസന്തന് രേഖപ്പെടുത്തുന്നുണ്ട്. ഇതേ ശങ്കരമേനോനാണ് പ്രഖ്യാതമായ മലയാളി മെമ്മോറിയലിലെ ആദ്യപേരുകാരന്! മലയാളിയുടെ പൗരാവകാശത്തിനുവേണ്ടിയുള്ള നിവേദനത്തിന്റെ ആദ്യത്തെ വക്താവുതന്നെ മഹാഭൂരിപക്ഷംവരുന്ന മലയാളികളുടെ പൗരാവകാശനിഷേധത്തിന്റെ പ്രതിനിധിയായി രംഗത്തുവന്നതിന്റെ ചിത്രമാണ് അത് കാഴ്ചവയ്ക്കുന്നത്.
ഒരുമാസത്തോളം നീണ്ട ഒത്തുതീര്‍പ്പുശ്രമങ്ങള്‍ ഫലിക്കാതെവന്ന സാഹചര്യത്തിലാണ് 1924 മാര്‍ച്ച് 30-ന് സമരം തുടങ്ങാന്‍ സത്യാഗ്രഹസമിതി തീരുമാനിച്ചത്. ''കേരളത്തിന്റെ ഐക്യത്തിന്റെയും അഭിമാനത്തിന്റെയും അസ്തിവാരമാണ് വൈക്കത്ത് ഇടുവാന്‍ ആരംഭിക്കുന്നത്'' എന്ന് പ്രസ്താവിച്ചുകൊണ്ട് മാര്‍ച്ച് 23-ന് കെ.പി. കേശവമേനോന് സമരത്തിന് ബഹുജനസഹായം അഭ്യര്‍ഥിച്ചു. മേല്ജാതിഹിന്ദുക്കള്ക്കാണ് ഈ സമരം വിജയിപ്പിക്കാന്‍ കൂടുതല്‍ ഉത്തരവാദിത്വമുള്ളതെന്ന് അദ്ദേഹം ആ പ്രസ്താവനയില്‍ വ്യക്തമാക്കി. മാര്‍ച്ച് 26-ന് കെ.പി. കേശവമേനോന്, കെ. വേലായുധമേനോന്‍, എ.കെ. പിള്ള, ടി.കെ. മാധവന് എന്നിവര്‍ക്കെതിരേ, കോട്ടയം ജില്ലാ മജിസ്ട്രേറ്റ് നിരോധന ഉത്തരവ് പുറപ്പെടുവിച്ചു. വൈക്കത്തും പരിസരങ്ങളിലും നിരോധനാജ്ഞ പ്രഖ്യാപിക്കപ്പെട്ടു. സമരക്കാര്‍ വലിയ ജാഥയായിച്ചെന്ന് തീണ്ടല്‍പ്പലകകള്‍ മറികടന്നുപോവുകയെന്ന ആദ്യത്തെ സമരരീതി അതോടെ മാറ്റി. അതിന് പകരം മൂന്നുപേര്‍ വീതമുള്ള ബാച്ചുകളായി തീണ്ടല്‍പ്പലകകള്‍ മറികടക്കുകയെന്ന സമരരീതി സ്വീകരിച്ചു. ആദ്യദിവസം കുഞ്ഞാപ്പി, ബാഹുലേയന്, ഗോവിന്ദപ്പണിക്കര്‍ എന്നിവരാണ് സമരരംഗത്ത് വന്നത്. അവര്‍ അറസ്റ്റുചെയ്യപ്പെടുകയും ആറുമാസത്തേക്ക് ജയിലിലടയ്ക്കപ്പെടുകയും ചെയ്തു. ഏപ്രില്‍ രണ്ടുമുതല്‍ അഞ്ചുദിവസം ഗാന്ധിയുടെ നിര്‍ദേശം മാനിച്ച് സമരം നടന്നില്ല. ഇതിനിടയില്‍ കെ.പി. കേശവമേനോന്, കെ. കേളപ്പന്, ടി.കെ. മാധവന് തുടങ്ങിയവര്‍ക്കെല്ലാം പൊലീസ് നോട്ടീസ് നല്കി. വൈക്കത്തുകാരല്ലാത്തവര് സ്ഥലംവിട്ടുപോകണമെന്ന ഉത്തരവിറങ്ങി. ഏപ്രില്‍ ഏഴിന് കേശവമേനോനും ടി.കെ. മാധവനും അറസ്റ്റുചെയ്യപ്പെട്ടു. ഒന്‍പതിന് കെ. കേളപ്പന്, കെ. വേലായുധമേനോന്‍, എ.കെ. പിള്ള എന്നിവരും അറസ്റ്റിലായി. കേശവമേനോനും ടി.കെ. മാധവനും എ.കെ. പിള്ളയും കെ. കേളപ്പനും കെ. വേലായുധമേനോനും ഉള്‍പ്പെടെയുള്ളവര്‍ തടവിലടയ്ക്കപ്പെടുകയും ചെയ്തു.
സത്യാഗ്രഹസമരാരംഭത്തെ കേരളത്തിലെ പത്രങ്ങളെല്ലാം ആവേശപൂര്‍വമാണ് സ്വാഗതംചെയ്തത്. മാതൃഭൂമി, മനോരമ, മലയാളി, സ്വരാജ്, സമദര്‍ശി, മിതവാദി, ജനരഞ്ജിനി തുടങ്ങിയ പത്രങ്ങളൊക്കെ സത്യാഗ്രഹത്തെക്കുറിച്ച് മുഖപ്രസംഗങ്ങളെഴുതി. ടി.കെ. മാധവന് പത്രാധിപരായ ദേശാഭിമാനി, സത്യാഗ്രഹസമരത്തിന്റെ മുഖപത്രമെന്ന നിലയിലാണ് പ്രവര്‍ത്തിച്ചത്. സമരത്തില്‍ അഹിംസാമാര്‍ഗം പിന്തുടരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പല പത്രങ്ങളുടെയും മുഖപ്രസംഗങ്ങള്‍ പ്രതിപാദിക്കുന്നുണ്ട്. മറുഭാഗത്ത് പ്രക്ഷുബ്ധമായ ഭാഷ അലയടിക്കുന്ന ചുരുക്കം മുഖപ്രസംഗങ്ങളുമുണ്ടായി. 'തീക്കൊള്ളികൊണ്ട് കളിക്കരുത്' എന്ന താക്കീതിലാണ് മിതവാദിയുടെ മുഖപ്രസംഗം അവസാനിക്കുന്നത്. സമദര്‍ശിയുടെ പത്രാധിപരായ കേസരി ബാലകൃഷ്ണപിള്ള നിയമസഭയുടെ അടുത്ത ബജറ്റ് യോഗത്തില്‍ ദിവാന്റെയും പരിചാരകരുടെയും ചെലവിലേക്കുള്ള പണം വെട്ടിക്കുറയ്ക്കണമെന്ന നിര്‍ദേശം മുന്നോട്ട് വെച്ചു. ''നിയമസഭാംഗങ്ങള്‍ക്ക് ആത്മാഭിമാനത്തിന്റെയും കര്‍ത്തവ്യബോധത്തിന്റെയും കണികയെങ്കിലുമുണ്ടെങ്കില്‍, അവര്‍ ഇപ്രകാരം ചെയ്യാതിരിക്കില്ല'' എന്നും കേസരി അഭിപ്രായപ്പെടുന്നുണ്ട്. കേസരിയുടെ പത്രാധിപത്യത്തിന്റെ വിധ്വംസകതയുടെ അടയാളങ്ങള്‍ തെളിഞ്ഞുകാണാവുന്ന മുഖപ്രസംഗമായിരുന്നു അത്.
സമരത്തിന്റെ ആദ്യദിവസങ്ങളില്‍ ചെയ്തതുപോലെ, സത്യാഗ്രഹികളെ അറസ്റ്റുചെയ്യുന്ന രീതി ഭരണകൂടം ഏറെ നാള് തുടര്‍ന്നില്ല. പകരം സത്യാഗ്രഹികളെ തീണ്ടല്പ്പലകയ്ക്ക് സമീപത്ത് തടയുകയെന്ന രീതി സര്‍ക്കാരും പൊലീസും സ്വീകരിച്ചു. അതോടെ, സമരക്കാരും സത്യാഗ്രഹികളും മുഖാമുഖം നില്ക്കുന്ന സമരമായി അത് മാറി. 1924 ഏപ്രില്‍ 24-ന് കൃഷ്ണന്, പാച്ചന് എന്നിവര്‍ക്കൊപ്പം സമരത്തിനെത്തിയ ടി.വി. ചാത്തുക്കുട്ടിനായരെ പൊലീസ് തടഞ്ഞപ്പോള്‍, അദ്ദേഹം പിന്‍വാങ്ങിയില്ല. 'ഒന്നുകില്‍ അറസ്റ്റ്, അല്ലെങ്കില്‍ മുന്നോട്ട്' എന്ന നിലപാടുമായി ചാത്തുക്കുട്ടിനായരും സുഹൃത്തുക്കളും നിന്നിടത്തുനിന്നു. മൂന്നുദിവസം നീണ്ട ആ സമരത്തിനൊടുവില്‍ ചാത്തുക്കുട്ടിനായര്‍ ബോധരഹിതനായി വീഴുകയായിരുന്നു. തുടര്‍ന്ന്, അദ്ദേഹം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടു. സര്‍ക്കാരിന്റെ ഈ സമീപനത്തെ അതികഠിനമായി വിമര്‍ശിച്ചുകൊണ്ട് കേസരി ബാലകൃഷ്ണപിള്ള 'പൈശാചികം പൈശാചികം!' എന്ന ശീര്‍ഷകത്തില്‍ 1924 ഏപ്രില്‍ 14-ന് സമദര്ശിയിലെഴുതിയ മുഖപ്രസംഗം സമരത്തിന് ഊര്‍ജം പകരുന്നതായിരുന്നു. സര്‍ക്കാര്‍നടപടിയില്‍ പ്രതിഷേധിച്ച് ഏപ്രില്‍ 18-ന് തിരുവിതാംകൂറില്‍ ഹര്‍ത്താല്‍ ആചരിക്കാന്‍ കേസരി ആ മുഖപ്രസംഗത്തില്‍ ആഹ്വാനംനല്കുന്നുണ്ട് (കേരളത്തിലെ ആദ്യ ഹര്ത്താലാഹ്വാനങ്ങളിലൊന്നും അതായിരിക്കണം. തന്റെ സ്വതസ്സിദ്ധമായ രീതിയില്‍ ഹര്‍ത്താലിനെ മൗനദുഃഖദിനമെന്നാണ് കേസരി മുഖപ്രസംഗത്തില്‍ പരിഭാഷപ്പെടുത്തിയിരിക്കുന്നത്!). 1924ലെ മഹാപ്രളയത്തിന്റെ കാലത്തും സമരം തുടര്‍ന്നു. സത്യാഗ്രഹികള്‍ വെള്ളത്തില്‍ നിന്ന് സമരം നടത്തിയപ്പോള്‍, പൊലീസുകാര്‍ തോണിയില്‍ നിന്നുകൊണ്ടാണ് അവരെ തടഞ്ഞത്.
വൈക്കം സത്യാഗ്രഹത്തിന്റെ മൗലികമായ സവിശേഷതകളിലൊന്ന് അതിന് കൈവന്ന അഖിലേന്ത്യാപ്രാധാന്യമാണ്. ഗാന്ധിയും രാമസ്വാമിനായ്ക്കരും രാജാജിയും സി.ആര്. ദാസുംമുതല് വിനോബ ഭാവെയും സ്വാമി ശ്രദ്ധാനന്ദയും ശ്രീനിവാസ അയ്യങ്കാരുംവരെയുള്ളവര് സമരത്തില്‍ പങ്കുചേരാനെത്തി. ഗാന്ധിയുടെയും രാമസ്വാമിനായ്ക്കരുടെയും പങ്കാളിത്തം ഒരു പ്രാദേശികസമരമെന്നതില്നിന്ന് ദേശീയതലത്തിലാകെ ശ്രദ്ധിക്കപ്പെടുന്ന ഒന്നായി വൈക്കം സത്യാഗ്രഹത്തെ മാറ്റിത്തീര്‍ത്തു. 1924 ഏപ്രില്‍ 12-നാണ് ഇ.വി. രാമസ്വാമിനായ്ക്കര്‍, മധുരദാസ് ദ്വാരകദാസ്, നാരായണസ്വാമി എന്നിവര്‍ക്കൊപ്പം സമരഭൂമിയിലെത്തിയത്. പിറ്റേന്ന്, അദ്ദേഹം സത്യാഗ്രഹികളെ അഭിവാദ്യംചെയ്ത് നടത്തിയ പ്രസംഗം സമരത്തെ തീപിടിപ്പിക്കാന്‍ പോന്നതായിരുന്നു. ഹിന്ദുമതത്തിന് പ്രാചീനത കൂടിയാലും ഇന്ന് അതേറ്റവും താണനിലവാരമുള്ള മതമാണെന്ന് പെരിയോര്‍ തന്റെ പ്രസംഗത്തില്‍ പറയുന്നുണ്ട്.
ബ്രാഹ്മണര്‍ ഏത് നീചപ്രവൃത്തി ചെയ്താലും അവരെ ബഹുമാന്യരായി പരിഗണിക്കുന്ന തിരുവിതാംകൂര്‍ ഗവണ്മെന്റിന്റെ നിലപാടിനെ അദ്ദേഹം തന്റെ പ്രസംഗത്തില്‍ കടന്നാക്രമിച്ചു. ജാതിമേധാവിത്വഭാവം ബ്രാഹ്മണരില്‍നിന്ന് ഇതരവിഭാഗങ്ങള്‍ കടംകൊള്ളുന്നതിന്റെ ദൂഷ്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. പുലയരെ താണവരായിക്കാണുന്ന ഈഴവരുടെ കാര്യം അദ്ദേഹം ഉദാഹരിക്കുകയും ചെയ്തു. മൂന്നുമണിക്കൂറോളം നീണ്ട പ്രസംഗമായിരുന്നു രാമസ്വാമിനായ്ക്കരുടെത്. തുടര്‍ന്ന്, അതേ വേദിയില്‍ മന്നത്ത് പത്മനാഭനും പെരുമാള്‍ നായിഡുവും അയ്യാമുത്തു ഗൗണ്ഡരുമടക്കമുള്ളവര് പ്രസംഗിച്ചു. ആര്യസമാജത്തിന്റെ നേതാവായ സ്വാമി ശ്രദ്ധാനന്ദുമുതലുള്ള ദേശീയനേതാക്കളുടെ പങ്കാളിത്തം തുടര്‍ന്നുള്ള പല ഘട്ടങ്ങളിലായുണ്ടായി.
വൈക്കം സത്യാഗ്രഹചരിത്രത്തിലെ ശ്രദ്ധേയമായ സംഭവമായിരുന്നു സവര്‍ണജാഥ. 1924 നവംബര്‍ ഒന്നിന് മന്നത്ത് പദ്മനാഭന്, എ.കെ. പിള്ള, ചങ്ങനാശ്ശേരി പരമേശ്വരന്‍പിള്ള തുടങ്ങിയവരുടെ നേതൃത്വത്തില്‍ വൈക്കത്തുനിന്ന് തിരുവനന്തപുരത്തേക്ക് നീങ്ങിയ ജാഥയാണത്. ഒരുലക്ഷം സവര്‍ണര്‍ ഒപ്പിട്ട നിവേദനം തയ്യാറാക്കി സര്‍ക്കാരിന് സമര്‍പ്പിക്കണമെന്ന് തന്നെവന്നുകണ്ട കുറൂര്‍ നീലകണ്ഠന് നമ്പൂതിരിപ്പാടിനും കെ. മാധവന്‍നായര്‍ക്കും ഗാന്ധി നല്കിയ നിര്‍ദേശമാണ് സവര്ണജാഥയെന്നതിലേക്ക് എത്തിച്ചേര്‍ന്നതെന്ന് സാധു എം.പി. നായര്‍ വൈക്കം സത്യാഗ്രഹചരിത്രത്തില് രേഖപ്പെടുത്തുന്നുണ്ട്. ആദ്യഘട്ടത്തില്‍ ഗാന്ധിയുടെ നിര്‍ദേശത്തിന് കാര്യമായ പ്രതികരണമുണ്ടായില്ലെങ്കിലും 1924 ഒക്ടോബര്‍ 11-ന് വൈക്കത്തുചേര്ന്ന അയിത്തോച്ചാടനക്കമ്മിറ്റി ആ സംരംഭം ഏറ്റെടുക്കാനും ജാഥയായി ചെന്ന് തിരുവിതാംകൂര്‍ ഗവണ്മെന്റിന് നിവേദനം സമര്‍പ്പിക്കാനും തീരുമാനിക്കുകയായിരുന്നു. വൈക്കത്തുനിന്ന് പുറപ്പെടുമ്പോള്‍ ജാഥയില്‍ ഇരുനൂറില്‍ത്താഴെ അംഗങ്ങളാണുണ്ടായിരുന്നത്. ക്രമേണ അതൊരു വന്‍പ്രവാഹമായി പരിണമിച്ചു. ക്ഷേത്രവും വഴികളും അവര്ണവിഭാഗത്തില്പ്പെട്ടവര്ക്കും തുറന്നുകൊടുക്കണമെന്നാവശ്യപ്പെട്ട് 25,000 പേര് ഒപ്പിട്ട നിവേദനം ജാഥയുടെ അവസാനഘട്ടത്തില്‍ റാണിക്ക് സമര്‍പ്പിച്ചു. വൈക്കത്തുനിന്നുള്ള സവര്ണജാഥയ്ക്കു സമാന്തരമായി തെക്കുനിന്ന് ഇ.എം. നായിഡു, എം. ശിവതാണുപിള്ള, എം.പി. നായര്‍ തുടങ്ങിയവര്‍ നയിക്കുന്ന ജാഥയും തിരുവനന്തപുരത്തേക്കു നീങ്ങി. രണ്ടുജാഥകളും ഒരുമിച്ചാണ് തിരുവനന്തപുരത്തെത്തിയത്. തുടര്‍ന്ന് കടല്‍ത്തീരത്ത് ചേര്‍ന്ന മഹായോഗത്തില്‍ അയ്യായിരത്തോളം പേര് പങ്കെടുത്തു. സാമുദായികമായ പരിഗണനകള്‍ക്കപ്പുറം പോകുന്ന രാഷ്ട്രീയസമരങ്ങളും അതിനടിത്തറയൊരുക്കുന്ന ജനകീയമായ മതനിരപേക്ഷഭാവനയും രൂപപ്പെട്ടുവരുന്നതിന്റെ അടയാളംകൂടിയായിരുന്നു അത്. കൊളോണിയല്‍ ആധുനികതയുടെ പരിഷ്കരണപരിപാടികള്ക്കപ്പുറത്ത് നവോത്ഥാന-ദേശീയ ആധുനികതയുടെ സംയോജിതമായ സമരമുഖം തുറന്നുവരുന്നതിനെ വൈക്കം സത്യാഗ്രഹം സാക്ഷ്യപ്പെടുത്തി.
ഗാന്ധിയന്‍ സത്യാഗ്രഹത്തിന്റെ ആദ്യപരീക്ഷണശാലകളിലൊന്നായാണ് വൈക്കം സത്യാഗ്രഹം പരിഗണിക്കപ്പെട്ടത്. സത്യാഗ്രഹം എന്ന സമരതന്ത്രത്തിന്റെ പ്രായോഗികമൂല്യം ഗാന്ധിജിക്കുതന്നെ ബോധ്യപ്പെട്ടത് വൈക്കം സത്യാഗ്രഹം വഴിയാണെന്ന് ഡോ. രാജന് ഗുരുക്കള്‍ രേഖപ്പെടുത്തുന്നു. അഹിംസാത്മകമായിട്ടാണ് 603 ദിവസത്തെ സമരവും നടന്നത്. എങ്കിലും അതിനെതിരേ സവര്ണപ്രമാണിമാരും ജാതിമേധാവികളും കടുത്ത അക്രമങ്ങള്‍ കെട്ടഴിച്ചുവിട്ടു. സവര്ണഗുണ്ടകളുടെ ആക്രമണത്തിനിരയായി ചിറ്റേഴത്ത് ശങ്കുപ്പിള്ള രക്തസാക്ഷിയായി. സമരവൊളന്റിയര്മാരായ പെരുമ്പളം ആമചാടി തേവന്, മൂവാറ്റുപുഴ രാമന് ഇളയത് തുടങ്ങിയവരുടെ കണ്ണില്‍ സവര്‍ണ അക്രമികള്‍ ചുണ്ണാമ്പുതേച്ചു. അവരുടെ കാഴ്ചനഷ്ടപ്പെടുന്നതിലാണ് അതവസാനിച്ചത്. ഇത്തരത്തിലുള്ള കടുത്ത അക്രമങ്ങള്ക്കുനടുവിലും സത്യാഗ്രഹം അഹിംസാത്മകമായി മുന്നേറിയെന്നത് ഗാന്ധിയന്‍ സമരമാര്‍ഗത്തിന്റെ മികവായി പരിഗണിക്കപ്പെടുകയുംചെയ്തു.
ഗാന്ധിയുടെ സമരരീതിയുടെ വിജയം എന്നതോടൊപ്പം അതിലെ വിള്ളലുകള്‍ തെളിഞ്ഞുവന്ന സന്ദര്‍ഭവുമായിരുന്നു വൈക്കം സത്യാഗ്രഹം. സത്യാഗ്രഹത്തെ ഹിന്ദുമതത്തിനകത്തെ പരിഷ്കരണശ്രമം മാത്രമായാണ് ഗാന്ധി കണ്ടത്. ബാരിസ്റ്റര്‍ ജോര്‍ജ് ജോസഫ് അടക്കമുള്ളവര്‍ സമരത്തില്‍ പങ്കാളികളാകുന്നതിനെ ഗാന്ധി എതിര്‍ത്തു. അതുപോലെ കേരളത്തിലെ ഒരു പ്രശ്നത്തില്‍ അകാലികളുംമറ്റും പങ്കുചേരുന്നതിനോടും ഗാന്ധി യോജിച്ചില്ല. ജാതിവിവേചനത്തെയും ജാതിമര്ദനങ്ങളെയും അടിസ്ഥാനപരമായ മനുഷ്യാവകാശപ്രശ്നങ്ങളായി പരിഗണിക്കുന്നതിനുപകരം ഹിന്ദുമതത്തിനകത്തെ ആഭ്യന്തരപ്രശ്നമായി പരിഗണിക്കുകയാണ് ഗാന്ധി ചെയ്തത്. ജാതിപ്രശ്നത്തോടുള്ള ഗാന്ധിയുടെ സമീപനത്തിന്റെ മൗലികമായ പരാധീനതയും അതുതന്നെയായിരുന്നു. വൈക്കം സത്യാഗ്രഹത്തിന്റെ വിവിധ സന്ദര്‍ഭങ്ങളിലെ ബഹുജനമുന്നേറ്റങ്ങള്‍ക്ക് വേഗം കുറയ്ക്കുന്ന നിരവധി ഉപാധികള്‍ ഗാന്ധി നിര്ദേശിക്കുകയുംചെയ്തിട്ടുണ്ട് (അവയില്‍ ചിലതെല്ലാം സമരനേതൃത്വം പിന്‍പറ്റിയതുമില്ല). ജനകീയസമരങ്ങളെ രാഷ്ട്രീയമായി വികസിക്കാനനുവദിക്കാതെ, പരിമിതമായ അതിര്‍ത്തികളില്‍ അവയെ തളച്ചുനിര്‍ത്തുന്ന ഗാന്ധിയുടെ സമീപനത്തിന്റെ ആവിഷ്കാരംകൂടിയായി വൈക്കം സത്യാഗ്രഹത്തെ പലരും വിലയിരുത്തുന്നതിന്റെ അടിസ്ഥാനവും മറ്റൊന്നല്ല.
1926 മാര്‍ച്ച് ഒന്‍പതിന് ഗാന്ധി വൈക്കത്തെത്തി. വൈകുന്നേരം വൈക്കം ബോട്ട് ജെട്ടിയില്‍ ചേര്‍ന്ന വലിയ യോഗത്തെ ഗാന്ധി അഭിസംബോധനചെയ്തു. മാര്‍ച്ച് പത്തിന് ഗാന്ധി ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശമുണ്ടായിരുന്ന ഇണ്ടന്തുരുത്തിമനയിലെത്തി സംഭാഷണം നടത്തി. വൈശ്യനായതുകൊണ്ട് ഗാന്ധിയെ മനയ്ക്കുള്ളില്‍ പ്രവേശിപ്പിച്ചില്ല. മനയുടെ മുറ്റത്ത് പ്രത്യേകം തയ്യാറാക്കിയ സ്ഥലത്തിരുന്നാണ് ഗാന്ധി നമ്പ്യാതിരിയും സംഘവുമായി സംസാരിച്ചത് (ഇതേ ഇണ്ടന്തുരുത്തിമന പില്ക്കാലത്ത് വൈക്കത്തെ ചെത്തുതൊഴിലാളിയൂണിയന്‍ ഓഫീസായി!). സംഭാഷണം എവിടെയുമെത്തിയില്ല. ചില ഒത്തുതീര്‍പ്പുനിര്‍ദേശങ്ങള്‍ അവര്ക്കുമുന്പാകെ വെച്ച് ഗാന്ധി മടങ്ങി. ഗാന്ധിയുടെ ഒത്തുതീര്‍പ്പുനിര്‍ദേശങ്ങള്‍ തീര്‍ത്തും അപര്യാപ്തവും സമരത്തിന്റെ ലക്ഷ്യങ്ങളെത്തന്നെ അട്ടിമറിക്കാന്‍ പോന്നവയുമായിരുന്നു.
ഗാന്ധിയും ഇണ്ടന്തുരുത്തി മനയിലെ സനാതനികളും തമ്മില്‍ നടന്ന ദീര്‍ഘസംഭാഷണം ജാതിയെക്കുറിച്ചുള്ള ഗാന്ധിയുടെ ധാരണകളുടെയും, അയിത്തോച്ചാടനത്തിലൂടെ ജാതി വിവേചനത്തിന്റെയും ജാതി മര്‍ദനത്തിന്റെയും പ്രശ്നങ്ങള്‍ പരിഹരിക്കാമെന്ന അദ്ദേഹത്തിന്റെ കാഴ്ചപ്പാടിന്റെയും പരാധീനതകള്കൂടി വെളിപ്പെടുത്തുന്നതായിരുന്നു. ഹിന്ദുമത ശാസ്ത്രഗ്രന്ഥങ്ങളുടെ പാവനത്വത്തിലും പുനര്‍ജന്മത്തിലും വിശ്വസിക്കുന്നുണ്ട് എന്ന് ഗാന്ധി തുടക്കത്തില്‍ത്തന്നെ സമ്മതിച്ചതിനെ മുന്‍നിര്‍ത്തിയാണ് നമ്പ്യാതിരി തന്റെ വാദങ്ങള്‍ ഉന്നയിച്ചത്. നീതിയുടെ അടിസ്ഥാനമായ യുക്തിചിന്തയെ ആശ്രയിക്കാത്തതിനെക്കുറിച്ച് ഗാന്ധി വിമര്‍ശനപൂര്‍വം നമ്പ്യാതിരിയോട് പറയുന്നുണ്ടെങ്കിലും, അദ്ദേഹത്തിന്റെ ആദ്യസമ്മതം ആ നിലപാട് ശക്തമായി ഉന്നയിക്കുന്നതിനെതിരായും നിലകൊണ്ടു. ആചാരകാര്യങ്ങളില്‍ ശങ്കരാചാര്യരുടെ വഴിയും പ്രമാണവും പിന്‍പറ്റുകയാണ് തങ്ങള്‍ ചെയ്യുന്നതെന്നും അത് സാമാന്യന്മാര്‍ക്ക് മാറ്റാനാവില്ലെന്നും നമ്പ്യാതിരി ഗാന്ധിയോട് പറഞ്ഞു. അപ്പോള്‍ ശങ്കരാചാര്യരുടെ പ്രമാണങ്ങളും രേഖകളും ഗാന്ധി ആവശ്യപ്പെടുകയും ചെയ്തു. ജാതിവിവേചനവും ആചാരക്രമങ്ങളും തമ്മിലുള്ള ഗാഢബന്ധമാണ് സനാതനികള്‍ ഗാന്ധിയുടെ വാദങ്ങളെ പ്രതിരോധിക്കുന്നതിന് ആധാരമാക്കിയത്. അയിത്തക്കാര്‍ എന്ന വിഭാഗത്തെക്കുറിച്ച് ഹിന്ദുശാസ്ത്രങ്ങളില്‍ പറഞ്ഞിട്ടുണ്ടെന്നും മുന്‍ ജന്മ പാപഫലമായാണ് അവര്‍ ചണ്ഡാലരായി പിറക്കുന്നതെന്നുമായിരുന്നു സനാതനികളുടെ പ്രതിനിധിയായ എം.കെ. രാമന്‍പിള്ളയുടെ വാദം. മുന്‍ ജന്മഫലം എന്ന ആശയം ഗാന്ധി ചര്‍ച്ചയില്‍ അംഗീകരിക്കുന്നുണ്ട്. ആചാരങ്ങളെ മതത്തിന്റെ ആധാരമായി പരിഗണിച്ചാല്‍ അയിത്തോച്ചാടനമെന്നല്ല, മതനവീകരണം പോലും അസാധ്യമാണെന്ന വസ്തുതയാണ് ഗാന്ധി അവിടെ എത്തിപ്പെട്ട വൈരുധ്യത്തില്‍ നമുക്ക് കാണാനാവുക. പില്ക്കാലത്ത് തന്റെ നിലപാടുകള്‍ തിരുത്തുന്നതിലേക്കും മതത്തെ ധാര്‍മികതലത്തില്‍ മാത്രം പരിഗണിക്കുന്നതിലേക്കും ഗാന്ധിയെ നയിച്ചതും ഈ വൈരുധ്യത്തെക്കുറിച്ചുള്ള തിരിച്ചറിവാകണം. ആ നിലയില്‍ ജാതിസംബന്ധമായ ഗാന്ധിയുടെ നിലപാടുകളിലെ പരിവര്‍ത്തനത്തിന് പിന്നിലെ പ്രധാന പ്രേരണകളിലൊന്നായി വൈക്കം സത്യാഗ്രഹം പരിണമിക്കുന്നതിന്റെ ചിത്രവും നമുക്ക് കാണാം.
സമരത്തിന്റെയെന്നപോലെ ഒത്തുതീര്‍പ്പിലെയും നേതൃബിംബം ഗാന്ധിതന്നെയായിരുന്നു. തിരുവിതാംകൂറിലെ പോലീസ് കമ്മിഷണറായിരുന്ന പിറ്റുമായി 1925 ഫെബ്രുവരിയില്‍ ഗാന്ധിതന്നെ നടത്തിയ നിരന്തരമായ കത്തിടപാടുകള്‍ വഴിയാണ് സമരം അന്തിമമായ ഒത്തുതീര്‍പ്പിലേക്കെത്തിയത്. അതനുസരിച്ച് അഹിന്ദുക്കള്‍ സഞ്ചരിക്കുന്ന ക്ഷേത്രത്തിന്റെ പടിഞ്ഞാറുഭാഗത്തെ വഴിയിലൂടെ അവര്‍ണര്‍ക്കും സഞ്ചരിക്കാന്‍ അനുവാദം ലഭിച്ചു. കിഴക്കേ നടയിലെ വഴി സവര്‍ണര്‍ക്ക് മാത്രമായി ഒഴിച്ചുനിര്‍ത്തി. തെക്കും വടക്കും നടകളിലെ നിരത്തുകളില്‍ ഗെയ്റ്റുണ്ടാക്കി ആരാധനാവേളയില്‍ സവര്‍ണര്‍ക്ക് മാത്രമായി തുറന്നുകൊടുക്കുന്നതിന് തീരുമാനമായി. അവര്ണര്ക്കെന്നപോലെ ഇതര മതസ്ഥരായ ക്രൈസ്തവര്‍ക്കും മുസ്ലിങ്ങള്‍ക്കും അതിലൂടെ സഞ്ചരിക്കാന്‍ അനുവാദമില്ലെന്നും തീരുമാനിക്കപ്പെട്ടു. കിഴക്കും വടക്കും നടകളെ ബന്ധിപ്പിക്കുന്ന പുതിയ ഒരു വഴി പൊതുജനങ്ങള്‍ക്കായി ഉണ്ടാക്കുകയും ചെയ്തു. ഈ നിലയില്‍ പരിമിതമായ വിജയത്തോടെയാണ് 1925 ഒക്ടോബര്‍ 8-ന് സമരത്തിന് ഒത്തുതീര്‍പ്പായത്. തീരുമാനങ്ങള്‍ നടപ്പിലാകാന്‍ കുറച്ചുകൂടി സമയം വേണ്ടിവന്നു. അവ പൂര്‍ത്തിയായതോടെ, 603 ദിവസങ്ങള്‍ നീണ്ട വൈക്കം സത്യാഗ്രഹം 1925 നവംബര്‍ 23-ന് അവസാനിച്ചു. ഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന ഒത്തുതീര്‍പ്പ് ശ്രമങ്ങളില്‍ ടി.കെ. മാധവനെയും രാമസ്വാമി നായ്ക്കരെയും പങ്കെടുപ്പിച്ചില്ല എന്ന വിമര്‍ശനം ഉന്നയിക്കപ്പെട്ടിട്ടുണ്ട്. ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ ഭാഗികവും അപൂര്ണവുമായിത്തീര്ന്നതിന്റെ കാരണമായും അത് ചൂണ്ടിക്കാണിക്കപ്പെട്ടു.
ഇത്രയെല്ലാം പരിമിതികള്‍ക്ക് ശേഷവും വൈക്കം സത്യാഗ്രഹം ഭാവികാലത്തിന് വലിയ പാഠങ്ങള്‍ ബാക്കിവെച്ചാണ് അവസാനിച്ചത്. സമരവേളയില്‍ രൂപപ്പെട്ട മതനിരപേക്ഷവും ജനകീയവുമായ ഐക്യമാണ് അതിലൊന്ന്. വ്യത്യസ്ത മത-ജാതി വിഭാഗങ്ങളില്‍പ്പെട്ടവര്‍ ഒരുമിച്ചുനിന്ന്, ജാതിവിരുദ്ധമായ ഒരു സമരത്തെ അത്യന്തം വിപുലമായ ജനകീയ-രാഷ്ട്രീയ സമരമായി വികസിപ്പിക്കുന്നതിന്റെ മാതൃകയായിരുന്നു വൈക്കം സത്യാഗ്രഹം.
മത വര്‍ഗീയതയുടെയും ഫാസിസ്റ്റ് ദുരധികാരത്തിന്റെയും ഇരുട്ട് ചുറ്റും പടരുന്ന കാലത്ത് വൈക്കം സത്യാഗ്രഹം നമുക്ക് നല്കുന്ന സന്ദേശമെന്താണ്? ഒന്നാമതായി മതപരവും ജാതീയവുമായ വിഭജനയുക്തികള്ക്കെതിരേ വിഭാഗീയതകളില്ലാതെ ഒരുമിച്ച് നില്‍ക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അത് നമ്മോട് പറയുന്നു (ക്ഷേത്രപ്രവേശനം അനുവദിച്ചാല്‍ തങ്ങള്‍ ക്ഷേത്രം ഉപേക്ഷിക്കുമെന്ന് സനാതനികള്‍ ഗാന്ധിയോട് പറഞ്ഞ് ഒരു വ്യാഴവട്ടം പിന്നിടുമ്പോഴേക്കും ക്ഷേത്രപ്രവേശന വിളംബരം വന്നു. എങ്കിലും ഒരു സനാതനിയും ക്ഷേത്രം ഉപേക്ഷിച്ചില്ല!). സ്വാതന്ത്ര്യത്തിന്റെ രാഷ്ട്രീയവും സാമൂഹികവുമായ തലങ്ങളെ ഒരുമിച്ചുനിര്ത്തേണ്ടതിന്റെ അനിവാര്യതയെക്കുറിച്ചും വൈക്കം സത്യാഗ്രഹം നമ്മെ ഓര്‍മിപ്പിക്കുന്നു. സാമൂഹിക സ്വാതന്ത്ര്യം/രാഷ്ട്രീയ സ്വാതന്ത്ര്യം, ആത്മീയമോക്ഷം/ലൗകിക മോക്ഷം തുടങ്ങിയ വിപരീത ദ്വന്ദ്വങ്ങളെ മറികടന്നുപോകുന്ന സമഗ്രവും നൈതികവുമായ വിമോചനാദര്ശത്തിന്റെ വെളിച്ചമാണ് അതവശേഷിപ്പിച്ചത്.
ബ്രാഹ്മണ്യത്തിന്റെയും മധ്യകാല രാജവാഴ്ചയുടെയും അവശിഷ്ടാധികാരങ്ങളുടെ വിഴുപ്പുമാത്രമായ ഒരു ചെങ്കോല്‍ പാര്‍ലമെന്റില്‍ പ്രതിഷ്ഠിക്കപ്പെട്ട വര്ത്തമാനകാലത്തിലൂടെയാണ് നാം കടന്നുപോകുന്നത്. ജനാധിപത്യത്തിന്റെയും ആധുനികമൂല്യങ്ങളുടെയും അവസാനത്തെ തുരുത്തും കടലെടുത്തുപോകും എന്നത് ഒരു ആസന്നഭീഷണിയായി ഈ രാജ്യത്തെ വലയംചെയ്യുന്ന കാലം. അത്തരമൊരു കാലത്ത് വൈക്കം സത്യാഗ്രഹസ്മരണയ്ക്ക് നമ്മോട് പറയാനുള്ളതെന്താണ്? മറ്റൊരു പ്രകരണത്തില്‍ അംബേദ്കര്‍ പറഞ്ഞ വാക്കുകളില്‍ ഇതിനുള്ള ഉത്തരമുണ്ടെന്ന് തോന്നുന്നു. വിഭജനത്തിന്റെയും വര്ഗീയഭ്രാന്തിന്റെയും വിഷപ്പുക രാജ്യമെമ്പാടും പടര്‍ന്ന സന്ദര്‍ഭത്തില്‍ നെഹ്റു അവതരിപ്പിച്ച ഭരണഘടനയുടെ ലക്ഷ്യപ്രമേയം ) അംഗീകരിക്കുന്നതിനെതിരേ ഹിന്ദുമഹാസഭയുടെ പ്രതിനിധിയായ എം.ആര്. ജയകര്‍ അവതരിപ്പിച്ച വാദങ്ങളെ ഖണ്ഡിച്ചുകൊണ്ട് 1946 ഡിസംബര്‍ 17-ന് ഭരണഘടനാ അസംബ്ലിയില്‍ നടത്തിയ പ്രസംഗത്തില്‍ ഡോ. ബി.ആര്. അംബേദ്കര്‍ ഇങ്ങനെ പറഞ്ഞു:
''നമ്മള് ഇന്ന് രാഷ്ട്രീയമായും സാമൂഹികമായും സാമ്പത്തികമായും വിഭജിക്കപ്പെട്ടവരാണെന്ന് എനിക്കറിയാം. നമ്മള് തമ്മില്‍ത്തമ്മില്‍ പോരടിക്കുന്ന വിഭാഗങ്ങളാണ്. അതിലൊരു വിഭാഗത്തിന്റെ നേതാക്കളിലൊരാള്‍ ഞാനായിരിക്കാം എന്ന് സമ്മതിക്കാനും ഞാന്‍ തയ്യാറാണ്. പക്ഷേ..., അതെല്ലാം നിലനില്‍ക്കെത്തന്നെ, ഇന്നത്തെ സമയത്തിലും സാഹചര്യത്തിലും ഈ രാജ്യം ഒന്നാകുന്നതിനെ തടയാന്‍ ലോകത്തൊന്നിനും കഴിയില്ലെന്ന കാര്യത്തില്‍ എനിക്ക് തികഞ്ഞ ബോധ്യമുണ്ട്. അന്തിമലക്ഷ്യം പരിഗണിച്ചാല്‍ നമുക്ക് യാതൊരു ഭയാശങ്കകളും ഉണ്ടാവേണ്ട കാര്യമില്ല എന്ന് ഞാന്‍ കരുതുന്നു. നമുക്ക് ഒരു സംശയവും ഉണ്ടാവേണ്ട കാര്യമില്ല. നമ്മുടെ വൈഷമ്യം അന്തിമമായ ഭാവിയെ ചൊല്ലിയല്ല. നമ്മുടെ വൈഷമ്യം ഇന്നത്തെ ബഹുജാതീയമായ ജനസമൂഹം എങ്ങനെ പൊതുവായ ഒരു തീരുമാനം കൈക്കൊള്ളുമെന്നും ഐക്യത്തിലേക്ക് നയിക്കുന്ന പാതയിലൂടെ എങ്ങനെ സഞ്ചരിക്കും എന്നുമുള്ളതാണ്.'' വൈക്കം സത്യാഗ്രഹം ആ വൈഷമ്യത്തിനുള്ള പരിഹാരംകൂടിയായിരുന്നു. ചരിത്രത്തിന്റെ ഇരുട്ടിലാണ്ടുപോയ ഒരു പരിഹാരം അതിലുണ്ട്. അതിന്റെ വീണ്ടെടുപ്പിനുള്ള സന്ദര്‍ഭംകൂടിയായി വൈക്കം സത്യാഗ്രഹസ്മരണയെ നാം ഉപയോഗപ്പെടുത്തണം. 'ആപത്തിന്റെ നിമിഷങ്ങളില്‍ മനസ്സിലൂടെ മിന്നിമായുന്ന ഓര്‍മകളെ കൈയെത്തിപ്പിടിക്കലാണ് ചരിത്രം' എന്നത് ഒരലങ്കാരവാക്യമല്ല.
ജൂൺ 18 ലക്കം മാതൃഭൂമി ആഴ്ച്ചപതിപ്പിൽ പ്രസിദ്ധീകരിച്ചത്
Content Highlights: vaikom sathyagraham detailed study
Published: 28 Jun 2023, 08:52 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented